1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 22, 2016

സ്വന്തം ലേഖകന്‍: മുഖ്യമന്തി പിണറായി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയില്‍, സ്മാര്‍ട്ട്‌സിറ്റി സംരഭകരുമായി ചര്‍ച്ച നടത്തി. ബുധനാഴ്ച ദുബൈയിലത്തെിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയിലെ സ്മാര്‍ട്ട്‌സിറ്റി സംരംഭകരായ ദുബൈ ഹോള്‍ഡിങ്‌സ് അധികൃതരുമായി എമിറേറ്റ്‌സ് ടവറിലെ ആസ്ഥാനത്ത് ഒരു മണിക്കൂറോളം ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ദുബൈ ഹോള്‍ഡിങ്‌സ് വൈസ് ചെയര്‍മാനും എം.ഡിയുമായ അഹ്മദ് ബിന്‍ ബയാത്തും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.

കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ അടുത്തഘട്ടം എത്രയും വേഗം പൂര്‍ത്തിയാക്കാനും സഹകരണം ശക്തിപ്പെടുത്താനും ധാരണയായതായാണ് സൂചന. ദുബൈ സ്മാര്‍ട്ട് സിറ്റി സി.ഇ.ഒ ജാബിര്‍ ബിന്‍ ഹാഫീസ്, വ്യവസായി എം.എ. യൂസുഫലി, അഡീ. ചീഫ് സെക്രട്ടറി നളിനി നെറ്റോ, ദുബൈ സ്മാര്‍ട്ട് സിറ്റി സി.ഒ.ഒ ഡോ. ബാജു ജോര്‍ജ് തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

246 ഏക്കറില്‍ നിര്‍മിക്കുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ആദ്യ ഘട്ടമായ ആറര ലക്ഷം ചതുരശ്ര അടിയുള്ള എസ്.സി.കെ01ഐ.ടി ടവറിന്റെ ഉദ്ഘാടനം കഴിഞ്ഞ ഫെബ്രുവരിയിലാണ് നടന്നത്. ഇന്ത്യയില്‍തന്നെ ലീഡ് പ്‌ളാറ്റിനം റേറ്റിങ്ങുള്ള ഏറ്റവും വലിയ ഐ.ടി ടവറാണിത്.

മൊത്തം 47 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഏഴു കെട്ടിടങ്ങളുടെ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നു വര്‍ഷംകൊണ്ട് ഇത് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുകൂടി പ്രാവര്‍ത്തികമാകുന്നതോടെ 70,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. പൂര്‍ണാര്‍ഥത്തില്‍ പദ്ധതി യാഥാര്‍ഥ്യമാകുമ്പോള്‍ 88 ലക്ഷം ചതുരശ്ര അടിയോളമായിരിക്കും മൊത്തം വിസ്തീര്‍ണം.

സ്മാര്‍ട്ട് സിറ്റി വ്യാഴാഴ്ച ദുബായില്‍ നടത്തുന്ന ബിസിനസ് മീറ്റിലും മുഖ്യമന്ത്രി പങ്കെടുക്കും. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ മുഖ്യമന്ത്രി വ്യാഴാഴ്ച വൈകീട്ട് സന്ദര്‍ശിക്കും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഷാര്‍ജാ സുല്‍ത്താന് പ്രഖ്യാപിച്ച ഓണററി ഡോക്ടറേറ്റ് സ്വീകരിക്കുന്നതിനായി അദ്ദേഹത്തെ കേരളത്തിലേക്ക് മുഖ്യമന്ത്രി ക്ഷണിക്കും. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും തുടര്‍ന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും. മന്ത്രി പദമേറ്റ ശേഷം പിണറായി വിജയന്‍ നടത്തുന്ന ആദ്യ വിദേശസന്ദര്‍ശനമാണിത്. വെള്ളിയാഴ്ച അദ്ദേഹത്തിന് ദുബായില്‍ പൗരസ്വീകരണവും ഒരുക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.