1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2015

സ്വന്തം ലേഖകന്‍: പ്രവാസി ജീവിതത്തിന്റെ നേര്‍ക്കാഴ്ചയുമായി മമ്മൂട്ടിയും സലീം അഹമ്മദും, പത്തേമാരി മികച്ച അഭിപ്രായവുമായി മുന്നേറുന്നു. തനിക്കും കുടുംബത്തിനും മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി കടല്‍ കടന്നു പോകുന്ന ഓരോ പ്രവാസിയുടേയും കഥയാണ് ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ സലിം അഹമ്മദിന്റെ പുതിയ ചിത്രമായ പത്തേമാരി. ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട എന്നീ ചിത്രങ്ങളിലൂടെ സലിം അഹമ്മദ് എന്ന സംവിധായകന്‍ മലയാളി പ്രേക്ഷകര്‍ക്ക് നല്‍കിയ പ്രതീക്ഷ പത്തേമാരിയിലും നിലനിര്‍ത്തുന്നു. അന്‍പത് വര്‍ഷങ്ങള്‍ പിന്നിട്ട മലയാളി പ്രവാസി ജീവിതത്തിന്റെ രേഖകളാണ് പള്ളിക്കല്‍ നാരായണന്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെ നാല് ഘട്ടങ്ങളായി സലിം അഹമ്മദ് അവതരിപ്പിക്കുന്നത്. അറുപതുകളില്‍ മലയാളിയുടെ ഗള്‍ഫ് കുടിയേറ്റം ആരംഭിക്കുന്ന കാലഘട്ടത്തില്‍ നാല്‍പ്പത് മണിക്കൂറുകളോളം നീണ്ട യാത്രയാണ് ഗള്‍ഫ് രാജ്യങ്ങളിലെത്താന്‍ വേണ്ടിയിരുന്നത്. പാസ്‌പോര്‍ട്ടോ വിസയോ മറ്റു തിരിച്ചറിയല്‍ രേഖകളോ പോലും കയ്യില്‍ ഇല്ലാതെ, ഗള്‍ഫില്‍ എത്തിച്ചേരുമോ എന്നുപോലും ഉറപ്പില്ലാത്ത സാഹസിക യാത്ര. അക്കാലത്ത് ജീവന്‍ പണയം വച്ച് കടല്‍ കടന്ന നാരയണനായി മമ്മൂട്ടി പ്രേക്ഷകനെ കരയിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നു. പള്ളിക്കല്‍ നാരായണന്റെ ഭാര്യയായെത്തിയ ജുവല്‍ മേരി ആ കഥാപാത്രത്തെ ഉജ്ജ്വലമാക്കി. പ്രവാസികളുടെ ഭാര്യമാരുടെ വിഹ്വലതകളും കാത്തിരിപ്പും ഏകാന്തതയും ജുവല്‍ സ്‌ക്രീനില്‍ മനോരമാക്കി. സിദ്ധിഖിന്റെ മകന്‍ ഷഹീന്‍, സലിം കുമാര്‍, ശ്രീനിവാസന്‍, സിദ്ദിഖ്, ബാലചന്ദ്ര മേനോന്‍, ജോയ് മാത്യു, യവനിക ഗോപാലകൃഷ്ണന്‍, സാജു നവോദയ, അനു ജോസഫ്, ശ്രുതി ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മധു അമ്പാട്ടാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. റസൂല്‍ പൂക്കുറ്റിയുടേതാണ് ശബ്ദ സംവിധാനം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.