1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2017

 

സ്വന്തം ലേഖകന്‍: പാക്, അഫ്ഗാന്‍ അതിര്‍ത്തി സംഘര്‍ഷഭരിതം, അതിര്‍ത്തിയില്‍ വന്‍ പാക് സൈനിക വിന്യാസം. ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ ശക്തിപ്പെടുത്തിയ പാകിസ്താന്‍ വന്‍ ആയുധ സന്നാഹങ്ങളോടെയുള്ള സേനാവ്യൂഹത്തെ അതിര്‍ത്തിലേക്ക് അയച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ആഴ്ചയിലുണ്ടായ വ്യത്യസ്ത ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുടെ പ്രസ്താവനക്ക് പിന്നാലെയാണ് സൈനിക നീക്കം.

കഴിഞ്ഞ ദിവസങ്ങളില്‍ തെഹ്രീകെ താലിബാന്‍ പാകിസ്താന്‍, ജമാഅത്തുല്‍ അഹ്‌റാര്‍ തുടങ്ങിയ ഭീകര സംഘങ്ങളുടെ കേന്ദ്രങ്ങളില്‍ സൈന്യം ആക്രമണം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി കൂടുതല്‍ ഓപറേഷനുകള്‍ക്ക് സൈന്യം തയാറെടുക്കുന്നതായ സൂചനകളാണ് ഇത് നല്‍കുന്നത്. ഭീകരസംഘങ്ങള്‍ അഫ്ഗാന്‍ നിയന്ത്രണത്തിലുള്ള മേഖലയില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് പാകിസ്താന്റെ വാദം. ഇരു രാജ്യങ്ങള്‍ക്കും ഭീഷണിയായ ഈ ഗ്രൂപ്പുകള്‍ക്കെതിരെ യോജിച്ച പോരാട്ടത്തിന് പാകിസ്താന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

സിന്ധ് ആക്രമണത്തിന് ശേഷം അഫ്ഗാന്‍ അതിര്‍ത്തി വഴിയുള്ള അനധികൃതമായ എല്ലാ നീക്കങ്ങളും കര്‍ശനമായി പാക് സേന നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്ന ഭീകരവേട്ടയില്‍ 130 പേരെ വധിച്ചു. 350 ലേറെ പേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പിടികൂടിയിട്ടുമുണ്ട്. ഇവരില്‍ കൂടുതല്‍ പേരും അഫ്ഗാന്‍ പൗരന്മാരാണ്. കഴിഞ്ഞയാഴ്ച പാകിസ്താനില്‍ വിവിധയിടങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു.

പാക് താലിബാന്‍, ജമാത്തുല്‍ അഹ്‌റാര്‍ എന്നീ ഭീകരസംഘടനകളുടെ പ്രവര്‍ത്തകര്‍ അഫ്ഗാനിസ്ഥാനില്‍ താവളമുറപ്പിച്ച് പാക്കിസ്ഥാനില്‍ ആക്രമണം നടത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നേരത്തെ അഫ്ഗാന്‍ അതിര്‍ത്തി അടച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.