1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2015

സ്വാന്‍സി: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമായ ഓണം ആഘോഷിക്കാന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ ഒരുങ്ങിക്കഴിഞ്ഞു. കേരളീയരേക്കാള്‍ ഉത്സാഹപൂര്‍വ്വം ഓണം ആഘോഷിക്കുന്ന പ്രവാസി മലയാളികള്‍ക്കൊപ്പം ചേരാന്‍ സ്വാന്‍സിയിലെ മലയാളികളും ഒരുക്കങ്ങള്‍ ആരംഭിച്ചു. സ്വാന്‍സി മലയാളി അസോസിയേഷന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്തംബര്‍ അഞ്ചിന് പോണ്ടിലിവ് വില്ലേജ് ഹാളില്‍ വച്ച് നടക്കും.

പതിവ് പോലെ പൂക്കള മത്സരത്തോടെയായിരിക്കും ഇത്തവണയും ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുക. കാലത്ത് 09.30 ന് പൂക്കള മത്സരം ആരംഭിക്കും. മത്സര വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും ഉണ്ടായിരിക്കുന്നതാണ്. പൂക്കള മത്സരത്തെ തുടര്‍ന്ന്‍ സ്വാന്‍സിയിലെ മലയാളികളെ സന്ദര്‍ശിക്കാന്‍ എത്തുന്ന മാവേലി മന്നനെയും വിശിഷ്ടാതിഥികളെയും ചെണ്ട മേളത്തിന്‍റെയും താലപ്പൊലികളുടെയും അകമ്പടിയോടെ സ്വീകരിച്ചാനയിക്കും.

കൃത്യം 10.30 ന് ഈശ്വര പ്രാര്‍ത്ഥനയോടെ ഓണഘോഷത്തോടനുബന്ധിച്ചുള്ള കലാപരിപാടികള്‍ക്ക് തുടക്കമാകും. സ്വാന്‍സി മലയാളി അസോസിയേഷനില്‍ നിന്നുള്ള കലാകാരന്‍മാരും കലാകാരികളും അണി നിരക്കുന്ന വൈവിദ്ധ്യമാര്‍ന്ന പ്രോഗ്രാമുകളാണ് ഇത്തവണ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. നൃത്ത നൃത്ത്യങ്ങള്‍, തിരുവാതിര, കോമഡി സ്കിറ്റ് തുടങ്ങി നിരവധി ഇനങ്ങള്‍ ആണ് കാണികള്‍ക്ക് ആസ്വദിക്കാനായി അസോസിയേഷന്‍ അംഗങ്ങള്‍ ഒരുക്കുന്നത്. കലാപരിപാടികള്‍ക്ക് ശേഷം നടക്കുന്ന പൊതുയോഗത്തില്‍ വച്ച് അസോസിയേഷന്‍ നടത്തിയ സ്പോര്‍ട്സ് ഡേയിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതായിരിക്കും.

ഓണഘോഷങ്ങളുടെ ആസ്വാദ്യത വര്‍ദ്ധിപ്പിക്കാനായി വിഭവ സമൃദ്ധമായ ഓണസദ്യയും വൈകുന്നേരം ചായയും നാടന്‍ പലഹാരങ്ങളും ഉണ്ടായിരിക്കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

ലിന്‍സി മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള വടംവലി മത്സരം ആയിരിക്കും മറ്റൊരു പ്രധാന ആകര്‍ഷണം. സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന ഓണാഘോഷ പരിപാടിയിലേക്ക് സ്വാന്‍സിയിലെ മുഴുവന്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്‍ പ്രസിഡന്റ് ജിജി ജോര്‍ജ്ജ്, സെക്രട്ടറി ജിനോ ഫിലിപ്പ് എന്നിവര്‍ അറിയിച്ചു .

– ടോമി ജോര്‍ജ്ജ്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.