1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 14, 2018

സ്വന്തം ലേഖകന്‍: കത്തുന്ന മനുഷ്യന്റെ ചിത്രത്തിന് 2018 ലെ വേള്‍ഡ് പ്രസ്സ് ഫോട്ടോ പുരസ്‌കാരം. എ.എഫ്.പി ഫോട്ടോഗ്രാഫര്‍ റൊണാള്‍ഡോ ഷെമിറ്റ് എടുത്ത വെനിസ്വേലയില്‍ സര്‍ക്കാരിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ ശരീരത്തില്‍ തീ കത്തിപടരുമ്പോഴും മുന്നോട്ടു കുതിക്കുന്ന പ്രക്ഷോഭകാരിയുടെ ചിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.

കത്തുന്ന ഒരു രാജ്യത്തിന്റെ മുഴുവന്‍ ഭീകരതയും പേറുന്നതാണ് ചിത്രമെന്ന് വിലയിരുത്തിയാണ് റൊണാള്‍ഡോ ഷെമിറ്റിന് പുരസ്‌കാരം നല്‍കാന്‍ സമിതി തീരുമാനിച്ചത്. പ്രസിഡന്റ് നിക്കോളാസ് മഡുറോയ്‌ക്കെതിരെ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി പോലീസും പ്രക്ഷോഭകരും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെ പകര്‍ത്തിയതാണ് ഈ ചിത്രം.

28കാരനായ വിക്ടര്‍ സലാസര്‍ എന്ന യുവാവാണ് ശരീരത്തില്‍ തീയുമായി ചിത്രത്തിലുള്ളത്. വിക്ടറും മറ്റു സമരക്കാരും ചേര്‍ന്ന് പോലീസിന്റെ ബൈക്ക് തകര്‍ക്കുന്നതിനിടെ ബൈക്കിന്റെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് അഗ്‌നി ആളിപ്പടര്‍ന്നത്. മുഖത്ത് മാസ്‌ക് ധരിച്ചിരുന്ന വിക്ടറിന്റെ ശരീരത്തിലേക്ക് തീ പടരുകയായിരുന്നു. ഭാഗികമായി പൊള്ളലേറ്റ വിക്ടറിന് ജീവാപായം ഉണ്ടായില്ല.

മെക്‌സിക്കോക്കാരനായ ഷെമിറ്റ് എഎഫ്പിക്കുവേണ്ടി 2017 മെയിലാണ് ചിത്രം പകര്‍ത്തിയത്. മറ്റു ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെ സ്‌ഫോടന ശബ്ദം കേട്ട് ഞെട്ടിത്തിരിയുന്നതിനിടെ വളരെ യാദൃശ്ചികമായാണ് തനിക്ക് ഇത്തരമൊരു ചിത്രം ലഭിച്ചതെന്ന് ഷെമിറ്റ് പറയുന്നു.

‘ക്ലാസിക്കല്‍ ഫോട്ടോ’ എന്നാണ് ചിത്രത്തെ വിധികര്‍ത്താക്കളിലൊരാളായ മഗ്ദലേന ഹെരേര വിശേഷിപ്പിച്ചത്. ‘നൈമിഷികമായ ഒരു സന്ദര്‍ഭത്തിന്റെ ഊര്‍ജ്ജവും ചലനാത്മകതയും ഉള്‍ക്കൊള്ളുന്നതും തീവ്ര വൈകാരികതയുണര്‍ത്തുന്നതുമാണ്’ ചിത്രമെന്ന് സമിതി വിലയിരുത്തി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.