1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2015

സ്വന്തം ലേഖകന്‍: പാരസെറ്റാമോള്‍ ഗുളികകള്‍ വേദന മാത്രമല്ല, കഴിക്കുന്നവരുടെ സന്തോഷവും ഇല്ലാതാക്കുമെന്ന് പഠനം. അമേരിക്കയിലെ ഒരു സംഘം ഗവേഷകരാണ് ലോകത്തെ ഏറ്റവും പ്രചാരമുള്ള വേദനാ സംഹാരി ഉപയോഗിക്കുന്നവരെ ആശങ്കയിലാഴ്ത്തുന്ന പഠനവുമായി രംഗത്ത് എത്തിയത്.

പാരസെറ്റാമോള്‍ വേദന കുറക്കാനായി പ്രവര്‍ത്തിക്കുന്ന തലച്ചോറിന്റെ അതേ ഭാഗം തന്നെയാണ് വൈകാരിക പ്രതികരണങ്ങളേയും നിയന്ത്രിക്കുന്നത് എന്നതിനാലാണ് ഗുളിക കഴിക്കുന്നവരുടെ സന്തോഷത്തെ അത് ബാധിക്കുന്നതെന്ന് പഠനത്തില്‍ പറയുന്നു. ഗുളിക കഴിച്ചവര്‍ക്ക് വൈകാരികമായ സംവേദത്തിലും കാര്യമായ കുറവുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

പഠനത്തില്‍ പങ്കെടുത്ത 82 വിദ്യാര്‍ഥികളില്‍ കുറച്ചു പേര്‍ക്ക് പാരസെറ്റാമോളും ബാക്കിയുള്ളവര്‍ക്ക് പാരസെറ്റാമോള്‍ എന്ന വ്യാജേന വ്യാജ മരുന്നും നല്‍കിയായിരുന്നു പരീക്ഷണം. ഒരു മണിക്കൂറിനു ശേഷം 82 പേരോടും 40 ഫോട്ടോഗ്രാഫുകള്‍ നിരീക്ഷിക്കാന്‍ ആവശ്യപ്പപെട്ടു.

ക്ഷാമം മൂലം മെലിഞ്ഞുണങ്ങിയ കുഞ്ഞുങ്ങള്‍, വളര്‍ത്തു മൃഗങ്ങളോടൊപ്പം കളിക്കുന്ന സന്തുഷ്ടരായ കുഞ്ഞുങ്ങള്‍ എന്നിങ്ങനെ കാണുന്നവരില്‍ തീവ്രമായ വൈകാരിക പ്രതികരണം സൃഷ്ടിക്കാന്‍ പോന്നവയായിരുന്നു ഫോട്ടോഗ്രാഫുകള്‍.

പാരസെറ്റാമോള്‍ കഴിച്ച ആളുകള്‍ ഫോട്ടോഗ്രാഫുകള്‍ കണ്ടതിനു ശേഷം രേഖപ്പെടുത്തിയ വൈകാരിക പ്രതികരണം മരുന്നു കഴിക്കാത്തവര്‍ രേഖപ്പെടുത്തിയ പ്രതികരണത്തേക്കാള്‍ ഏറെ താഴെയായിരുന്നുവെന്ന് പഠനം വെളിപ്പെടുത്തുന്നു. ഞെട്ടിക്കുന്ന ചിത്രങ്ങളോട് ശരിക്കും മരുന്നു കഴിച്ചവരുടെ പ്രതികരണം മിക്കവാറും നിര്‍വികാരമായിരുന്നു.

വേദനാ സംഹാരികള്‍ കഴിക്കുന്നവരുടെ വൈകാരിക പ്രതികരണങ്ങളെ ബാധിക്കുമെന്ന കണ്ടെത്തല്‍ പ്രധാനമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. വിപണിയിലെ മറ്റു പ്രധാന വേദനാ സംഹാരികളായ ആസ്പിരിനും ഇബുപ്രോഫേനും ഇതേ രീതിയിലാണോ പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.