1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2019

സ്വന്തം ലേഖകൻ: ഒമാനില്‍ കഴിഞ്ഞ ദിവസം കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ കുടുങ്ങി മുങ്ങിമരിച്ച ആറ് തൊഴിലാളികളും ഇന്ത്യക്കാരാണെന്ന് സൂചന. ലഭ്യമാവുന്ന പ്രാഥമിക വിവരമനുസരിച്ച് മരിച്ചവരെല്ലാം ഇന്ത്യക്കാരാണെന്നാണ് കരുതുന്നതെന്നും വിശദപരിശോധനകള്‍ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്നും ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി മുന്നു മഹാവീര്‍ അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

മസ്കത്ത് അന്തരാഷ്ട്ര വിമാനത്തവാളത്തിന് സമീപം നടന്നുവരുന്ന ഒരു ജലവിതരണ പദ്ധതി സ്ഥലത്താണ് ദാരുണമായ അപകടം സംഭവിച്ചത്. കനത്ത മഴയെ തുടര്‍ന്ന് വെള്ളം നിറഞ്ഞ കോണ്‍ക്രീറ്റ് പൈപ്പില്‍ കുടുങ്ങിയ തൊഴിലാളികള്‍ മുങ്ങിമരിക്കുകയായിരുന്നു. മരിച്ചവരെല്ലാം ഇന്ത്യക്കാരാണെന്നാണ് പ്രാഥമിക വിവരം. ഇക്കാര്യം ഒമാനിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തിട്ടുണ്ട്.

മരിച്ചവരുടെ തിരിച്ചറിയല്‍ രേഖകളും വിരലടയാളം ഉള്‍പ്പെടെ ഉള്ളവയും പരിശോധിച്ച ശേഷമേ ഇക്കാര്യത്തില്‍ അന്തിമ സ്ഥിരീകരണം നടത്താനാവൂ എന്ന് ഇന്ത്യന്‍ സ്ഥാനപതി മുന്നു മഹാവീര്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള എല്ലാ കാര്യങ്ങള്‍ക്കും എംബസി മുന്‍കൈയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആറു തൊഴിലാളികളെ കാണാതായെന്ന് ഞായറാഴ്ച രാത്രിയോടെ തന്നെ അധികൃതർക്ക് വിവരം ലഭിച്ചിരുന്നു. ഉടൻ തന്നെ വിപുലമായ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നുവെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല. കനത്ത മഴയിൽ ഇവർ ജോലി ചെയ്തിരുന്ന പൈപ്പിൽ വെള്ളം ഇരച്ചുകയറിയാണ് അപകടം സംഭവിച്ചത്. 295 മീറ്റര്‍ നീളമുള്ള പൈപ്പില്‍ നിന്ന് വലിയ പമ്പ് സൈറ്റുകള്‍ ഉപയോഗിച്ച് വെള്ളം പുറത്തുകളഞ്ഞ ശേഷമായിരുന്നു ഞായറാഴ്ച ഉച്ചയോടെ ആറു പേരുടെയും മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ തൊഴിലാളികളെ ജോലി ചെയ്യിപ്പിച്ചതാണ് അപകട കാരണമായതെന്നും അപകടത്തിന്റെ ഉത്തരവാദിത്തം കമ്പനിക്കാണെന്നും ഒമാനിലെ തൊഴിലാളി സംഘടനകൾ ആരോപിച്ചു. സംഭവത്തില്‍ അധികൃതര്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും ജനറല്‍ ഫെഡറേഷന്‍ ഓഫ് ഒമാന്‍ ട്രേഡ് യൂണിയന്‍സ് ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.