1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2017

 

സ്വന്തം ലേഖകന്‍: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാനത്തെ സ്വാശ്രയ കോളജുകള്‍ അടച്ചിടും, ജിഷ്ണുവിന്റെ അമ്മ ചീഫ് ജസ്റ്റിസിന് പരാതി നല്‍കി. കൃഷ്ണദാസിന്റെ അറസ്റ്റില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം നടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും സ്വാശ്രയ കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചു. ലക്കിടി ലോ കോളജ് വിദ്യാര്‍ത്ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ച കേസിലാണ് പി.കൃഷ്ണദാസ് അടക്കം അഞ്ചു പേരെ തൃശൂര്‍ റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

കൃഷ്ണദാസിനു പുറമേ കോളജിലെ കായികാധ്യാപകന്‍ ഗോവിന്ദന്‍കുട്ടി, പി.ആര്‍.ഒ വത്സലകുമാര്‍, അധ്യാപകന്‍ സുകുമാരന്‍, നിയമോപദേശക സുചിത്ര എന്നിവരെയാണ് അറസ്റ്റു ചെയ്തത്. അതേസമയം, കൃഷ്ണദാസിനെ അറസ്റ്റു ചെയ്ത നടപടിയില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരം നേരത്തെ നോട്ടീസ് നല്‍കിയ പോലീസ് പിന്നീട് ജാമ്യമില്ലാ വകുപ്പുകള്‍ അനുസരിച്ച് അറസ്റ്റു ചെയ്തതാണ് കോടതിയെ പ്രകോപിപ്പിച്ചത്.

അതിനിടെ കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ വാദം കേള്‍ക്കുന്ന ഹൈക്കോടതി ജഡ്ജിനെതിരെ ജിഷ്ണു പ്രണോയിയുടെ അമ്മ ചീഫ് ജസ്റ്റിസിന് പരാതി നല്‍കി. വാദം കേള്‍ക്കുന്ന ജഡ്ജിക്ക് നെഹ്‌റു ഗ്രൂപ്പുമായി ബന്ധമുണ്ടെന്നും ഇത് പരിശോധിക്കണമെന്നുമാണ് പരാതി. ബന്ധം തെളിയിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ ചേര്‍ത്താണ് ജിഷ്ണുവിന്റെ അമ്മ പരാതി നല്‍കിയത്. കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും.

ജിഷ്ണു കേസില്‍ അട്ടിമറി ആരോപിച്ചു ജിഷ്ണുവിന്റെ കുടുംബം തിരുവനന്തപുരത്തു സമരം പ്രഖ്യാപിച്ചതിനു പിന്നാലെയാണു മറ്റൊരു കേസില്‍ കൃഷ്ണദാസ് അറസ്റ്റിലായത്. പാലക്കാട് ലക്കിടി ജവാഹര്‍ ലോ കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ അനധികൃത നടപടികളെപ്പറ്റി പരാതി നല്‍കിയ വിദ്യാര്‍ഥിയെ എട്ടു മണിക്കൂറോളം പാമ്പാടി നെഹ്‌റു കോളജിലെ ഇടിമുറിയിലിട്ടു കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചെന്നു മര്‍ദ്ദിച്ചതായാണ് കേസ്. കൃഷ്ണദാസിന്റെയും കോളജ് അധികൃതരുടെയും അനധികൃത നടപടികളെപ്പറ്റി പരാതി നല്‍കിയതിനായിരുന്നു മര്‍ദ്ദനം.

നെഹ്‌റു ഗ്രൂപ്പിന്റെ ലക്കിടി ലോ കോളജില്‍ നടക്കുന്ന അനധികൃത പണപ്പിരിവ്, അമിതമായ പിഴ, വിദ്യാര്‍ഥികളോടുള്ള അപമര്യാദ എന്നിവ ചൂണ്ടിക്കാട്ടി ഷഹീര്‍ ഷൗക്കത്തലി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മുഖ്യമന്ത്രിയുടെ സുതാര്യകേരളം പരിപാടിയില്‍ ഇ–മെയില്‍ മുഖേന പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദേശപ്രകാരം കാലിക്കറ്റ് സര്‍വകലാശാല അധികൃതര്‍ കോളജിലെത്തി അന്വേഷണം നടത്തിയപ്പോഴാണു പരാതിയെപ്പറ്റി കോളജ് അധികൃതര്‍ അറിഞ്ഞത്. അവധി കഴിഞ്ഞ് ഷഹീര്‍ ജനുവരി ഒന്നിന് കോളജിലെത്തിയപ്പോള്‍ പ്രതികള്‍ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മര്‍ദ്ദിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.