1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2020

സ്വന്തം ലേഖകൻ: അടുത്ത ആഴ്ച മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് മുറി-ഓണ്‍ലൈന്‍ മിശ്ര പഠനം അല്ലെങ്കില്‍ വീട്ടിലിരുന്നുളള ഓണ്‍ലൈന്‍ പഠനം മാത്രം മതിയോ എന്നത് രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാമെന്നു ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. ഇന്നലെ പൊതുജനാരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഒരു പഠന സംവിധാനത്തില്‍ നിന്ന് മറ്റൊരു പഠന സംവിധാനത്തിലേക്കുള്ള മാറ്റത്തില്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്തല്‍, ആരോഗ്യ, സുരക്ഷാ വകുപ്പുകളുടെ ക്രമീകരണം, ഹാജര്‍ ഷെഡ്യൂള്‍ കൈകാര്യം ചെയ്യല്‍ തുടങ്ങി ഒട്ടേറെ നടപടിക്രമങ്ങള്‍ സ്‌കൂളുകള്‍ക്ക് വേണമെന്നതിനാല്‍ ശ്രദ്ധാപൂര്‍വം രക്ഷിതാക്കള്‍ അന്തിമ തീരുമാനം എടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേശകന്‍ മുഹമ്മദ് അല്‍ ബാഷിരി പറഞ്ഞു.

മിശ്ര പഠനത്തിലും ഓണ്‍ലൈന്‍ പഠനത്തിലും വിദ്യാര്‍ഥികളുടെ ഹാജര്‍ നില പരിഗണിക്കും. പരീക്ഷകള്‍ക്ക് വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും സ്‌കൂളുകളില്‍ ഹാജരാകുകയും വേണമെന്നും അല്‍ ബാഷിരി നിര്‍ദേശിച്ചു. കൊവിഡ്-19 നിയന്ത്രണങ്ങളിലെ 4-ാം ഘട്ട ഇളവുകളുടെ ഭാഗമായി സെപ്റ്റംബര്‍ 1 മുതല്‍ രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ ക്ലാസ് മുറി-ഓണ്‍ലൈന്‍ മിശ്ര പഠനം തുടരുകയാണ്.

സ്‌കൂള്‍ തുറന്നിട്ടും കൊവിഡ് ആശങ്കകളെ തുടര്‍ന്ന് മക്കളെ ഇനിയും സ്‌കൂളില്‍ അയയ്ക്കാത്ത രക്ഷിതാക്കള്‍ ധാരാളമുണ്ട്. ഈ സാഹചര്യത്തില്‍ മക്കളുടെ സ്‌കൂള്‍ പഠനം സംബന്ധിച്ച് ഉചിതമായ തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യമാണ് അധികൃതര്‍ രക്ഷിതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.

നിലവിലെ മിശ്ര പഠന പ്രകാരം സ്‌കൂളുകളില്‍ പ്രതിദിനം 30 ശതമാനം വിദ്യാര്‍ഥികള്‍ മാത്രം ഹാജരായാല്‍ മതി. ഇതനുസരിച്ച് ഒരു വിദ്യാര്‍ഥി ആഴ്ചയില്‍ പരമാവധി 1 മുതല്‍ 3 ദിവസം വരെ സ്‌കൂളിലെത്തി പഠിക്കണം. സ്‌കൂളില്‍ ഹാജരാകാത്ത ദിവസങ്ങളില്‍ ഓണ്‍ലൈന്‍ പഠനത്തില്‍ പങ്കെടുക്കണം.

കൊവിഡ്-19 മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ കര്‍ശനമായി നടപ്പാക്കിയാണ് സ്‌കൂളുകളുടെ പ്രവര്‍ത്തനം. ഇതുവരെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലായി 1.5 ശതമാനം സ്‌കൂളുകളും 1.6 ശതമാനം ക്ലാസ് മുറികളും മാത്രമാണ് കൊവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ചത്. 60 നും 80 ശതമാനത്തിനും ഇടയില്‍ വിദ്യാര്‍ഥികള്‍ ക്ലാസുകളിലെത്തിയിട്ടുണ്ട്. മന്ത്രാലയങ്ങളുടെ കര്‍ശന നിരീക്ഷണത്തില്‍ തന്നെയാണ് സ്‌കൂളുകളെന്നും അധികൃതർ അറിയിച്ചു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.