1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2020

സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എത്ര പ്രതിഷേധങ്ങള്‍ ഉണ്ടായാലും നിയമം നടപ്പാക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമിത് ഷാ. പ്രതിപക്ഷ പാര്‍ട്ടികള്‍ പൗരത്വ നിയമത്തെ സംബന്ധിച്ച് നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും ഷാ പറഞ്ഞു. ലഖ്‌നൗവില്‍ ബി.ജെ.പി സംഘടിപ്പിച്ച പൗരത്വ നിയമത്തെ അനുകൂലിച്ച് നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

പൗരത്വ ഭേദഗതി നിയമത്തെ സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികളുമായി സംവാദത്തിന് തയ്യാറാണെന്നും ഷാ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ബി.എസ്.പി സമാജ് വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയവരാണ് നുണകള്‍ പ്രചരിപ്പിക്കുന്നതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

“രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി, അഖിലേഷ് യാദവ്, കമ്മ്യൂണിസ്റ്റുകാര്‍ തുടങ്ങിയവര്‍ ഇതിനെതിരെ പ്രതിഷേധിക്കുന്നുണ്ട്. എനിക്ക് പറായാനുള്ളതിതാണ്, ഇതിനെതിരെ എത്ര പ്രതിഷേധമുണ്ടായാലും നിയമം നടപ്പാക്കുക തന്നെ ചെയ്യും. അവര്‍ പറയുന്നത് പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ പൗരന്‍മാരുടെ പൗരത്വം എടുത്തു കളയുമെന്നാണ്. പ്രതിപക്ഷ പാര്‍ട്ടികളെ ഞാന്‍ വെല്ലുവിളിക്കുകയാണ്. പൗരത്വ ഭേദഗതി നിയമം എടുത്തു കളയാന്‍ ഇവിടെ ഒരു വകുപ്പുമില്ല,” അമിത് ഷാ പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം മൂന്നുമാസത്തിനകം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രാഷ്ട്രീയത്താല്‍ കോണ്‍ഗ്രസിന് കണ്ണ് കാണുന്നില്ലെന്നും അമിത് ഷാ വിമര്‍ശിച്ചു. അതേ സമയം ബംഗാളിലെ ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷനും സുഭാഷ് ചന്ദ്രബോസിന്റെ അനന്തിരവനുമായ ചന്ദ്രബോസ് പൗരത്വ നിയമത്തില്‍ ബി.ജെ.പി നേതൃത്വത്തിന്റെ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.