1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2019

സ്വന്തം ലേഖകന്‍: ഫ്‌ലെക്‌സ് ബോര്‍ഡ് പൊട്ടി വീണു യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. റോഡുകളില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. അതിനിടെ, ബാനറുകളും ഫ്‌ലക്‌സ് ബോര്‍ഡുകളും സ്ഥാപിക്കുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് പറഞ്ഞ് ചില രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും രംഗത്തുവന്നിട്ടുണ്ട്. ബാനറുകള്‍ സ്ഥാപിക്കുന്നതിനെ താനൊരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്ന് എഐഎഡിഎംകെ വക്താവ് കോവൈ സത്യന്‍ ട്വീറ്റ് ചെയ്തു. ധര്‍മപുരിയില്‍ നിന്നുളള ഡിഎംകെ എംപി ഡോ.സെന്തില്‍കുമാറും ഹോര്‍ഡിങ്ങുകള്‍ക്ക് താനെതിരാണെന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഇന്നലെയാണ് ചെന്നൈയില്‍ 23 കാരിയായ യുവതി അതിദാരുണമായി മരിച്ചത്. സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന യുവതിക്കുമേല്‍ ഫ്‌ലക്‌സ് ബോര്‍ഡ് പൊട്ടി വീഴുകയായിരുന്നു. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ പിന്നാലെ എത്തിയ വാട്ടര്‍ ലോറിക്കടിയിലേക്ക് വീണു. അപകടത്തില്‍പ്പെട്ട ക്രോംപെട്ട് നെമിലിച്ചേരി സ്വദേശിനി ആര്‍.ശുഭശ്രീ (23) യെ ഉടന്‍ തന്നെ അടുത്തുളള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അണ്ണാഡിഎംകെ നേതാവിന്റെ മകന്റെ വിവാഹപ്പരസ്യം പതിച്ച ബോര്‍ഡാണു യുവതിക്കുമേല്‍ പതിച്ചത്. പള്ളിക്കരണിയില്‍ അനുമതിയില്ലാതെയാണ് ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. ഇത്തരത്തില്‍ 50 ലധികം ഹോര്‍ഡിങ്ങുകള്‍ റോഡിലെ ഡിവൈഡറുകളില്‍ അണ്ണാഡിഎംകെ പ്രവര്‍ത്തകര്‍ അനധികൃതമായി സ്ഥാപിച്ചതായി പ്രദേശവാസികള്‍ പരാതിപ്പെട്ടു. ഇവ നീക്കം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

തമിഴ്‌നാട്ടില്‍ പൊതു സ്ഥലത്തു ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതു മദ്രാസ് ഹൈക്കോടതി വിലക്കിയിട്ടുണ്ട്. എന്നാല്‍ കോടതി വിലക്ക് മറികടന്ന് തമിഴ്‌നാടിന്റെ പല ഭാഗത്തും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ നാമക്കല്‍ ജില്ലയിലെ സ്വകാര്യ ആശുപത്രിക്കു സമീപം അനധികൃതമായി സ്ഥാപിച്ച ഫ്‌ലക്‌സ് ബോര്‍ഡ് പൊട്ടി വീണ് രണ്ടുപേര്‍ മരിച്ചിരുന്നു. 2017 ല്‍ കോയമ്പത്തൂരില്‍ എംജിആര്‍ ജന്മ ശതാബ്ദി ആഘോഷം പ്രമാണിച്ച് അണ്ണാഡിഎംകെ റോഡിനു കുറുകെ കെട്ടി ഉയര്‍ത്തിയ അനധികൃത കമാനത്തില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചത് വിവാദമായിരുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.