1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2018

സ്വന്തം ലേഖകന്‍: ഇന്ത്യ ചര്‍ച്ചയില്‍ നിന്ന് പിന്മാറാന്‍ കാരണം ഇമ്രാന്‍ ഖാന്റെ തിടുക്കമെന്ന് പാക് പ്രതിപക്ഷം; ഇന്ത്യ അധികാര മനോഭാവം വെടിയണമെന്ന് ഇമ്രാന്‍ ഖാന്‍. പാകിസ്താനുമായുള്ള ചര്‍ച്ചയില്‍നിന്ന് ഇന്ത്യയുടെ പിന്‍മാറ്റത്തിന് കാരണം ആവശ്യമായ ഗൃഹപാഠമില്ലാതെ ഇമ്രാന്‍ തിടുക്കപ്പെട്ട് നടത്തിയ നീക്കമാണെന്നും ഇതിന് ഉത്തരവാദി പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മാത്രമാണെന്നും പ്രതിപക്ഷ കക്ഷികള്‍ കുറ്റപ്പെടുത്തി.

കശ്മീര്‍, തീവ്രവാദം ഉള്‍പ്പെടെ തന്ത്രപ്രധാന വിഷയങ്ങളില്‍ ചര്‍ച്ച പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഇംറാന്‍ ഖാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്താണ് വീണ്ടും സൗഹൃദത്തിന്റെ സാധ്യതകള്‍ തുറന്നിട്ടിരുന്നത്. ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരായ സുഷമ സ്വരാജും മഹ്മൂദ് ഖുറൈശിയും തമ്മില്‍ യു.എന്‍ പൊതുസഭ സമ്മേളന നഗരമായ ന്യൂയോര്‍ക്കില്‍ സംഗമിക്കാനായിരുന്നു തീരുമാനം.

എന്നാല്‍, കൊല്ലപ്പെട്ട ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ സ്റ്റാമ്പ് ഇറക്കിയതും കശ്മീരില്‍ പൊലീസുകാര്‍ ഭീകരരുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടതും മുന്‍നിര്‍ത്തി ഇന്ത്യ ചര്‍ച്ചയില്‍നിന്ന് പിന്‍വാങ്ങുകയായിരുന്നു. പിന്‍മാറ്റത്തിന്റെ ഉത്തരവാദി ഇംറാനാണെന്ന് മുഖ്യ പ്രതിപക്ഷ കക്ഷികളായ പാകിസ്താന്‍ മുസ്‌ലിം ലീഗ് നവാസും പാകിസ്താന്‍ പീപ്ള്‍സ് പാര്‍ട്ടിയും കുറ്റപ്പെടുത്തി.

ഇംറാന്‍ ഖാന്‍ കാണിച്ച തിടുക്കം സ്വന്തം രാജ്യത്തിന്റെ വാദം ദുര്‍ബലപ്പെടുത്തിയതായി പാക് മുന്‍ വിദേശകാര്യ മന്ത്രിയും പി.എം.എല്‍എന്‍ വക്താവുമായ ഖ്വാജ മുഹമ്മദ് ആസിഫ് കുറ്റപ്പെടുത്തി. ഇന്ത്യയോട് സൗഹൃദ ബന്ധത്തിനുള്ള പാക്കിസ്ഥാന്റെ വാഗ്ദാനത്തെ ബലഹീനതയായി കാണരുതെന്നും ഇന്ത്യ അധികാരമനോഭാവം വെടിഞ്ഞ് സമാധാനപരമായ ചര്‍ച്ചയ്ക്ക് തയാറാകണമെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാക്കിസ്ഥാനെ ഭയപ്പെടുത്താനാവില്ല. ആക്രമണോത്സുകതയെയും ശത്രുതാമനോഭാവത്തെയും പാക്കിസ്ഥാന്‍ സഹിക്കില്ല. ഏതെങ്കിലും ലോകശക്തികളെ സമ്മര്‍ദത്തിലാക്കാന്‍ പാക്കിസ്ഥാനില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.