1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 25, 2018

സ്വന്തം ലേഖകന്‍: പിണറായിയില്‍ ഒരു കുടുംബത്തിലെ നാലു പേരുടെ ദുരൂഹമരണം; വീട്ടമ്മ അറസ്റ്റില്‍; ചുരുളഴിയുന്നത് ക്രൂരമായ കൊലപാതക കഥ. സംഭവുമായി ബന്ധപ്പെട്ട് കുടുംബാംഗമായ സൗമ്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൗമ്യയെ രാവിലെ പൊലീസ് മഫ്തിയിലെത്തി കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിന് ശേഷം വൈകുന്നേരം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കുടുംബാംഗങ്ങളുടെ മരണങ്ങളെല്ലാം കൊലപാതകമായിരുന്നുവെന്നും താന്‍ കുറ്റമേല്‍ക്കുന്നതായും സൗമ്യ പൊലീസിനോട് സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

2012 സെപ്റ്റംബര്‍ ഒന്‍പതിന് ഒരു വയസ്സുകാരിയായ കീര്‍ത്തന, ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം ജനുവരി 21 ന് കീര്‍ത്തനയുടെ സഹോദരി ഒന്‍പത്‌വയസുകാരി ഐശ്വര്യ, മാര്‍ച്ച് ഏഴിന് വീട്ടമ്മയായ 68 വയസുകാരി കമല, ഏപ്രില്‍ 13 ന് കമലയുടെ ഭര്‍ത്താവ് 78 വയസ്സുള്ള കുഞ്ഞിക്കണ്ണന്‍ എന്നിവരുടെ മരണങ്ങളാണ് കൊലപാതകമെന്ന് വ്യക്തമായത്. കീര്‍ത്തനയുടേയും ഐശ്വര്യയുടെയും മാതാവും കുഞ്ഞിക്കണ്ണന്‍ കമല ദമ്പതികളുടെ മകളുമായ സൗമ്യയാണ് കേസില്‍ അറസ്റ്റിലായത്.

എല്ലാവരും മരിച്ചത് കടുത്ത വയറ് വേദനയേയും ഛര്‍ദിയേയും തുടര്‍ന്നായിരുന്നു. സമാനമായ രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സൗമ്യയും. ഇവിടെ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് പൊലീസ് ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്തത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണമടഞ്ഞവരുടെ ശരീരത്തില്‍ നിന്നും എലിവിഷത്തിന്റയും അലൂമിനിയം ഫോസ്‌ഫേറ്റിന്റെയും അംശങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പൊലീസ്, സൗമ്യയെ കസ്റ്റഡിയിലെടുത്തതും പത്ത്? മണിക്കൂറിലേറെ നീണ്ട നിന്ന ചോദ്യ ചെയ്യലിനൊടുവില്‍ അറസ്റ്റ് ചെയ്തതും.

ഒന്നിന് പിറകെ ഒന്നായുള്ള മരണത്തില്‍ ദുരൂഹത പടര്‍ന്നതോടെ അന്വേഷണം ആരംഭിക്കുകയായിരുന്നു. കിണര്‍ വെള്ളത്തിലെ വിഷാംശവും അണുബാധയുമായിരുന്നു സംശയം. എന്നാല്‍ പരിശോധനയില്‍ ഇതിലൊന്നും അസ്വാഭാവികത ഇല്ലെന്ന് വ്യക്തമായി. അതിന് പിന്നാലെ ഈ വര്‍ഷം ആദ്യം മരണമടഞ്ഞ ഐശ്വര്യയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു. ആന്തരികാവയവങ്ങളുടെ പരിശോധനയില്‍ നിന്നും എലിവിഷത്തിന്റെയും അലുമിനിയം ഫോസ്‌ഫേറ്റിന്റേയും അംശം കണ്ടെത്തിയതോടെ മറ്റ് രണ്ട് പേരുടേയും മൃതദേഹങ്ങളും പോസ്റ്റ് മോര്‍ട്ടം നടത്തി.

ഇതിലും നേരത്തെ കണ്ടെത്തിയ അതേ വിഷാംശം അടങ്ങിയിട്ടുണ്ടെന്ന റിപ്പോര്‍ട്ട് വന്നതോടെ ദുരൂഹതയേറി. ഇതോടെയാണ് ആശുപത്രിയില്‍ കഴിയുന്ന സൗമ്യയെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തത്. വര്‍ഷങ്ങളായി വിവാഹബന്ധം വേര്‍പെടുത്തി കഴിയുന്ന സൗമ്യയുടെ ഫോണ്‍ രേഖകളും പൊലീസ് പരിശോധിച്ചിരുന്നു. സൗമ്യയുമായി ബന്ധമുണ്ടായിരുന്ന ഏതാനും പേരും സംശയനിഴലിലായിരുന്നു. നാലുപേരുടേയും മരണത്തില്‍ ഇവരുടെ പങ്കും പൊലീസ് അന്വേഷിച്ചുവരുകയാണ്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.