1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2015

ഇന്ത്യയില്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി. മോഡി സ്വയം വിലയിരുത്തുന്നത് മികച്ചത് എന്നാണെങ്കിലും എല്ലാവര്‍ക്കും ആ അഭിപ്രായമില്ല. മോഡിയുമായി അമേരിക്ക അടുത്ത ബന്ധം പുലര്‍ത്തുമ്പോഴും മോഡിയുടെയും കൂട്ടരുടെയും പൊങ്ങച്ചം പറച്ചിലിലും വീമ്പെളക്കലുകളിലും അമേരിക്കയിലെ മാധ്യമങ്ങള്‍ക്ക് അത്ര താല്‍പര്യമില്ല. അതിരൂക്ഷമായ ഭാഷയിലാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ മോഡി സര്‍ക്കാരിനെ വിമര്‍ശിച്ചത്. അമിതപ്രചാരണം അല്ലാതെ മോഡിയുടെ സ്വപ്നപദ്ധതിയായ ‘മേക്ക് ഇന്‍ ഇന്ത്യ’ മിക്കവാറും പരാജയമാണെന്ന് മാധ്യമങ്ങള്‍ അഭിപ്രായപ്പെട്ടു.

പ്രതീക്ഷകള്‍ക്കനുസരിച്ച് തൊഴില്‍ സാധ്യതകളെ പരിപോഷിപ്പിക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. ഒരു വര്‍ഷം തികയ്ക്കുമ്പോള്‍ സന്തോഷിക്കാനുള്ള കാര്യങ്ങളെക്കാളേറെ വെല്ലുവിളികളാണ് സര്‍ക്കാരിനെ കാത്തിരിക്കുന്നതെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ നിരീക്ഷിച്ചു. സാമ്പത്തികരംഗത്തെ പുനരുദ്ധാരണത്തിന് സാധിച്ചില്ല. 2004നു ശേഷം ഇന്ത്യ നേരിട്ട ഏറ്റവും പ്രതിസന്ധിയേറിയ ഘട്ടത്തിലൂടെയാണ് സാമ്പത്തിക മേഖല കടന്നുപോകുന്നത്. നിര്‍മ്മാണമേഖലയിലെ അസാധാരണ വളര്‍ച്ച കൊട്ടിഘോഷിച്ച ‘മേക്ക് ഇന്‍ ഇന്ത്യ’ ജനങ്ങളെ കബളിപ്പിക്കാനുള്ള തന്ത്രം മാത്രമാണെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ ചൂണ്ടിക്കാട്ടി.

മോഡി യാഥാര്‍ത്ഥ്യം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് അഭിപ്രായപ്പെട്ട ന്യൂയോര്‍ക്ക് ടൈംസ് അദ്ദേഹത്തിന്റെ അജണ്ടകള്‍ ഇതുവരെ പാലിക്കപ്പെട്ടില്ലെന്ന് നിരീക്ഷിച്ചു. ചൈനയെ മുന്നേറാനുള്ള സാധ്യതകള്‍ നിലനില്‍ക്കുമ്പോളും വ്യാപാരമേഖല പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തത് ആശങ്കകള്‍ക്ക് ഇട നല്‍കുന്നുണ്ട്. മോദിയുടെ രാഷ്ട്രീയ ഇടപെടലുകള്‍ സര്‍ക്കാരിനെ കര്‍ഷകവിരുദ്ധമായി ചിത്രീകരിക്കപ്പെടാനും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കാനും കാരണമായതായി ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കി.

ബിജെപി അനുകൂല മാധ്യമങ്ങളും കോര്‍പ്പറേറ്റ് നിയന്ത്രിത മാധ്യമങ്ങളുമല്ലാതെയുള്ള എല്ലാ ഇന്ത്യന്‍ മാധ്യമങ്ങളും മോഡിയുടെ ഭരണം പോരെന്നാണ് അഭിപ്രായപ്പെട്ടത്. ഇന്ത്യയിലെ സ്വതന്ത്ര മാധ്യമങ്ങളിലെല്ലാം മോഡിയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ലേഖനങ്ങളാണ് ഉണ്ടായിരുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.