1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2017

 

സ്വന്തം ലേഖകന്‍: പാമ്പാടി നെഹ്‌റു കോളജിലെ ജിഷ്ണുവിന്റെ ആത്മഹത്യ, അധ്യാപകര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് എതിരെ പോലീസ് കേസെടുത്തു. വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, കോളജിലെ ആഭ്യന്തര ഇന്‍വിജിലേറ്റര്‍ കൂടിയായ അസി. പ്രഫ. സി.പി. പ്രവീണ്‍ തുടങ്ങി അഞ്ചുപേര്‍ക്കെതിരെയാണ് കേസ്. വിദ്യാര്‍ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.

വൈസ് പ്രിന്‍സിപ്പാള്‍ ശക്തിവേലിനെതിരെയും അധ്യാപകന്‍ പ്രവീണ്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്താനുള്ള തെളിവുകളും സാക്ഷി മൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. ഇരിങ്ങാലക്കുട എഎസ്‌ഐ കെ.എന്‍ നാരായണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് തെളിവുകള്‍ ശേഖരിച്ചത്.

എന്നാല്‍ ജിഷ്ണു കോപ്പിയടിച്ചുവെന്നും ഓഫിസിലത്തെിച്ച് ഉപദേശിച്ചുവെന്നും റിപ്പോര്‍ട്ട് നല്‍കിയ പ്രിന്‍സിപ്പല്‍ എസ്. വരദരാജന്‍, കോളജിലെ പി.ആര്‍.ഒയും മുന്‍ മന്ത്രി കെ.പി. വിശ്വനാഥന്റെ മകനുമായ സഞ്ജിത്ത് എന്നിവര്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ജനുവരി ആറിന് നടന്ന ഫിസിക്‌സ് പരീക്ഷയില്‍ ജിഷ്ണു രണ്ടുതവണ തൊട്ടടുത്ത വിദ്യാര്‍ഥിയുടെ പേപ്പറില്‍ നോക്കിയെഴുതിയെന്ന കോളജ് അധികൃതരുടെ വാദം പൊലീസ് തള്ളി.

പ്രാഥമിക അന്വേഷണത്തിലും തെളിവ് ശേഖരണത്തിലും മൊഴി ശേഖരണത്തിലും കോപ്പിയടി സാധ്യത കണ്ടത്തൊന്‍ കഴിഞ്ഞില്ല. വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവരടക്കം 230ഓളം പേരില്‍നിന്നാണ് മൊഴിയെടുത്തത്. ഇതൊന്നും കോപ്പിയടി സംബന്ധിച്ച മാനേജ്‌മെന്റ് വാദത്തെ സാധൂകരിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ജിഷ്ണുവിനെ മാനസിക സമ്മര്‍ദത്തില്‍ ആക്കിയെന്ന നിഗമനത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയത്.

സംഭവം നടന്ന് 37 ദിവസത്തിന് ശേഷമാണ് ജിഷ്ണുവിന്റെ മരണത്തില്‍ പൊലീസ് കേസെടുക്കുന്നത്. ജിഷ്ണു ഹോസ്റ്റല്‍ ബാത്ത്‌റൂമിലെ ഷവര്‍ പൈപ്പില്‍ തൂങ്ങിമരിച്ചുവെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. വസ്ത്രങ്ങള്‍ കൊളുത്തിയിടുന്ന കൊളുത്തിലെന്ന് പിന്നീട് തിരുത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനത്തെിക്കുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ പാലിച്ചില്ല. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പി.ജി വിദ്യാര്‍ഥി, ജിഷ്ണു തൂങ്ങിമരിച്ചെന്ന നിഗമനത്തിലത്തെിയത് പൊലീസ് ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കിയിരുന്നു.

ഇതോടൊപ്പം ശരീരത്തിലെ മറ്റ് മുറിവുകള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചില്ല. സഹപാഠിയുടെ മൊഴിയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് മറ്റ് നടപടികളിലേക്ക് കടക്കാന്‍ പിന്നെയും വൈകി. കോപ്പിയടി വാദം ആവര്‍ത്തിച്ച മാനേജ്‌മെന്റിനെ കുരുക്കിലാക്കിയത് രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള സമിതിയുടെ കണ്ടത്തെലാണ്. കോപ്പിയടി സാധ്യത കണ്ടത്തൊനായില്ലെന്ന് രജിസ്ട്രാര്‍ മാധ്യമങ്ങളോടുതന്നെ വെളിപ്പെടുത്തി.

പിന്നീട് ഹോസ്റ്റലും പരീക്ഷാകേന്ദ്രവും സന്ദര്‍ശിച്ച എ.ഡി.ജി.പി സുധേഷ് കുമാറും ഇത് വ്യക്തമാക്കി. തെളിവെടുപ്പിനിടെ സഹപാഠികളും മറ്റ് വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളുമടക്കമുള്ളവര്‍ മാനേജ്‌മെന്റ് പീഡനം വിവരിച്ചു. കോളജിലെ ഇടിമുറിയുള്‍പ്പെടെയുള്ളവയെക്കുറിച്ച് അങ്ങനെയാണ് പുറത്തുവന്നത്.

സാക്ഷിമൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോപ്പിയടി വാദം അന്വേഷണ സംഘം നിരാകരിച്ചത്. കോപ്പിയടിച്ചെന്ന പേരില്‍ ശകാരിക്കുകയും അപമാനിക്കുകയും ഉത്തരങ്ങള്‍ വെട്ടിക്കളയിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് വിലയിരുത്തല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.