1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2017

 

സ്വന്തം ലേഖകന്‍: ശശികലയുടെ അവിഹിത സ്വത്തുസമ്പാദന കേസില്‍ വിധി ഇന്ന്, ജയലളിതയുടെ അവസാന വാക്കുകള്‍ വെളിപ്പെടുത്തി ശശികല, തമിഴ്‌നാട്ടില്‍ കനത്ത സുരക്ഷ. മുഖ്യമന്ത്രിയാകാന്‍ ഗവര്‍ണറുടെ അനുമതി കാക്കുന്ന എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ഉള്‍പ്പെട്ട അവിഹിത സ്വത്തു കേസില്‍ സുപ്രീംകോടതി ചൊവ്വാഴ്ച രാവിലെ വിധിപറയും. കാവല്‍ മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വവും ശശികലയും മന്ത്രിസഭയുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കുന്ന പശ്ചാത്തലത്തില്‍ ഒരാഴ്ചക്കകം നിയമസഭ സമ്മേളനം വിളിച്ച് ഭൂരിപക്ഷം തെളിയിക്കുന്ന സാഹചര്യമൊരുക്കാന്‍ ഇതിനിടെ, അറ്റോണി ജനറല്‍ മുകുള്‍ രോഹതഗി ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിന് ഉപദേശം നല്‍കി.

അനധികൃത സ്വത്തു കേസില്‍ മുന്‍ മുഖ്യമന്ത്രി ജയലളിത, ശശികല, വി.എന്‍.സുധാകരന്‍, ജെ.ഇളവരശി എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക സര്‍ക്കാരും ഡിഎംകെ നേതാവ് കെ.അന്‍പഴകനും നല്‍കിയ അപ്പീലില്‍ കഴിഞ്ഞ ജൂണ്‍ ഏഴിനു സുപ്രീം കോടതിയില്‍ വാദം പൂര്‍ത്തിയായതാണ്. ജയലളിത അന്തരിച്ചുവെന്നതു കേസിലെ മറ്റു പ്രതികളെ ഒരുതരത്തിലും ബാധിക്കുന്നില്ല. ഹൈക്കോടതി വിധി ശരിവയ്ക്കുക, വിധി റദ്ദാക്കുക, തെളിവുകള്‍ വീണ്ടും പരിഗണിക്കാന്‍ നിര്‍ദേശിക്കുക – ഇങ്ങനെ മൂന്നു വഴികളാണു തങ്ങളുടെ മുന്നിലുള്ളതെന്നു കേസിന്റെ വാദത്തിനിടെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

അതിനിടെ പനീര്‍ശെല്‍വത്തെ പിന്തുണച്ച് കൂടുതല്‍ എ.ഐ.എ.ഡി.എം.കെ നേതാക്കള്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസം കൂവത്തൂരിലെ റിസോര്‍ട്ടിലുള്ള എം.എല്‍.എമാരെ കാണാനെത്തിയ ശശികല കൊഴിഞ്ഞുപോക്കു തടയാന്‍ അവസാനത്തെ അടവും പുറത്തെടുത്തു. ജയലളിത തന്നോട് അവസാനമായി പറഞ്ഞ വാക്കുകള്‍ നിങ്ങളോട് വെളിപ്പെടുത്തുകയാണെന്ന് ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ എത്തിയ ശശികല കഴിഞ്ഞ ദിവസം എം.എല്‍.എമാരോട് പറഞ്ഞു.

പാര്‍ട്ടിയെ തകര്‍ക്കാന്‍ ആരെയും അനുവദിക്കരുതെന്ന് ജയലളിത തന്നോട് പറഞ്ഞുവെന്നാണ് ശശികല എം.എല്‍.എമാരോട് പറഞ്ഞത്. ജീവന്‍ നല്‍കിയും പാര്‍ട്ടിയെ സംരക്ഷിക്കണമെന്ന് അവര്‍ എം.എല്‍.എമാരോട് ആവശ്യപ്പെട്ടു. ജയലളിതയുടെ ചിത്രത്തിന് മുന്നില്‍നിന്ന് എല്ലാവരും ഇതുസംബന്ധിച്ച പ്രതിജ്ഞയെടുക്കണമെന്ന് അവര്‍ നിര്‍ദ്ദേശിച്ചു. അനശ്ചിതത്വം അവസാനിപ്പിക്കാന്‍ ഗവര്‍ണര്‍ ഇന്ന് ഇടപെടുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുമ്പോള്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു കോടതി വിധിക്കായി കാക്കുകയാണെന്നാണ് സൂചന.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.