1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2012

കാരൂര്‍ സോമന്‍

പുതിയ വേഗം പുതിയ ഉയരം എന്നതാണ് ഓരോ ഒളിംപിക്സിന്‍െറയും മുദ്രാവാക്യം. അതേ ലക്ഷ്യത്തിലേക്ക് ഇതാ ഒളിംപിക്സിനു വേദിയാവുന്ന ലണ്ടനും കുതിക്കുന്നു. പുതിയ ലണ്ടന്‍. കണ്ടാലും കണ്ടാലും മതിവരാത്ത വര്‍ണങ്ങളില്‍, ഭാവങ്ങളില്‍, പുതിയ രൂപത്തില്‍ ഇതാ ന്യൂ ലണ്ടന്‍ മിഴിതുറന്നിരിക്കുന്നു. ഒളിംപിക്്സിന്‍െറ ഒലിവ് ഇലകളെ സാക്ഷ്യപ്പെടുത്തുന്ന വിധത്തില്‍ മുഖ്യവേദിയായി സ്റ്റാര്‍ട്ട്ഫോര്‍ഡ് നഗരം രൂപം മാറിയിരിക്കുന്നു. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 12 വരെ ലോകമെമ്പാടുമുള്ള കോടിക്കണക്കിനു മിഴികളെ സ്വാഗതം ചെയ്തുകൊണ്ട് 2012ലെ ഒളിംപിക്സ് ഇവിടെ അരങ്ങേറും.

ലോക കായിക മാമാങ്കത്തിന്‍െറ സകല പ്രൌഢിയും ഒത്തൊരുമിപ്പിച്ചു കൊണ്ടാണ് മുഖ്യ സ്റ്റേഡിയമായ സ്റ്റാര്‍ട്ട്ഫോര്‍ഡ് പുനര്‍നിര്‍മ്മിച്ചിരിക്കുന്നത്. ഓരോ കാണിയെയും അത്ഭുതത്തിന്‍െറ പരമകോടിയിലെത്തിക്കുന്ന വിധത്തിലാണ് കെട്ടിടനിര്‍മ്മാണ വിരുത്. വെളിച്ചത്തിന്‍െറയും നിഴലുകളുടെയും ത്രിമാന ഭാവത്തില്‍ താന്‍ നില്‍ക്കുന്നത് ഏതോ മായിക ലോകത്താണെന്ന് കാഴ്ചക്കാരന് തോന്നിപ്പോകും. പാരാലിപിംക്സില്‍ ആര്‍ച്ചറി വിഭാഗം ജേതാവ് ഡാനിയേല്‍ ബ്രൌണ്‍ ഒളിംപിംക്സിന്‍െറ ഈ മുഖ്യവേദി തുറന്നു നല്‍കിയപ്പോള്‍ ഒരു നോക്കു കാണാന്‍ തടിച്ചു കൂടിയത് നാല്‍പ്പതിനായിരത്തോളം കാണികളാണ്.

അഞ്ച് ഒളിംപിക്സ് സര്‍ണമെഡല്‍ നേടിയ തുഴച്ചില്‍ താരം സ്റ്റീവ് റെഡ്ഗ്രോവ്, ലോക നീന്തല്‍താരം മാര്‍ക്ക് ഫോസ്റ്റര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള താരപ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സ്റ്റാര്‍ട്ട്ഫോര്‍ഡ് സ്റ്റേഡിയത്തിന്‍െറ ഗൃഹപ്രവേശം. ആധുനിക കെട്ടിട നിര്‍മ്മാണ വൈദഗ്ധ്യം നിറഞ്ഞു തുളുമ്പിയ സ്റ്റേഡിയത്തിനു വേണ്ടി ലണ്ടന്‍ ചെലവഴിച്ചത് 807 മില്യണ്‍ പൌണ്ടാണ്.

എണ്‍പതിനായിരത്തോളം പേര്‍ക്ക് സുഖമായിരുന്ന് മത്സരങ്ങള്‍ വീക്ഷിക്കാവുന്ന വിധത്തിലാണ് ഇതിന്‍െറ ഗ്യാലറി. ഇതില്‍ ഇരുപതിനായിരത്തോളം സീറ്റുകള്‍ ഒളിംപിക്സിനു വേണ്ടി മാത്രം സെറ്റ് ചെയ്തതാണ്. ഒളിംപിക്സിനു തിരശീല വീഴുന്നതോടെ അത് ഒഴിവാക്കും. സ്റ്റേഡിയത്തില്‍ എവിടെയിരുന്നാലും ഉള്ളിലെ ദൃശ്യങ്ങള്‍ കാണാനാവുന്ന വിധത്തില്‍ എല്‍സിഡി സ്ക്രീനുകള്‍. ഇതിനു പുറമേ ഓരോ ചെരിവിലും പടുകൂറ്റന്‍ ടിവി സ്ക്രീനുകള്‍. ആഡംബരപൂര്‍ണമായ സീറ്റുകള്‍, ലോകത്തിലെ എല്ലാ സൌകര്യങ്ങളും ഒത്തിണങ്ങിയ മീഡിയ റൂമുകള്‍, അത്ലറ്റുകള്‍ക്കുള്ള സൌകര്യങ്ങള്‍ എന്നിവ കണക്കിലെടുത്താല്‍ ബ്രിട്ടനിലെ ഏറ്റവും ആധുനിക സ്റ്റേഡിയമായി സ്റ്റാര്‍ട്ട്ഫോര്‍ഡ് ഒളിംപിക് സ്റ്റേഡിയം മാറിക്കഴിഞ്ഞു.

2008 മെയ് 24 നാണ് സ്റ്റേഡിയത്തിന്‍െറ നിര്‍മ്മാണം ആരംഭിക്കുന്നത്. കൃത്യം നാലു വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കി. സ്റ്റേഡിയത്തിനു വേണ്ടി ദിനംപ്രതി മൂവായിരത്തോളം പേര്‍ അധ്വാനിച്ചു. ഇന്ത്യയില്‍ നിന്നുള്‍പ്പെടെ പല രാജ്യങ്ങളില്‍ നിന്നുമായാണ് സ്റ്റീലും ഇരുമ്പും ശേഖരിച്ചത്. ചൂടും ലേസര്‍ രശ്മികള്‍ ഉതിര്‍ക്കുന്ന റേഡിയേഷനുകളും ഒഴിവാക്കാനായി സിമന്റിന്‍െറയും കോണ്‍ക്രീറ്റിന്‍െറ പങ്ക് വളരെയധികം കുറച്ചു. പരിസ്ഥിതിക്ക് അനുയോജ്യമായി വിധത്തില്‍ സ്റ്റേഡിയം നിര്‍മ്മാണം മുന്നോട്ടു കൊണ്ടു പോകണമെന്നത് ഒളിംപിക് കമ്മിറ്റിയുടെ നിര്‍ബന്ധമായിരുന്നു.

2017-ല്‍ നടക്കുന്ന ലോക അത്ല്റ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള വേദിയായും ഈ സ്റ്റേഡിയം മാറുമ്പോള്‍ അത് ലണ്ടന് എക്കാലത്തും അഭിമാനിക്കാവുന്ന ഒന്നാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.