1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2015

സ്വന്തം ലേഖകന്‍: ഗള്‍ഫ് രാജ്യങ്ങളെ ആരും ആക്രമിക്കാതെ കാത്തോളാമെന്ന് ജിസിസി ഉച്ചകോടിയില്‍ അമേരിക്ക ഉറപ്പു നല്‍കി. അമേരിക്കയുടെ നേതൃത്വത്തിലുള്ള ആണവ ശക്തികള്‍ ഇറാനുമായി ആണവ കരാര്‍ ഒപ്പിടാനൊരുങ്ങുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ ഉറപ്പ്. നേരത്തെ ആണവക്കരാറിന്റെ പേരിലുള്ള തങ്ങളുടെ ആശങ്ക ജിസിസി രാജ്യങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയെ അറിയിച്ചിരുന്നു.

ക്യാമ്പ് ഡേവിഡില്‍ വച്ചു നടക്കുന്ന ജിസിസി ഉച്ചകോടിയിലാണ് അമേരിക്കയും 6 രാഷ്ട്രങ്ങളടങ്ങുന്ന ജിസിസി കൗണ്‍സിലും സുരക്ഷാ കാര്യത്തില്‍ ധാരണയായത്. മേഖലയിലെ സ്ഥിരത തകര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും സംയുക്തമായി നേരിടുമെന്നാണ് ഇരു കക്ഷികളും ചേര്‍ന്നു നടത്തിയ പരസ്യ പ്രസ്താവനയുടെ രത്‌നച്ചുരുക്കം.

ജിസിസി രാജ്യങ്ങള്‍ക്കു മേല്‍ പുറത്തു നിന്നുണ്ടാകുന്ന ഏതൊരു ആക്രമണത്തേയും അമേരിക്ക പ്രതിരോധിക്കുമെന്ന് പ്രസിഡന്റ് ഒബാമ വ്യക്തമാക്കി. ഒപ്പം അമേരിക്കയും ജിസിസിയും തമ്മില്‍ നിലവിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കാനുള്ള നടകളുമായി മുന്നോട്ടു പോകുകയും ചെയ്യും.

ഇറാനും ആണവ ശക്തികളുമായുള്ള ആണവ കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ മേഖല സംഘര്‍ഷ പൂരിതമാകുമെന്ന് ആശങ്ക ജിസിസി രാജ്യങ്ങള്‍ക്കുണ്ട്. ഇറാനുമേലുള്ള നിയന്ത്രണങ്ങളില്‍ അയവു വരുന്നതോടെ ആ രാജ്യം ആണവായുധം വികസിപ്പിക്കാനുള്ള സാധ്യതയാണ് ജിസിസി ചൂണ്ടിക്കാണിക്കുന്നത്.

യെമനിലെ ഹൗതികളെ ഇറാന്‍ ആയുധവും പണവും നല്‍കി സഹായിക്കുന്നതും ജിസിസി രാജ്യങ്ങളെ പ്രകോപിപ്പിക്കുന്നു. ഇറാനുമായുള്ള ആണവ ശക്തികളുടെ കരാര്‍ സൂക്ഷമമായി നിരീക്ഷിച്ചു വരികയാണെന്ന് സൗദി വിദേശകാര്യ മന്ത്രി അറിയിച്ചു. കരാര്‍ നടപ്പിലാക്കുക്കതിന്റെ രീതിയനുസരിച്ച് തുടര്‍ നടപടികള്‍ തീരുമാനിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.