1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2017

 

സ്വന്തം ലേഖകന്‍: ശശികലക്കെതിരെ അവസാന ആണിയും അടിച്ച് പനീര്‍ശെല്‍വം, തമിഴ്‌നാട് ഗവര്‍ണര്‍ മൗനം തുടരുന്നു, ക്ഷമ പരീക്ഷക്കരുതെന്ന മുന്നറിയിപ്പുമായി ശശികല. തമിഴ്‌നാട്ടില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ പനീര്‍സെല്‍വം ക്യാംപ് കൂടുതല്‍ കരുത്താര്‍ജിക്കുന്നു. അണ്ണാ ഡിഎംകെയിലെ കസേരക്കളി അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ എം.എല്‍.എമാരും എം.പിമാരും ഒന്നൊന്നായി ശശികല ക്യാംപില്‍ നിന്ന് പനീര്‍സെല്‍വം ക്യാംപിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

കൂടുതല്‍ എം.എല്‍.എമാരും പാര്‍ട്ടി നേതാക്കളും മറുപക്ഷത്തേക്ക് മാറിയതോടെ മുഖ്യമന്ത്രി മോഹം ഉപേക്ഷിച്ച് തന്റെ വിശ്വസ്തനെ മുഖ്യമന്ത്രിയാക്കാന്‍ ശശികല ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പിന്തുണ ഉറപ്പാക്കാന്‍ റിസോര്‍ട്ടുകളില്‍ തടവില്‍ കഴിയുന്ന എം.എല്‍.എമാരെ ശശികല സന്ദര്‍ശിച്ചിരുന്നു. അതിനിടെ ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശശികല അനുമതി തേടിയെങ്കിലും ഗവര്‍ണര്‍ അനുമതി നിഷേധിച്ചു.

സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് തീരുമാനം വൈകിപ്പിക്കുന്ന തമിഴ്‌നാട് ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവിന്റെ നിലപാടുകള്‍ നിഗൂഢമാണെന്ന് ശശികല ആരോപിച്ചു. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട തീരുമാനം വൈകിപ്പിക്കുന്നതിലൂടെ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കാനാണ് ശ്രമം. ഇതിനെതിരെ അടുത്ത ദിവസം മുതല്‍ പുതിയ ചില പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ശശികല അറിയിച്ചു.

128 എംഎല്‍എമാരുടെ പിന്തുണയാണ് നിലവില്‍ ശശികല വിഭാഗം അവകാശപ്പെടുന്നത്. ശശികല പക്ഷത്തു നിന്ന് രണ്ട് എംപിമാര്‍ കൂടി പനീര്‍ശെല്‍വം ക്യാമ്പില്‍ എത്തിയതോടെ ശശികല ക്യാമ്പ് പരിഭ്രാന്തിയിലാണ്. അതിനിടെ ജയലളിതയുടെ ആത്മാവാണ് തന്നെ നയിക്കുന്നതെന്ന് പനീര്‍ശെല്‍വം പ്രഖ്യാപിച്ചു. മറീന ബീച്ചിലെ ജയലളിതയുടെ ശവകുടിരത്തില്‍ ധ്യാനനിരതനായി കുറച്ചു സമയം ചെലവഴിച്ചതിനു ശേഷമാണ് പനീര്‍ശെല്‍വം പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.