1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2017

സ്വന്തം ലേഖകന്‍: തന്നെ നിര്‍ബന്ധിച്ച് രാജിവപ്പിച്ചു, ശശികലക്കെതിരെ തുറന്ന യുദ്ധത്തിന് പനീര്‍ശെല്‍വം, അണ്ണാ ഡിഎംകെയില്‍ പാളയത്തില്‍ പട. തന്നെ നിര്‍ബന്ധിച്ച് രാജിവയ്പ്പിക്കുകയായിരുന്നെന്ന് വെളിപ്പെടുത്തി തമിഴ്‌നാട് മുന്‍ മുഖ്യന്ത്രി ഒ. പനീര്‍ശെല്‍വം രംഗത്തെത്തി. ജനങ്ങളും പാര്‍ട്ടിയും ആഗ്രഹിച്ചാല്‍ മുഖ്യമന്ത്രിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ അറിയാതെയാണ് എംഎല്‍എമാരുടെ യോഗം വിളിച്ചു ചേര്‍ത്ത് ശശികലയെ മുഖ്യമന്ത്രിയായി തീരുമാനിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിയായി തുടരണോ എന്ന കാര്യം രഹസ്യ ബാലറ്റിലൂടെ നിയമസഭയില്‍ വോട്ടിനിടുമെന്നും പനീര്‍ശെല്‍വം പറഞ്ഞു. ഇതോടെ അണ്ണാ ഡി.എം.കെ. പിളര്‍പ്പിലേയ്ക്ക് എന്ന സൂചന ശക്തമായി. ഇന്നലെ, രാത്രി ഒന്‍പതു മണിയോടെ ചെന്നൈ മറീന ബീച്ചില്‍ ജയലളിതയുടെ ശവകുടീരത്തില്‍ പ്രാര്‍ഥിച്ചതിനുശേഷമാണ് മാധ്യമങ്ങള്‍ക്കുമുന്നില്‍ ഒ. പനീര്‍ശെല്‍വം തുറന്നടിച്ചത്.

ശശികലക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയതിനു പിന്നാലെ അണ്ണാ ഡി.എം.കെയുടെ ട്രഷറര്‍ സ്ഥാനത്തുനിന്ന് ഒ. പന്നീര്‍സെല്‍വത്തെ നീക്കി. പോയസ് ഗാര്‍ഡനില്‍ അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലയുടെ നേതൃത്വത്തില്‍ അര്‍ധരാത്രി 12ന് ചേര്‍ന്ന മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. പകരം വനം മന്ത്രി ഡിണ്ടുഗല്‍.സി. ശ്രീനിവാസനെ ട്രഷററായി നിയമിച്ചു.

ചില സത്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന ആമുഖത്തോടെയായിരുന്നു പനീര്‍ശെല്‍വം മാധ്യമങ്ങളോടു സംസാരിച്ചു തുടങ്ങിയത്. സംസ്ഥാന മന്ത്രിമാരായ ആര്‍.ബി. ഉദയകുമാറും സെല്ലൂര്‍ രാജുവും ലോക്‌സഭാ ഡെപ്യൂട്ടീ സ്പീക്കറായ മുതിര്‍ന്ന നേതാവ് തമ്പിദുരൈയുമാണ് ശശികലയ്ക്കുവേണ്ടി ശബ്ദമുയര്‍ത്തിയതെന്നും ഉദയകുമാറാണ് തന്റെ രാജി ആവശ്യപ്പെട്ടതെന്നും പനീര്‍ശെല്‍വം വെളിപ്പെടുത്തി.

‘തനിക്ക് എന്തെങ്കിലും സംഭവിക്കുന്നപക്ഷം ഞാന്‍ മുഖ്യമന്ത്രിയാകണം എന്നാണ് അമ്മ ആഗ്രഹിച്ചിരുന്നത്. അമ്മയുടെ ആത്മാവിന്റെ നിര്‍ദേശാനുസരണമാണ് ഇപ്പോള്‍ എല്ലാം തുറന്നുപറയുന്നത്,’ പനീര്‍ശെല്‍വം പറഞ്ഞു. ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയായി ചുമതലയേറ്റ പനീര്‍ശെല്‍വം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ വി.കെ. ശശികലയ്ക്കു മുഖ്യമന്ത്രിയാകാന്‍ വേണ്ടിയാണ് പദവി രാജിവച്ചത്. രാജിവച്ചെങ്കിലും ഗവര്‍ണറുടെ നിര്‍ദേശപ്രകാരം മുഖ്യമന്ത്രിയുടെ ചുമതലയില്‍ തുടരുകയായിരുന്നു.

ജയലളിതയുടെ മരണത്തെച്ചൊല്ലി ശശികലയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മുന്‍ സ്പീക്കറും മുതിര്‍ന്ന അണ്ണാ ഡി.എം.കെ. നേതാവുമായ പി.എച്ച്. പാണ്ഡ്യന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. പോയസ്ഗാര്‍ഡനിലെ വേദനിലയത്തില്‍ ജയലളിതയും ശശികലയും തമ്മില്‍ വഴക്കുണ്ടായതായും ജയലളിതയെ തള്ളിവീഴ്ത്തിയതായും പാണ്ഡ്യന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

പനീര്‍ശെല്‍വത്തിന്റെ പരാമര്‍ശങ്ങള്‍ അസംബന്ധമാണെന്ന് അണ്ണാ ഡി.എം.കെ വക്താവ് പ്രതികരിച്ചു. പനീര്‍ശെല്‍വത്തിന് എം.എല്‍.എമാരുടെ പിന്തുണയില്ലെന്നും ജയലളിതയുടെ മരണം സംബന്ധിച്ച് ആരോപണങ്ങള്‍ ഉന്നയിച്ച പി.എച്ച്. പാണ്ഡ്യന്‍ ചതിയനാണെന്നും ഡി.എം.കെയുടെ പിണിയാളായി അനിശ്ചിതാവസ്ഥ സൃഷ്ടിക്കാനാണു ശ്രമിക്കുന്നതെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.

ഞായറാഴ്ച ചേര്‍ന്ന എം.എല്‍.എമാരുടെ യോഗം ശശികലയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തിരുന്നു. യോഗത്തില്‍ നിയമസഭാകക്ഷി നേതാവായി ശശികലയുടെ പേര് നിര്‍ദേശിച്ചതു പനീര്‍ശെല്‍വം ആയിരുന്നുവെന്നാണ് പാര്‍ട്ടി ഭാഷ്യം. ശശികലയുടെ സത്യപ്രതിജ്ഞ ഇന്നലെ നടക്കുമെന്നാണു പ്രതീക്ഷിച്ചിരുന്നതെങ്കിലും ഗവര്‍ണറുടെ അനുമതി ലഭിക്കാത്തതും ശശികല ഉള്‍പ്പെട്ട അഴിമതിക്കേസില്‍ സുപ്രീം കോടതി ഒരാഴ്ചയ്ക്കക്കം വിധി പ്രസ്താവിക്കാനിരുന്നതും തിരിച്ചടിയായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.