1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2017

സ്വന്തം ലേഖകന്‍: ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ടേക് ഓഫിലെ പ്രകടനത്തിലൂടെ പാര്‍വതി മികച്ച നടി, അപൂര്‍വ നേട്ടം കഷ്ടപ്പെടുന്ന എല്ലാ നഴ്‌സുമാര്‍ക്കും സമര്‍പ്പിക്കുന്നുവെന്ന് പാര്‍വതി, ടേക് ഓഫിന് മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ് മേളയില്‍ മലയാളത്തിന്റെ അഭിമാനമാകുകയും ചെയ്തു.

ഗോവ ചലചിത്രമേളയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളിക്ക് അഭിനയത്തിനുള്ള പുരസ്‌കാരം ലഭിക്കുന്നത്. റാഖിലെ മലയാളി നഴ്‌സുമാരുടെ ജീവിതം പറയുന്ന ടേക്ക് ഓഫ് ഐഎസ് ഭീകരര്‍ മൊസൂള്‍ പിടിച്ചപ്പോള്‍ കുടുങ്ങിപ്പോയ മലയാളി നഴ്‌സുമാരുടെ രക്ഷപെടാനുള്ള ധീരമായ ശ്രമത്തിന്റെ അതിജീവന കഥയാണ്.

അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയ്ക്ക് സമര്‍പ്പിച്ചിരിക്കുന്ന ചിത്രം നിര്‍മിച്ചത് ആന്റോ ജോസഫും ഷെബിന്‍ ബക്കറും ചേര്‍ന്നാണ്. പാര്‍വതിക്കൊപ്പം ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനുമാണ് പ്രധാന വേഷങ്ങളിലെത്തിയത്. മഹേഷ് നാരായണനും പിവി ഷാജികുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മേഘാ രാജേഷ് പിള്ളയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

വിശ്വരൂപത്തിന്റെ ക്യാമറ നിര്‍വഹിച്ച സാനു ജോണ്‍ വര്‍ഗീസാണ് ഛായാഗ്രാഹണം. ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോപീസുന്ദറാണ് പശ്ചാത്തലസംഗീതം. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറെ പ്രശംസപിടിച്ചു പറ്റിയ ‘ടേക്ക് ഓഫ്’എന്ന ചിത്രത്തിനുള്ള ഇരട്ടസമ്മാനമായി പാര്‍വതി നേടിയ മികച്ച നടക്കുള്ള പുരസ്‌കാരവും പ്രത്യേക ജൂറി പരാമര്‍ശവും.

എയ്ഡ്‌സിനെതിരായ പ്രതിരോധ പ്രവര്‍ത്തനം വിഷയമാക്കിയ ഫ്രഞ്ച് ചിത്രം 120 ബീറ്റ്‌സ് പെര്‍ മിനിറ്റ് എന്ന ചിത്രത്തിനാണ് മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം. ഈ ചിത്രത്തില്‍ ഷോണ്‍ ഡാല്‍മാസോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നാഹ്യുല്‍ പെരസ് ബിസായാര്‍ട്ടാണ് മികച്ച നടന്‍. എയ്ഞ്ചല്‍സ് വേര്‍ വൈറ്റ് ചിത്രം ഒരുക്കിയ വിവിയന്‍ ക്യുവാണ് മികച്ച സംവിധായിക.

കിരോ റുസ്സോയുടെ ഡാര്‍ക്ക് സ്‌കള്ളിനാണ് മികച്ച നവാഗത സംവിധായകന്റെ ചിത്രത്തിനുള്ള പുരസ്‌കാരം. യുണെസ്‌ക്കോ ഗാന്ധി മെഡല്‍ ഷിറ്റിജ് എ ഹൊറൈസണ്‍ കരസ്ഥമാക്കി. മലയാള ചിത്രമായ എസ് ദുര്‍ഗ, ന്യൂഡ് എന്നീ ചിത്രങ്ങള്‍ പിന്‍വലിച്ചതിലൂടെ വിവാദമയമായ മേളക്ക് കഴിഞ്ഞ ദിവസം തിരശീല വീണു. എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കാന്‍ കോടതി വിധിയുണ്ടായിട്ടും സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ ചിത്രം പ്രദര്‍ശിപ്പിക്കാതെയാണ് മേള അവസാനിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.