1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2016

തമ്പി ജോസ്: യുക്മ സാംസ്‌ക്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട ജിജി വിക്ടര്‍ ചിത്രപ്രദര്‍ശനം വര്‍ണ്ണങ്ങളില്‍ വിസ്മയം ചാലിച്ച അപൂര്‍വ അനുഭവമായിമാറി പ്രേക്ഷകര്‍ക്ക്. ഇന്ത്യയിലും യു.കെ.യിലും എന്നപോലെ മറ്റ് പല രാജ്യങ്ങളിലും ചിത്രരചനാ മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ വാങ്ങുകയും, ചിത്ര പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുള്ള പ്രതിഭാധനനായ കലാകാരനാണ് ജിജി.

യുക്മയുടെ ഒരു സഹയാത്രികന്‍ കൂടിയായ ജിജിയുടെ പെയിന്റിംഗ് കളുടെ ഒരു പ്രദര്‍ശനം 2014 ലെ യുക്മ ദേശീയ കലാമേളയോടനുബന്ധിച്ചു സംഘടിപ്പിച്ചിരുന്നു. പ്രദര്‍ശനം വീക്ഷിച്ചവരില്‍നിന്നും അന്ന് ലഭിച്ച മികച്ച പ്രതികരണമാണ് ഇത്തരമൊരു ചിത്രപ്രദര്‍ശനം നടത്താന്‍ യുക്മ സാംസ്‌ക്കാരികവേദിക്ക് പ്രേരകമായത്. സ്വിണ്ടനില്‍ നടന്ന പ്രദര്‍ശനം യുക്മ ദേശീയ ജനറല്‍ സെക്രട്ടറി ശ്രീ.സജീഷ് ടോം ഉദ്ഘാടനം ചെയ്തു. ജിജിയെപ്പോലെ അനുഗ്രഹീതനായ ഒരു കലാകാരന്‍ നമ്മിലൊരാളായി നമ്മോടൊപ്പം ഉണ്ട് എന്ന തിരിച്ചറിവുതന്നെ യു.കെ. മലയാളി സമൂഹത്തിനും യുക്മയ്ക്കും അഭിമാനകരമാണെന്ന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീ.സജീഷ് ടോം അഭിപ്രായപ്പെട്ടു.

അക്രിലിക് പെയ്ന്റിംഗില്‍ തീര്‍ത്ത ഏഴ് വ്യത്യസ്ഥ ഭാവതലത്തിലുള്ള ചിത്രങ്ങളുമായാണ് ജിജി ഇത്തവണത്തെ ചിത്രപ്രദര്‍ശനത്തിനെത്തിയത്. വിവിധ രാജ്യക്കാരും ഭാഷക്കാരുമായ നിരവധി കലാസ്വാദകര്‍ ചിത്രപ്രദര്‍ശനം കാണുവാന്‍ രാവിലെ മുതല്‍ എത്തിക്കൊണ്ടിരുന്നു. യുക്മ ദേശീയ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു, യുക്മ സാംസ്‌ക്കാരികവേദി നേതാക്കളായ തമ്പി ജോസ്, സി.എ.ജോസഫ് തുടങ്ങിയവര്‍ ചിത്രപ്രദര്‍നം വീക്ഷിക്കുവാനും ജിജിക്ക് ആശംസകള്‍ അര്‍പ്പിക്കുവാനുമായി എത്തിച്ചേര്‍ന്നിരുന്നു. യുക്മയ്ക്കുവേണ്ടി പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു ശ്രീ.ജിജി വിക്ടറിന് ശില്പവും പ്രശംസാപത്രവും സമ്മാനിച്ചു.

അഞ്ചാമത്തെ വയസ്സുമുതല്‍ നിറങ്ങളെ ഒപ്പം കൂട്ടിയ ജിജി സ്‌കൂളുകളിലും കോളജുകളിലും പെയിന്റിംഗ് മത്സരങ്ങളില്‍ ! നിരവധി സമ്മാനങ്ങള്‍ വാരികൂട്ടുകയും പലതവണ! കലാപ്രതിഭ പട്ടം ചൂടുകയും ചെയ്തിട്ടുണ്ട്. യൂണിവേഴ്‌സിറ്റി തലത്തിലും പെയ്ന്റിംഗ് സ്‌കള്‍പ്ചര്‍ മത്സരങ്ങളില്‍ വിജയിയായിട്ടുണ്ട്, എം.ജി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പബ്ലിക്ക് ഹെല്‍ത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയ ശേഷം യുകെയിലെ എക്‌സീറ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സൈക്കോതെറാപ്പിയും വെല്‍ബീയിംഗ് പ്രാക്ടീഷണര്‍ ട്രയിനിംഗിലും യോഗ്യതകള്‍ കരസ്ഥമാക്കിയ ജിജി, സ്വിന്‍ഡന്‍ എന്‍എച്ച്എസില്‍ ലോക്കം സൈക്കോളജി പ്രാക്ടീഷണര്‍ ആയി ജോലിചെയ്യുന്നു. യുകെയിലെ വില്‍ഷയര്‍ മലയാളി അസോസിയേഷന്റെ സജീവ അംഗമായ ജിജി അവതാരകന്‍, ഡാന്‍സ് പെര്‍ഫോമര്‍, സ്‌റ്റേജ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലും പ്രസിദ്ധനാണ്. ഭര്‍ത്താവിന്റെ കലയിലും ഔദ്യോഗിക ജീവിതത്തിലും പൂര്‍ണ്ണ പിന്തുണ നല്‍കുന്ന ഭാര്യ ബിന്‍സി സ്വിന്‍ഡനില്‍ തിയേറ്റര്‍ പ്രാക്ടീഷണറാണ്. ഹന്നയും ജോഷ്വയുമാണ് ഇവരുടെ മക്കള്‍.

യുക്മ സാംസ്‌ക്കാരികവേദിക്ക് ഇത് മറ്റൊരു അഭിമാനനിമിഷം കൂടിയാവുന്നു. 2015 മാര്‍ച്ചില്‍ ചുമതലയേറ്റ നിലവിലുള്ള സാംസ്‌ക്കാരികവേദി ഭരണസമിതിയുടെ മറ്റൊരു ജനശ്രദ്ധ ആകര്‍ഷിച്ച പരിപാടിയായിമാറി ജിജി വിക്ടര്‍ ചിത്രപ്രദര്‍ശനം. യു.കെ.മലയാളികള്‍ക്കിടയില്‍ തന്നെ ആദ്യ മ്യുസിക്കല്‍ റിയാലിറ്റി ഷോആയ ‘യുക്മ സ്റ്റാര്‍ സിംഗര്‍’ സീസണ്‍ 2 വിജയകരമായി പൂര്‍ത്തിയാകാനായത് സാംസ്‌ക്കാരികവേദിക്ക് വലിയൊരു അംഗീകരം തന്നെയായിരുന്നു. എല്ലാ മാസവും പത്താം തീയതി പുറത്തിറങ്ങുന്ന ‘ജ്വാല’ ഇമാഗസിന്‍, ദേശീയ തലത്തില്‍ സംഘടിപ്പിക്കപ്പെട്ട ഓള്‍ യു.കെ. സാഹിത്യ മത്സരം, ദേശീയ ചിത്രരചനാ മത്സരം തുടങ്ങിയവയും യുക്മയെന്ന ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്നുകൊണ്ട് യു.കെ.പ്രവാസി മലയാളി സമൂഹത്തില്‍ കലയേയും കലാകാരന്മാരേയും കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമുള്ള യുക്മ സാംസ്‌ക്കാരികവേദിയുടെ എളിയ പരിശ്രമങ്ങള്‍ ആയിരുന്നു. പിന്നിട്ട നാള്‍വഴികളില്‍ ലഭിച്ച എല്ലാവിധ പിന്തുണക്കും പ്രോത്സാഹനങ്ങള്‍ക്കും യുക്മ സാംസ്‌ക്കാരിക വേദിയുടെ നന്ദിയും കടപ്പാടും രേഖപ്പെടുത്തട്ടെ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.