1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2018

സ്വന്തം ലേഖകന്‍: ‘എല്ലാ കമന്റുകളും ഞാന്‍ വായിക്കാറുണ്ട്, എങ്ങനെയാണ് എന്നെ കൊല്ലാന്‍ പോകുന്നത്, ബലാത്സംഗം ചെയ്യാന്‍ പോകുന്നത്,’ വനിതാദിന പരസ്യത്തില്‍ പാര്‍വതി. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പരസ്യത്തിലാണ് പാര്‍വതി തന്റെ അഭിപ്രായങ്ങളും ആശയങ്ങളും ആത്മവിശ്വാസത്തോടെ തുറന്നു പറയുന്നത്. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയതിന് തൊട്ടു പിറകെയാണ് പാര്‍വതിയുടെ പരസ്യം പുറത്തിറങ്ങിയത്.

‘ഞാന്‍ വളരെ വൈകാരികമായ സ്‌നേഹവും ആര്‍ദ്രതയും ആഗ്രഹിക്കുകയും അത് നല്‍കുകയും ചെയ്യുന്ന വ്യക്തിയാണ്. എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ ഒറ്റ വാക്കില്‍ വിവരിക്കണമെങ്കില്‍ പരുക്കനായത് എന്ന് പറയാം.

വൈകാരികമായി മറ്റുള്ളവരെ ആശ്രയിക്കുന്ന, അധിക്ഷേപങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ബലാല്‍സംഗങ്ങള്‍ക്കും എന്നില്‍ തന്നെ കുറ്റം കണ്ടെത്തുന്ന ഒരുവളായിരിക്കണം ഞാനെന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷേ, പിന്നീടാണ് ഞാന്‍ തിരിച്ചറിഞ്ഞത് ഇതിലൂടെയൊന്നും കടന്നുപോകാത്ത നിരവധി ആളുകള്‍ ഇവിടെയുണ്ട്, അതുകൊണ്ടു തന്നെ നമ്മള്‍ ഈ കുറ്റങ്ങളെല്ലാം സ്വയം ഏറ്റെടുക്കുന്നത് അത്ര സ്വാഭാവികമായ കാര്യമല്ല.

അങ്ങനെയാണ് എനിക്കെവിടെ നിന്നെന്ന് ഇത്തരമൊരു ആശയം കിട്ടിയതെന്ന അന്വേഷണത്തില്‍ ഞാന്‍ എത്തിച്ചേര്‍ന്നത്. കുറ്റം ചെയ്തവന്റെ തെറ്റ് പൊറുത്ത്, നമ്മള്‍ ചൂഷണം ചെയ്യപ്പെടുമ്പോള്‍ ഒരു സംശയത്തിന്റെ മറവില്‍, ആനൂകൂല്യത്തില്‍ അവരെ വെറുതെ വിടുന്നതെവിടെ നിന്ന് ലഭിച്ച ആശയമാണെന്ന്. അങ്ങനെയാണ് ആ തിരിച്ചറിവ് എനിക്കുണ്ടായത്. അത് എന്നെ രൂപപ്പെടുത്തിയ ഘടകങ്ങളിലുണ്ട്, സിനിമയിലുണ്ട്, കലയിലുണ്ട്, നമ്മള്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന എല്ലായിടത്തുമുണ്ട്.

ചില സിനിമകളെ കുറിച്ച്, അവയില്‍ സ്ത്രീവിരുദ്ധത എങ്ങനെയാണ് ആഘോഷിക്കപ്പെടുന്നത് എന്നതിനെ കുറിച്ച് ഞാന്‍ സംസാരിച്ചപ്പോള്‍ ഞാന്‍ കരുതിയത് അത് ആവശ്യമുള്ളവരെയാണ്, അറിയേണ്ടവരെയാണ് ഞാന്‍ പഠിപ്പിക്കുന്നതെന്നായിരുന്നു. അതങ്ങനെയാണ്, ഒരുവന് വേണ്ടത് മാത്രം കേള്‍ക്കുന്ന പ്രവണത, അന്ധമായ ആരാധന , താരാധന എന്നിവയെല്ലാം ഇവിടെയുണ്ട്.

എനിക്ക് വരുന്ന ഓരോ കമന്റുകളും ഞാന്‍ വായിക്കാറുണ്ട്. അവര്‍ എങ്ങനെയാണ് എന്നെ കൊല്ലാന്‍ പോകുന്നത്, ബലാത്സംഗം ചെയ്യാന്‍ പോകുന്നത്, സിനിമയില്‍ തുടരാന്‍ ആകാത്ത വിധം ഈ മേഖലയില്‍ നിന്നും എന്നെന്നേക്കുമായി എന്നെ ഒഴിവാക്കുന്നത് അങ്ങനെ എല്ലാം.

ഞാന്‍ കാരണം മറ്റൊരു വ്യക്തികളുടെ ജീവിതം ദുരിതത്തിലാവരുത് എന്ന ചിന്ത എനിക്കുണ്ട്. എന്നാല്‍ എന്റെ കാഴ്ചപ്പാടും അഭിപ്രായങ്ങളും പങ്കുവയ്ക്കുന്നതിലൂടെ മറ്റൊരു പെണ്‍കുട്ടിയ്ക്ക് അവളുടെ ജീവിതം അല്പം സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍, പേടികൂടാതെ ജീവിക്കാന്‍ സാധ്യമാവുകയാണെങ്കില്‍ അതാണെനിക്ക് വേണ്ടത്.

ഈ കോലാഹലങ്ങളും ആര്‍പ്പുവിളികളും ഞാന്‍ മതിയാക്കി, അതിനെ കുറിച്ച് പരസ്യപ്പെടുത്തുന്നതും ഞാന്‍ മതിയാക്കി. ഇനി ഉള്ളത് എന്തെങ്കിലും ചെയ്യുക എന്നത് മാത്രമാണ്. ഞാന്‍ പാര്‍വതി തിരുവോത്ത്… ഇങ്ങനെയാണ് ഞാന്‍ എന്റെ ലോകം കെട്ടിപ്പടുക്കുന്നത്,’ പാര്‍വതി പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.