1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 14, 2015

സ്വന്തം ലേഖകന്‍: ഭീകരാക്രമണത്തില്‍ പാരീസ് വിറച്ചു, ചാവേര്‍ സ്‌ഫോടനങ്ങളിലും വെടിവപ്പിലും 150 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പാരീസിലെ പെറ്റീറ്റ് കംബോജെ റെസ്റ്റോറന്റില്‍ ഓട്ടോമാറ്റിക് തോക്കുപയോഗിച്ച് ഒരാള്‍ നടത്തിയ വെടിവെയ്പില്‍ 11 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മധ്യ പാരീസിലെ ബാറ്റാക്ലാന്‍ തിയേറ്ററില്‍ തോക്കുധാരികള്‍ വെടിയുതിര്‍ത്ത ശേഷം കലാപരിപാടി ആസ്വദിക്കാനെത്തിയവരെ ബന്ദിയാക്കി. ഇവിടെ 100 പേരാണ് ബന്ദിയാക്കപ്പെട്ടിരിക്കുന്നത്.

ബറ്റാക്ലാന്‍ തിയേറ്ററിലുണ്ടായ വെടിവെയ്പില്‍ 15 പേര്‍ ഇതിനോടകം മരിച്ചുകഴിഞ്ഞു. തിയേറ്ററിന് പുറത്ത് അഞ്ച് സ്‌ഫോടനങ്ങള്‍ നടന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. രണ്ടിടങ്ങളില്‍ ചാവേര്‍ ആക്രമണവും ഒരു സ്‌ഫോടനവും നടന്നുവെന്നാണ് ഫ്രഞ്ച് പോലീസ് വ്യക്തമാക്കുന്നത്.
വടക്കന്‍ പാരീസിലെ പ്രശസ്തമായ സ്റ്റാഡെ ഫ്രാന്‍സ് സ്റ്റേഡിയത്തിന് സമീപമുള്ള ഒരു ബാറിന് പുറത്ത് മൂന്നു സ്‌ഫോടനങ്ങള്‍ നടന്നു. ഫ്രാന്‍സുംജര്‍മ്മനിയും തമ്മിലുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരം ഈ സ്‌റ്റേഡിയത്തില്‍ നടക്കുന്നതിനിടെയാണ് പുറത്ത് പൊട്ടിത്തെറി നടന്നത്.

മത്സരം കാണാനെത്തിയ പ്രസിഡന്റ് ഫ്രാന്‍കോയിസ് ഹൊളാന്റെയെ സ്‌ഫോടനത്തിന് പിന്നാലെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പെറ്റീറ്റ് കംബോജെ റെസ്‌റ്റോറന്റിന് പുറത്ത് മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്ത സാഹചര്യത്തില്‍ 10 പേര്‍ വഴിയില്‍ കിടക്കുന്നത് കണ്ടതായി ബി.ബി.സി ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു. 100 റൗണ്ടിലേറെ ഇവിടെ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. നിറയൊഴിച്ച ശേഷം അക്രമി സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ടു.

ചാര്‍ലി ഹെബ്‌ദോ മാസികയില്‍ നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നുണ്ടായ തീവ്രവാദി ആക്രമണത്തിന് ശേഷം രാജ്യത്തുണ്ടാകുന്ന ആക്രമണമാണിത്. ആക്രമണം നടന്ന ചാര്‍ലി ഹെബ്‌ദോ മാസികയുടെ ഓഫീസിന് 200 മീറ്റര്‍ മാത്രം അകലെയുള്ള തിയേറ്ററിലാണ് വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം 100 പേരെ ബന്ദിയാക്കിയത്.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രസിഡന്റ് ഹൊളാന്റെയുടെ അധ്യക്ഷതയില്‍ അടിയന്തര കാബിനറ്റ് യോഗം ചേര്‍ന്നു. മന്ത്രിസഭാ യോഗത്തിന് ശേഷം പ്രസിഡന്റ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ചു. പാരീസിലെങ്ങും സൈന്യത്തെ വിന്യസിച്ചു. ജനങ്ങളോട് വീടുകളില്‍ തന്നെ കഴിയണമെന്നും പുറത്തിറങ്ങരുതെന്നും പാരീസ് മുനിസിപ്പാലിറ്റി നിര്‍ദേശം നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.