1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 28, 2020

സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്താന്‍ രാജ്യത്തെ പൗരര്‍ക്ക് അനുമതി നല്‍കി ഇസ്രഈല്‍ ഗവണ്‍മെന്റ്. ഇസ്രഈലിലെ ജൂതര്‍ക്കും ഇസ്‌ലാം മത വിശ്വാസികള്‍ക്കും വിശ്വാസാചാരങ്ങളുമായി ബന്ധപ്പെട്ടോ ബിസിനസ് ആവശ്യത്തിനോ 90 ദിവസം വരെ സൗദി സന്ദര്‍ശനം നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്.

എന്നാല്‍ ഇസ്രഈല്‍ പൗരര്‍ക്ക് തല്‍ക്കാലം സൗദിയില്‍ പ്രവേശനമില്ല എന്നാണ് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അറിയിച്ചിരിക്കുന്നത്.

“ഞങ്ങളുടെ നയം സ്ഥിരതയുള്ളതാണ്. ഇസ്രഈലുമായി യാതൊരു ബന്ധവും ഞങ്ങള്‍ക്കില്ല. ഇസ്രഈല്‍ പാസ്‌പോര്‍ട്ടുമായി വരുന്നവര്‍ക്ക് സൗദിയില്‍ പ്രവേശിക്കാനാവില്ല,” സൗദി വിദേശ കാര്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇസ്രഈല്‍ പൗരര്‍ക്ക് സൗദി സന്ദര്‍ശിക്കാം എന്നറിയിച്ചു കൊണ്ട് ഇസ്രഈല്‍ ആഭ്യന്തരമന്ത്രി ആരിയ ദെരി അറിയിച്ചത്. സൌദിയിലെ മക്ക സന്ദര്‍ശനമുള്‍പ്പെടെയുള്ള വിശ്വാസ ആവശ്യങ്ങള്‍ക്കായി സൗദിയില്‍ പോവാം എന്നായിരുന്നു പ്രഖ്യാപനം. സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളുമായി നിലവില്‍ ഇസ്രഈലിന് നയതന്ത്ര ബന്ധം ഇല്ല. ജോര്‍ദാന്‍, ഈജിപ്ത് എന്നീ രണ്ടു അറബ് രാജ്യങ്ങളുമായി മാത്രമേ ഇസ്രഈലിന് പശ്ചിമേഷ്യയില്‍ ബന്ധമുള്ളൂ.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫലസ്തീന്‍- ഇസ്രഈല്‍ തര്‍ക്കത്തില്‍ പുതിയ നയ രൂപീകരണം അടുത്തയാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് ഇസ്രഈലിന്റെ നീക്കം. ഡീല്‍ ഓഫ് ദ സെഞ്ച്വറി എന്ന് ഇസ്രഈല്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന ട്രംപിന്റെ നയത്തെ ആകാംക്ഷയോടെയാണ് ഇസ്രഈല്‍ ഉറ്റു നോക്കുന്നത്. വാഷിംഗ്ടണില്‍ വെച്ച് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പമാണ് ട്രംപ് നയപ്രഖ്യാപനം നടത്തുന്നത്. എന്നാല്‍ ഇസ്രഈല്‍-ഫല്സ്തീന്‍ തര്‍ക്കത്തിലെ പ്രധാന നയരൂപീകരണത്തിന് ഫല്സ്തീന്‍ നേതാക്കളെ ക്ഷണിച്ചിട്ടില്ല.

ട്രംപിന്റെ നീക്കത്തെ ഫലസ്തീന്‍ സ്വാഗതം ചെയ്യുന്നുമില്ല. ട്രംപ് ഇക്കാര്യത്തില്‍ നയം രൂപീകരിച്ചാല്‍ ഇസ്രഈല്‍-ഫലസ്തീന്‍ സമാധാന കരാറായ ഒസ്‌ലോ കരാറിന്റെ അനുബന്ധ ഉടമ്പടിയില്‍ നിന്ന് പിന്‍മാറുമെന്നാണ് ഫലസ്തീന്‍ നേതാക്കള്‍ അറിയിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.