1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2019

സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനില്‍ വോട്ടുചെയ്ത കുറ്റത്തിന് താലിബാന്‍ ചൂണ്ടുവിരല്‍ മുറിച്ചു കളഞ്ഞ സഫിയുള്ള സഫി ഇത്തവണ വീണ്ടും വോട്ടു ചെയ്തു. പിന്നാലെ മുകള്‍ ഭാഗം മുറിച്ചു മാറ്റിയ ഇടതുകൈയിലെ ചൂണ്ടുവിരലും ഇത്തവണ മഷിപുരട്ടിയ വലതുകൈയിലെ ചൂണ്ടുവിരലും ഉയര്‍ത്തിപ്പിടിച്ച ചിത്രം അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. എന്റെ കുട്ടികളുടേയും എന്റെ രാജ്യത്തിന്റേയും ഭാവിക്കുവേണ്ടി കൈ മുഴുവന്‍ പോയാലും വോട്ടു ചെയ്യുമെന്ന് സഫിയുള്ള പറഞ്ഞു.

2014 ലെ വോട്ടെടുപ്പ് സമയത്താണ് താലിബാന്‍ ഇറക്കിയ തിട്ടൂരം ലംഘിച്ച് സഫിയുള്ള വോട്ടു ചെയ്തത്. തിരിച്ചു വരുമ്പോള്‍ കാറില്‍ നിന്നും തീവ്രവാദികള്‍ പിടിച്ചുകൊണ്ടുപോയി താലിബാന്‍ കോടതിയില്‍ ഹാജരാക്കി. വിലക്ക് ലംഘിച്ചു വോട്ടു ചെയ്തതിന് മഷിപുരണ്ട ഭാഗം മുറിച്ചു കളയാനായിരുന്നു താലിബാന്‍ കോടതി വിധിച്ചത്.

തീവ്രവാദ ഭീഷണിയും ബൂത്തിലെ പ്രശ്‌നങ്ങളും അതിജീവിച്ചാണ് അഫ്ഗാനികള്‍ ശനിയാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തത്. 2001 ല്‍ അമേരിക്കന്‍ സഖ്യസേന താലിബാന്‍ ഭരണം അവസാനിപ്പിച്ചെങ്കിലും ഇപ്പോഴും തീവ്രവാദ ആക്രമണങ്ങളും ഭീഷണിയും തുടരുകയാണ്. 2014 ലെ വോട്ടെടുപ്പിന് പിന്നാലെ സഫിയുള്ള അടക്കം ആറുപേരുടെ വിരലുകളാണ് താലിബാന്‍ മുറിച്ചു കളഞ്ഞത്.

അന്ന് ഒരു വിരലാണ് മുറിച്ചു കളഞ്ഞത്. വേദനകൊണ്ട് പുളഞ്ഞ സന്ദര്‍ഭമായിരുന്നു അത്. എന്നാല്‍ എന്റെ കുഞ്ഞുങ്ങളുടേയും രാജ്യത്തിന്റേയും ഭാവിയേക്കുറിച്ചുള്ള കാര്യമാകുമ്പോള്‍ കൈ മുഴുവന്‍ മുറിച്ചുകളഞ്ഞാലും എനിക്ക് വെറുതെയിരിക്കാനാകില്ല- സഫിയുള്ള ഒരു മാധ്യമത്തിന് ടെലിഫോണില്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കുടുബാംഗങ്ങളുടെ എതിര്‍പ്പുകള്‍ വക വെക്കാതെയാണ് അദ്ദേഹം വോട്ടു ചെയ്യാന്‍ പോയത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.