1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2017

സ്വന്തം ലേഖകന്‍: ബന്ധു നിയമന വിവാദം, ഇ.പി ജയരാജനും പി.കെ ശ്രീമതിയും കേന്ദ്ര കമ്മറ്റിയില്‍ ഖേദം പ്രകടിപ്പിച്ചതായി യെച്ചൂരി, ഇരുവര്‍ക്കും താക്കീത്. ഇ.പി ജയരാജനും പി.കെ ശ്രീമതിക്കും എതിരായ നടപടി സ്ഥിരീകരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇരുവരെയും കേന്ദ്രകമ്മറ്റി താക്കീത് ചെയ്തതായി വെളിപ്പെടുത്തി. അച്ചടക്ക നടപടിയുടെ ഭാഗമായി നല്‍കുന്ന ഏറ്റവും ലഘുവായ ശിക്ഷയാണിത്.

നിയമനത്തില്‍ പിഴവ് സംഭവിച്ചതായി ഇരുവരും കേന്ദ്രകമ്മിറ്റിയില്‍ സമ്മതിച്ചു. വിവാദം ഉയര്‍ന്നതോടെ ഇ.പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ചതിനാല്‍ ഇരുവര്‍ക്കുമെതിരെ കൂടുതല്‍ നടപടി വേണ്ടെന്ന് സംസ്ഥാന ഘടകത്തില്‍ നിന്നുള്ള ചില നേതാക്കള്‍ കേന്ദ്രകമ്മിറ്റിയില്‍ ആവശ്യപ്പെട്ടിരുന്നു. ഗുരുതരമായ തെറ്റാണ് ജയരാജന്റെ ഭാഗത്തുനിന്ന് സംഭവിച്ചതെന്നും അതിനാല്‍ നടപടിയെടുക്കാതെ പോകാന്‍ കഴിയില്ലെന്നു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ കേന്ദ്രകമ്മിറ്റിയില്‍ വ്യക്തമാക്കി.

താക്കീത് നല്‍കിയതോടെ നിയമന വിവാദത്തില്‍ ഇരുവര്‍ക്കും വീഴ്ചപറ്റിയെന്ന് പാര്‍ട്ടി തന്നെ തുറന്നു സമ്മതിക്കുകയാണ്. നേരത്തെ, വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് സ്വന്തക്കാരെ നിയമിച്ച മുന്‍ മന്ത്രി ജയരാജന്റെ നടപടി വിവാദമായിരുന്നു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി എംപിയുടെ മകന്‍ പി.കെ.സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചതടക്കമുള്ള നിയമനങ്ങളാണ് വിവാദമായത്.

ഇ.പി. ജയരാജന്റെ ഭാര്യാസഹോദരിയാണ് പി.കെ. ശ്രീമതി. ഇതിന് ന്യായീകരണമായി ജയരാജന്‍ നടത്തിയ പ്രതികരണവും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. വിവാദത്തില്‍ പാര്‍ട്ടി അനുഭാവികളടക്കം രംഗത്തെത്തിയതോടെ മുഖ്യമന്ത്രി ഇടപെട്ട് നിയമനം റദ്ദാക്കുകയായിരുന്നു.വിവാദങ്ങള്‍ ഉയര്‍ന്നതോടെ ഇ.പി ജയരാജന്‍ മന്ത്രിസഭയില്‍ നിന്നും രാജിവെക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.