1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2017

സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ, ശശികലയും പനീര്‍ശെല്‍വവും ഗവര്‍ണറെ കണ്ടു, രാജി പിന്‍വലിക്കാന്‍ തയ്യാറെന്ന് പനീര്‍ശെല്‍വം. നിലവില്‍ തമിഴ്‌നാട് കാവല്‍ മുഖ്യമന്ത്രിയായ ഒ.പനീര്‍ശെല്‍വം രാജ്ഭവനിലെത്തി തമിഴ്‌നാട് ഗവര്‍ണ്ണര്‍ സി.വിദ്യാസാഗര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച 10 മിനിട്ടോളം നീണ്ടു നിന്നു. എല്ലാ കാര്യങ്ങളും ഗവര്‍ണറെ അറിയിച്ചുവെന്നും സത്യവും ധര്‍മവും ജയിക്കുമെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം പനീര്‍ശെല്‍വം പറഞ്ഞു

താന്‍ രാജിവെച്ചത് ശശികലയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്ന് ഗവര്‍ണറെ ധരിപ്പിച്ച പനീര്‍ശെല്‍വം രാജി പിന്‍വലിക്കാനുള്ള തീരുമാനവും അറിയിച്ചതായാണ് സൂചന. ജയലളിതയുടെ മരണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കിടെ സംസ്ഥാനത്തു നിന്നും മാറിനിന്ന ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് ചെന്നെയിലെത്തിയത്.

അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് വി.കെ ശശികല ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച വൈകിട്ട് എഴരയ്ക്കായിരുന്നു കൂടിക്കാഴ്ച. 130 എം.എല്‍.എമാരുടെ പിന്തുണ അറിയിക്കുന്ന കത്ത് ശശികല ഗവര്‍ണര്‍ക്ക് കൈമാറി. ജയലളിതയുടെ ശവകുടീരം സന്ദര്‍ശിച്ച ശേഷമാണ് ശശികല രാജ്ഭവനിലേക്ക് തിരിച്ചത്.

ഇരു നേതാക്കളും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി അവകാശവാദം ഉന്നയിച്ച സാഹചര്യത്തില്‍ ഇനി തീരുമാനം ഗവര്‍ണറുടേതാണ്. നല്‍കിയ രാജി പിന്‍വലിക്കാന്‍ വ്യവസ്ഥയില്ലെന്നാണ് ഭരണഘടനാ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അനധികൃത സ്വത്ത് കേസില്‍ ശശികലയ്‌ക്കെതിരായ സുപ്രീം കോടതി വിധി വരുന്നത് വരെ മന്ത്രിസഭ രൂപകീരിക്കാനുള്ള ശശികലയുടെ അവകാശവാദവും ഗവര്‍ണര്‍ സ്വീകരിക്കാനിടയില്ല.

നേരത്തെ ചെന്നൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ കാലത്ത് തിരിച്ചെത്തുന്നതിനായി ശശികല എഴുതി നല്‍കിയ മാപ്പപേക്ഷ പനീര്‍സെല്‍വം പുറത്ത് വിട്ടിരുന്നു. മുഖ്യമന്ത്രി പദവിക്കായി എന്ത് വൃത്തികെട്ട കളി കളിക്കാനും ശശികല തയ്യാറാണെന്ന് പനീര്‍സെല്‍വം പറഞ്ഞു. ഒരു സ്ഥാനവും വേണ്ടന്ന് പറഞ്ഞാണ് അവര്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്. അവര്‍ പാര്‍ട്ടിയെ കുടുംബ സ്വത്താക്കി മാറ്റുകയാണ്. പ്രവര്‍ത്തകരും അണികളും തനിക്കൊപ്പമാണ്. എം.എല്‍.എമാരെയും നേതാക്കളെയും ശശികല ഭീഷണിപ്പെടുത്തിയിരിക്കുകയാണെന്നും പനീര്‍സെല്‍വം ആരോപിച്ചു.

ശശികല ക്യാംപ് രഹസ്യമായി പാര്‍പ്പിച്ചിരിക്കുന്ന എം.എല്‍.എമാര്‍ക്ക് പുറംലോകവുമായി ഒരു ബന്ധവുമില്ല. ചെന്നൈയില്‍ നിന്ന് മാറ്റിയ 131 എം.എല്‍.എമാരില്‍ 90ഓളം പേരെ മഹാബലിപുരത്തിന് സമീപത്തെ കൂവത്തൂരിലെ ഒരു റിസോര്‍ട്ടിലാണ് താമസിപ്പിച്ചിരിക്കുന്നത്. മറ്റ് 30ഓളം എം.എല്‍.എമാരെ കല്‍പ്പാക്കത്തെ റിസോര്‍ട്ടിലും താമസിപ്പിച്ചിട്ടുണ്ട്. കനത്ത സുരക്ഷയിലാണ് എം.എല്‍.എമാരെ പാര്‍പ്പിച്ചിരിക്കുന്നത്. ആരെയും ഫോണ്‍ ഉപയോഗിക്കാനോ ടിവി കാണാനോ അനുവദിക്കുന്നില്ല.

ശശികലയെ അനുകൂലിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ റിസോര്‍ട്ടിന് സദാസമയം കാവല്‍ നില്‍ക്കുന്നുണ്ട്. എം.എല്‍.എമാര്‍ മാധ്യമപ്രവര്‍ത്തകരോടോ പനീര്‍സെല്‍വത്തെ അനുകൂലിക്കുന്ന പ്രവര്‍ത്തകരോടോ സംസാരിക്കാന്‍ എം.എല്‍.എമാരെ അനുവദിക്കില്ല. എം.എല്‍.എമാര്‍ പുറത്താരോടും സംസാരിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന്റെ ചുമതല കാവല്‍ നില്‍ക്കുന്ന പ്രവര്‍ത്തകര്‍ക്കാണ് നല്‍കിയിരിക്കുന്നത്.

ഗവര്‍ണര്‍ ഇരു പക്ഷത്തിനും ഉറപ്പുകളൊന്നും നല്‍കാത്ത സാഹചര്യത്തില്‍ തമിഴ്‌നാട് കടുത്ത രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കാണ് നീങ്ങുന്നതെന്ന് ഉറപ്പായി. സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന അധികാര വടംവലിയെ 1987 ഡിസംബറില്‍ എം.ജി.ആറിന്റെ മരണത്തെ തുടര്‍ന്ന് എം.ജി.ആറിന്റെ ഭാര്യ ജാനകീ രാമചന്ദ്രനും ജയലളിതയും തമ്മിലുണ്ടായ യുദ്ധവുമായാണ് നിരീക്ഷകര്‍ താരതമ്യപ്പെടുത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.