1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2019

സ്വന്തം ലേഖകന്‍: അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്‌കറല്ല, ഡ്രൈവര്‍ അര്‍ജുനാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നു. ഫൊറന്‍സിക് പരിശോധന ഫലം ലഭിച്ചതോടെയാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം സ്ഥിരീകരിച്ചത്. അര്‍ജുന്റെ തലയ്ക്കും കാലിനും ഉണ്ടായിരിക്കുന്ന പരുക്ക്, അമിതവേഗതയില്‍ വാഹനം ഓടിച്ച് മരത്തില്‍ ഇടിക്കുമ്പോള്‍ ഡ്രൈവര്‍ സീറ്റിലിരിക്കുന്ന ഒരാള്‍ക്ക് ഉണ്ടാകുന്ന പരുക്കുകളാണ്. ഇതിലൂടെയാണ് വാഹനം ഓടിച്ചത് അര്‍ജുനാണെന്നും, നല്‍കിയ മൊഴി കളവാണെന്നുമുളള നിഗമനത്തില്‍ ക്രൈംബ്രാഞ്ച് സംഘം എത്തിച്ചേര്‍ന്നത്.

അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചത് ബാലഭാസ്‌കര്‍ എന്നായിരുന്നു അര്‍ജുന്റെ മൊഴി. എന്നാല്‍ ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ കിടക്കുകയായിരുന്നുവെന്നും അര്‍ജുന്‍ ആണ് വാഹനം ഓടിച്ചതെന്നുമാണ് ഭാര്യ ലക്ഷ്മി നല്‍കിയ മൊഴി. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ശാസ്ത്രീയമായ പരിശോധന നടത്തിയത്. അപകടം പുനഃസൃഷ്ടിച്ച് കൂടുതല്‍ തെളിവെടുപ്പ് നടത്തി. വിദഗ്ധരായ ഡോക്ടര്‍മാരുടെ ഉള്‍പ്പെടുത്തി ഫൊറന്‍സിക് സംഘം രൂപീകരിച്ചു. ശാസ്ത്രീയ പരിശോധനകളില്‍ വാഹനം ഓടിച്ചിരുന്നത് അര്‍ജുന്‍ ആണെന്ന് കണ്ടെത്തി.

കൊല്ലത്ത് ജ്യൂസ് കുടിക്കാന്‍ വാഹനം നിര്‍ത്തിയിരുന്നുവെന്നും അതിനുശേഷം വാഹനം ഓടിച്ചത് ബാലഭാസ്‌കറെന്നുമാണ് അര്‍ജുന്‍ നല്‍കിയ മൊഴി. എന്നാല്‍ കൊല്ലത്തുനിന്നും പോകുമ്പോള്‍ വാഹനം ഓടിച്ചത് അര്‍ജുന്‍ ആണെന്ന് ചില ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇവരുടെ രഹസ്യ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. അര്‍ജുനെ വീണ്ടും ചോദ്യം ചെയ്യും. അര്‍ജുനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ ചുമത്തിയേക്കുമെന്നാണ് വിവരം.

എന്നാല്‍ ഏതൊക്കെ വകുപ്പുകളായിരിക്കും ചുമത്തുകയെന്ന് അറിവായിട്ടില്ല. നിയമോപദേശം തേടിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ബാലഭാസ്‌കറിന്റെ അച്ഛന്റെ പരാതിയിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡിജിപി ഉത്തരവിറക്കിയത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.