1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 14, 2017

സ്വന്തം ലേഖകന്‍: ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലമിനെ അംഗീകരിക്കാനുള്ള ട്രംപിന്റെ തീരുമാനം ഏറ്റവും വലിയ കുറ്റകൃത്യം, ആഞ്ഞടിച്ച് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. നടപടി രാജ്യാന്തര നിയമത്തിന്റെ ലംഘനമാണെന്നും ജറുസലം എല്ലായ്‌പ്പോഴും പലസ്തീന്റെ തലസ്ഥാനമായിരിക്കുമെന്നും തുര്‍ക്കിയില്‍ അടിയന്തരമായി ചേര്‍ന്ന മുസ്!ലിം നേതാക്കളുടെ യോഗത്തില്‍ അബ്ബാസ് അറിയിച്ചു. അമ്പതിലേറെ മുസ്‌ലിം രാജ്യങ്ങളില്‍നിന്നുള്ള നേതാക്കന്‍മാരും മന്ത്രിമാരും ഇസ്താംബൂളിലെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

അമേരിക്കന്‍ നഗരമെന്നപോലെയാണു യുഎസ് ജറുസലമിനെ എടുത്തു ഇസ്രയേലിനു നല്‍കിയത്. എല്ലാ നിയമങ്ങളും യുഎസ് മറികടന്നു. ‘സയണിസ്റ്റ് മൂവ്‌മെന്റിന്’ ഒരു സമ്മാനം എന്ന നിലയിലാണു ട്രംപ് ജറുസലം വിഷയത്തില്‍ തീരുമാനം എടുത്തത്. മധ്യപൂര്‍വേഷ്യയിലെ സമാധാനശ്രമങ്ങളില്‍ ഇസ്രയേലിനു അനുകൂലമായി യുഎസ് ഇടപെടുന്നത് അംഗീകരിക്കാനാകില്ല. ജറുസലം പലസ്തീന്റെ തലസ്ഥാനമായി അംഗീകരിക്കാതെ ഒരു സമാധാനവും സ്ഥിരതയും മധ്യപൂര്‍വേഷ്യയില്‍ ഉണ്ടാകില്ലെന്നും അബ്ബാസ് വ്യക്തമാക്കി.

ജറുസലമിനെ പലസ്തീന്റെ തലസ്ഥാനമായി അംഗീകരിക്കണമെന്നു ലോക നേതാക്കളോടു തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോഗന്‍ ആവശ്യപ്പെട്ടു. ഇതിനു മുസ്‌ലിം രാജ്യങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തണം. ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലമിനെ അംഗീകരിച്ച യുഎസിന്റെ നടപടി പിന്‍വലിക്കണമെന്നും ഇസ്താംബൂളില്‍ ചേര്‍ന്ന യോഗത്തില്‍ എര്‍ദോഗന്‍ വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം ലോകത്തെ ‘അവസാനിക്കാത്ത അഗ്‌നിയിലേക്കാണ്’ എത്തിക്കുന്നതെന്നു തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലുത് കാവുസോഗ്‌ലു അറിയിച്ചു.

ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷം പരിഹരിക്കാതെ മേഖലയില്‍ സമാധാനം കൊണ്ടുവരാനാകില്ലെന്നു ജോര്‍ദാന്റെ അബ്ദുല്ല രാജാവ് അറിയിച്ചു. ജറുസലം വിഷയത്തില്‍ തല്‍സ്ഥിതി മാറ്റുന്ന ഏതു തീരുമാനത്തെയും തള്ളിക്കളയുന്നുവെന്നും അബ്ദുല്ല രാജാവ് പറഞ്ഞു. ട്രംപിന്റെ നീക്കം പലസ്തീന്‍കാരുടെ ന്യായമായ അവകാശത്തെ മാനിക്കാതെയുള്ളതാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.