1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2012

മനോജ് മാത്യു

ബ്രിട്ടണിലെ ഈ വര്‍ഷത്തെ സമ്മര്‍ സീസണ്‍ മഴയില്‍ കുതിര്‍ന്നുപോവുമ്പോള്‍ മലയാളികള്‍ക്കിത് ഉത്സവകാലമാണ്. ബൈബിളില്‍ സഭാപ്രസംഗകന്‍ പറയുന്നതുപോലെ എല്ലാത്തിനും ഒരു കാലമുണ്ട്; നടാനൊരു കാലം, നട്ടതു പറിക്കാനൊരു കാലം; കരയാന്‍ ഒരു കാലം, ചിരിക്കാന്‍ ഒരു കാലം; കീറാന്‍ ഒരു കാലം, തുന്നാന്‍ ഒരു കാലം. യു. കെയിലെ മലയാളി ക്രെസ്ഥവരെ സംബന്ധിച്ചിടത്തോളം ജൂലൈമാസം പെരുനാള്‍ക്കാലമാണ്. ഇവിടുത്തെ എല്ലാ ഓണ്‍ലൈന്‍ മലയാള പത്രങ്ങളിലും നാട്ടിലെ പ്രധാന പത്രങ്ങളുടെ പ്രവാസി കോളങ്ങളിലും നിറയുന്നത് തിരുനാള്‍ വിശേഷങ്ങളാണ്. എന്തും ഏതും ആഘോഷമാക്കാനുള്ള പാശ്ചാത്യ പ്രവണതയുടെ മലയാളീവല്‍ക്കരണം ഈ ആഘോഷങ്ങളിലെല്ലാം കാണാം. ഇന്ന് ആര്‍ഭാടങ്ങളും അനാചാരങ്ങളും നിറഞ്ഞ പെരുനാള്‍ ആഘോഷങ്ങള്‍ പ്രവാസജീവിതത്തിന്റെ അനിവാര്യതയായി മാറിയിരിക്കുന്നു. കേരളത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത പുണ്യവാളന്‍മാരുടെ പേരില്‍പോലും ഇവിടെ തിരുനാളുകള്‍ സംഘടിപ്പിക്കുന്നു.

യു.കെയിലേക്കുള്ള കുടിയേറ്റത്തിന്റെ ആദ്യനാളുകളില്‍ ഒരു ആംഗ്ലിക്കന്‍ പള്ളിയെങ്കിലും അടുത്തുണ്ടെന്നത് പ്രവാസിക്കൊരു ആശ്വാസമായിരുന്നു. ജീവിതത്തിന്റെ അനിശ്ചിതത്വവും, ജോലിയില്ലായ്മയും, ഭാവിയുടെ ഉത്ക്കണ്ഠയുമെല്ലാം പഴമയുടെ ഗന്ധം തങ്ങിനില്‍ക്കുന്ന ദേവാലയത്തിന്റെ കല്ഭിത്തികള്‍ക്കുള്ളില്‍ അവര്‍ ഇറക്കിവച്ചു. ഹൃദയ വ്യഥകള്‍ ഇംഗ്ലീഷ് പുരോഹിതനോടു പങ്കുവയ്ക്കാന്‍ ഗ്രാമറും ആക്‌സന്റും അന്നു തടസ്സമായില്ല. ആ കാലത്ത് കേരളത്തില്‍നിന്നുള്ള മതമേലധ്യക്ഷന്മാരുടെ ഇങ്ങോട്ടുള്ള പ്രയാണം തുടങ്ങിയിരുന്നില്ല. എന്നാല്‍ പിന്നീടു മലയാളി ജീവിതം ഇവിടെ പച്ചപിടിച്ചു കഴിഞ്ഞപ്പോള്‍ വിശ്വാസിയുടെ ആത്മീയാവശ്യങ്ങളും മാറിവന്നു.

ഇന്നിപ്പോള്‍ മലയാളത്തില്‍ത്തന്നെയുള്ള കുര്‍ബാന വേണം, സ്വസമുദായത്തിലെ പുരോഹിതന്‍ വേണം, സഭാപാരമ്പര്യമനുസരിച്ചുള്ള ആരാധനാക്രമം അനുവര്‍ത്തിക്കണം, പെരുനാളുകളും പ്രദക്ഷിണങ്ങളും മുറതെറ്റാതെ നടക്കണം, വാദ്യമേളങ്ങളും കൊടിതോരണങ്ങളും മുത്തുക്കുടകളും വേണം, തട്ടുകടയും കട്ടന്‍കാപ്പിയും കിട്ടണം… ആയിരക്കണക്കിനു പൌണ്ട് പെരുനാള്‍ ആഘോഷങ്ങള്‍ക്കുവേണ്ടി പൊടിക്കുമ്പോള്‍ ദൈവങ്ങള്‍ പ്രസാദിക്കുമെന്നു വിശ്വസിക്കുന്നവര്‍ ഈ നൂറ്റാണ്ടിലുമുണ്ട് എന്നതല്ലേ ഇത്തരം ആര്‍ഭാടങ്ങള്‍ സൂചിപ്പിക്കുന്നത്? പല പള്ളിക്കമ്മിറ്റികള്‍ക്കും പെരുന്നാള്‍ നടത്തുക എന്നത് അഭിമാനത്തിന്റെ പ്രശ്‌നമാണ്.

നാട്ടില്‍ തിരുനാള്‍ ആഘോഷങ്ങള്‍ ലളിതമാക്കണമെന്നും വിഗ്രഹ പ്രതിഷ കുറയ്ക്കണമെന്നും ഉപദേശിക്കുന്ന സഭാപിതാക്കന്മാര്‍ വിദേശത്ത് വരുമ്പോള്‍ ഇവയെ അത്ഭുതാദരങ്ങളോടെ വീക്ഷിക്കുന്നതു കാണാം. വടക്കു കിഴക്കന്‍ ഇംഗ്ലണ്ടിലെ ഒരു പള്ളിയില്‍ പെരുനാളിനോടനുബന്ധിച്ചു നടന്ന പ്രദക്ഷിണത്തിന്റെ വര്‍ണാഭ കണ്ട് ഇത് ഒളിമ്പിക് ടോര്‍ച്ച് റാലിയാണെന്നു കരുതി തദ്ദേശീയരായ ഇംഗ്ലീഷുകാര്‍ പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നതില്‍ അത്ഭുതപ്പെടാനില്ല. കുറച്ചുകഴിഞ്ഞു ടോര്‍ച്ചിന് പകരം സ്റ്റാച്യൂ കണ്ട് ഇതെന്തു ഷോ എന്നും പറഞ്ഞവര്‍ തിരിച്ചുപോയി.

ജറുസലേം ദേവാലയത്തില്‍ തിരുനാളിനു പോയി അവിടെ കച്ചവടം നടത്തിയിരുന്നവരെ ദേവാലയത്തിനു പുറത്താക്കിയ ക്രിസ്തുവിന്റെ വാക്കുകള്‍ നമുക്കോര്‍ക്കാം: ‘ദൈവം ആത്മാവാണ്. യഥാര്‍ത്ഥ ആരാധകര്‍ അവിടുത്തെ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത്.’

പിന്നാമ്പുറം: നാട്ടില്‍ അവധിക്കു ചെന്നപ്പോള്‍ ഗ്രാമത്തിലെ പള്ളിപ്പെരുനാളിനു പോയ യു. കെ മലയാളിയെ ബോണ്ടയും, പരിപ്പുവടയും, കട്ടന്‍ കാപ്പിയും വില്‍ക്കുന്ന സ്റ്റാളിനടുത്തു പോവാന്‍ സ്റ്റാറ്റസ് അനുവദിച്ചില്ല; തിരികെ യു.കെയിലെത്തി പെരുനാളില്‍ പങ്കെടുത്തപ്പോള്‍ ഇവയൊക്കെ തട്ടുകടയില്‍നിന്നു വാങ്ങി കഴിക്കാതിരിക്കാന്‍ ഗൃഹാതുരത്വവും അനുവദിച്ചില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.