1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2019

സ്വന്തം ലേഖകന്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിയുടെ ഉത്തരവാദിത്വം പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രവര്‍ത്തകസമിതി യോഗത്തില്‍ ഏറ്റെടുത്തു. അതേസമയം രാഹുലിന്റെ രാജിസന്നദ്ധത സമിതി തള്ളിയതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നെങ്കിലും പാര്‍ട്ടി അക്കാര്യം തള്ളിയിരുന്നു.

പരാജയത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനും സംഘടനാതലത്തില്‍ മാറ്റങ്ങള്‍ വരുത്താനും രാഹുലിനു സമിതി അനുമതി നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ യോഗം അവസാനിച്ചു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് വാര്‍ത്താസമ്മേളനം വിളിച്ച് ഔദ്യോഗികമായി കാര്യങ്ങള്‍ വിശദീകരിക്കും.

നേരത്തേ രാഹുല്‍ രാജിവെച്ചെന്നും അതു പ്രവര്‍ത്തകസമിതി തള്ളിയെന്നുമുള്ള വാര്‍ത്തകള്‍ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിയുടെ കാരണങ്ങള്‍ ചര്‍ച്ച ചെയ്തുകഴിഞ്ഞതിനുശേഷമായിരുന്നു രാഹുല്‍ രാജി നല്‍കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നും രാജിയെക്കുറിച്ച് ഒന്നും സമിതിയില്‍ ചര്‍ച്ച ചെയ്തില്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ജീപ് സിങ് സുര്‍ജേവാല വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്ന ദിവസം മുതല്‍ രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെയ്ക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിനിടെ തനിക്കാണു തോല്‍വിയുടെ ഉത്തരവാദിത്വമെന്നു ഫലപ്രഖ്യാപനം വന്നതിനുശേഷം രാഹുല്‍ പറഞ്ഞു. എന്നാല്‍ രാജിയെക്കുറിച്ച് ഈ ഘട്ടത്തില്‍ ആലോചിക്കരുതെന്നും രാഹുല്‍ തന്നെ അധ്യക്ഷനായി തുടരണമെന്നുമാണ് നേതാക്കള്‍ അഭിപ്രായപ്പെട്ടത്.

52 അംഗങ്ങളാണു സമിതിയിലുള്ളത്. രാഹുലിനെക്കൂടാതെ പ്രിയങ്കാ ഗാന്ധി വദ്ര അടക്കമുള്ള ജനറല്‍ സെക്രട്ടറിമാര്‍, യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവരാണു സമിതിയിലുള്ളത്. എന്നാല്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് യോഗത്തില്‍ പങ്കെടുത്തില്ല. പാര്‍ട്ടിയുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരിലാണോ ഇതെന്ന കാര്യം വ്യക്തമല്ല. പാര്‍ട്ടിയുടെ സന്ദേശം ജനങ്ങളിലേക്ക് കൃത്യമായി എത്തിയിട്ടില്ലെന്നും ‘ന്യായ്’ പദ്ധതി ജനങ്ങളുടെ മുന്നിലേക്ക് നേരത്തെ അവതരിപ്പിക്കണമായിരുന്നുവെന്നും പ്രചരണ രംഗത്ത് പ്രിയങ്ക നേരത്തെ എത്തണമായിരുന്നുവെന്നും കമല്‍നാഥ് പറഞ്ഞിരുന്നു.

2014ല്‍ പാര്‍ട്ടിയുടെ എക്കാലത്തെയും മോശം സീറ്റ് നേട്ടമായ 44ലേക്കെത്തിയപ്പോള്‍ അന്നത്തെ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രാജിവെയ്ക്കണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നിരുന്നു. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ഉയര്‍ന്ന മുറുമുറുപ്പുകളെ അവര്‍ അവഗണിച്ചു. എന്നാല്‍ ഇപ്പോഴുണ്ടായിരിക്കുന്ന എതിര്‍പ്പിന് അന്നത്തേക്കാളേറെ ശബ്ദം കൂടുതലാണ്. രണ്ടുതവണ തുടര്‍ച്ചയായി പൊതുതെരഞ്ഞെടുപ്പുകളില്‍ ദയനീയമായി പരാജയപ്പെട്ടത് പാര്‍ട്ടി അണികളിലും അതൃപ്തിയുണ്ടാക്കുന്നുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രാജിസന്നദ്ധത പ്രവര്‍ത്തകസമിതി തള്ളി. തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയുടെ കാരണങ്ങള്‍ ചര്‍ച്ച ചെയ്തുകഴിഞ്ഞതിനുശേഷമായിരുന്നു രാഹുല്‍ രാജിസന്നദ്ധത അറിയിച്ചതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.