1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2017

 

സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടില്‍ പനീര്‍ശെല്‍വം നില ശക്തമാക്കുന്നു, പിന്തുണയുമായി കൂടുതല്‍ എംഎല്‍എമാര്‍, മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ കണ്ണീരോടെ ശശികല. അധികാരത്തര്‍ക്കം രൂക്ഷമായ തമിഴ്‌നാട്ടില്‍ ശശികലയുടെ പ്രതീക്ഷകള്‍ മറികടന്ന് കൂടുതല്‍ എം.പിമാര്‍ പന്നീര്‍സെല്‍വം പക്ഷത്തേക്ക്. ശശികലയെ അണ്ണാ ഡി.എംകെ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ പിന്തുണച്ച അഞ്ച് എം.പിമാര്‍കൂടി പന്നീര്‍സെല്‍വത്തിന് പിന്തുണയുമായി ഞായറാഴ്ച രംഗത്തത്തെി. ഇതോടെ, കാവല്‍ മുഖ്യമന്ത്രിയായ പന്നീര്‍സെല്‍വത്തിന്റെ പാളയത്തിലത്തെിയ എം.പിമാരുടെ എണ്ണം പത്തായി. അതേസമയം, റിസോര്‍ട്ടുകളില്‍ തങ്ങുന്ന എം.എല്‍.എമാര്‍ ശശികലയുമായി വിലപേശലിലാണെന്നും സൂചനയുണ്ട്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ കണ്ണീരൊഴുക്കി പ്രതികരണവുമായെത്തിയ ശശികലയ്‌ക്കെതിരെ കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന്റെ വിമര്‍ശനം. മുതലക്കണ്ണീരൊഴുക്കുന്നതും ദിനംപ്രതി പുതിയ പ്രസ്താവനകള്‍ നടത്തുന്നതും യാതൊരു ഗുണവും ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. അനന്തിരവളായ ദീപയെ പോലും എന്തുകൊണ്ട് ജയലളിതയുടെ മൃതദേഹം കാണാന്‍ അനുവദിച്ചില്ലെന്നും പനീര്‍ശെല്‍വം ചോദിച്ചു. റിസോര്‍ട്ടിലെ ഓരോ എംഎല്‍എമാര്‍ക്കും ചുറ്റും നാലു ഗുണ്ടകളെ വീതമാണ് കാവലിനായി നിര്‍ത്തിയിരിക്കുന്നതെന്നും റിസോര്‍ട്ടില്‍ അവര്‍ ബന്ദിയാക്കപ്പെട്ടിരിക്കുകയാണെന്നും പനീര്‍ശെല്‍വം ആരോപിച്ചു.

എതിരാളികള്‍ സകല ചതികളും പയറ്റുമെന്നും എന്നാല്‍ അവരെ കാത്തിരിക്കുന്നത് പരാജയമാണെന്നുമാണ് വികെ ശശികല പറഞ്ഞത്. മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് അവര്‍ കണ്ണീരോടെ ഇക്കാര്യം പറഞ്ഞത്. ഭീഷണികളെ ഭയക്കുന്നില്ല. ജീവന്‍ നല്‍കിയും പാര്‍ട്ടിയെ രക്ഷിക്കും. പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ എം.ജി.ആര്‍ മരിച്ചപ്പോള്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കാന്‍ ശ്രമിച്ചവരാണ്. രാഷ്ട്രീയത്തിലിറങ്ങുന്ന സ്ത്രീകളെ ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും ശശികല ആരോപിച്ചു.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് രാജ്ഭവനു മുന്നിലോ മറീനാ ബീച്ചിലെ ജയാ സ്മാരകത്തിലോ തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ക്കൊപ്പം ശശികല ഉപവാസമിരിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചന നല്‍കി. അതേസമയം പനീര്‍സെല്‍വത്തിനു പിന്തുണയുമായി ബിജെപിയും രംഗത്തെത്തി. വിശ്വാസ വോട്ടെടുപ്പിലൂടെ ഭൂരിപക്ഷം തെളിയിക്കാന്‍ പനീര്‍സെല്‍വത്തിന് അവസരം നല്‍കണമെന്നും ബിജെപി ആവശ്യപ്പെട്ടു. പ്രശ്‌നപരിഹാരത്തിനു നിയമസഭാ സമ്മേളനം വിളിക്കണമെന്ന് മുഖ്യപ്രതിപക്ഷമായ ഡിഎംകെയും സിപിഎമ്മും ആവശ്യപ്പെട്ടു.

ശശികലയുടെ പക്ഷത്തുള്ള 128 എം.എല്‍.എമാരെ റിസോര്‍ട്ടുകളില്‍ ഒളിവില്‍ താമസിപ്പിച്ചിരിക്കുകയാണെങ്കിലും ഇവര്‍ പദവിയും പണവും ചോദിച്ച് ശശികലയുമായി വിലപേശല്‍ നടത്തുകയാണെന്നാണ് സൂചന. കച്ചവടത്തില്‍ ഇതുവരേയും ധാരണയാകാത്തതിലാണ് തുടര്‍ച്ചയായ രണ്ടാംദിവസവും എം.എല്‍.എമാരെ കാണാന്‍ ശശികല എത്തിയത്. ചര്‍ച്ചയെ തുടര്‍ന്ന് എം.എല്‍.എമാരെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലത്തെിച്ച ശശികല അവര്‍ സ്വതന്ത്രരാണെന്ന് വ്യക്തമാക്കി.

ഗവര്‍ണറുടെ തീരുമാനം ഇന്നോ നാളെയോ ഉണ്ടാകുമെന്ന് തമിഴ്‌നാട് മുന്‍ ഗവര്‍ണര്‍ കെ. റോസയ്യ ഹൈദരാബാദില്‍ വ്യക്തമാക്കി. അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ചെന്നൈയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്ഭവന്‍ മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. ശശികല എംഎല്‍എമാര്‍ക്കൊപ്പം രാജ്ഭവനിലേക്കു പ്രകടനമായെത്താനുള്ള സാധ്യതകൂടി കണക്കിലെടുത്താണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.