1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 2, 2020

സ്വന്തം ലേഖകൻ: നികുതി ഇളവ് ലഭിച്ച് കൊണ്ടിരിക്കുന്ന പ്രവാസി ഇന്ത്യക്കാരും ഇന്ത്യയില്‍ നികുതിയടണമെന്ന കേന്ദ്ര ബജറ്റിലെ നിര്‍ദേശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പലര്‍ക്കും പ്രവാസി പദവി നഷ്ടപ്പെടുത്തുന്നതാണ് ബജറ്റിലെ നിര്‍ദ്ദേശമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

“കുടുംബകാര്യങ്ങള്‍ക്ക് നാട്ടില്‍ കഴിയുന്നവര്‍ നികുതി തട്ടിപ്പുകാരല്ല. പ്രവാസികള്‍ നാട്ടില്‍ കുടുംബമുള്ളവരാണെന്ന് ഓര്‍ക്കണം,” മുഖ്യമന്ത്രി പറഞ്ഞു.

എന്‍.ആര്‍.ഐ പദവി ലഭിക്കുന്നതിന് വിദേശത്ത് കഴിയുന്നതിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിച്ചത് പ്രവാസികളോടുള്ള ക്രൂരതയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഗള്‍ഫ് നാടുകളില്‍ ജീവിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ രാജ്യത്ത് നികുതി നല്‍കേണ്ടിയിരുന്നില്ല. ഇതിനാണ് പുതിയ നിര്‍ദേശത്തിലൂടെ മാറ്റം വരുന്നത്. മറ്റ് രാജ്യങ്ങളില്‍ നികുതിയടക്കാന്‍ ബാധ്യതയില്ലാത്തവരെ വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരായി കണക്കാക്കി നികുതിയേര്‍പ്പെടുത്താനാണ് നിര്‍ദേശം. നികുതിയില്ലാത്ത രാജ്യങ്ങളായ യു.എ.ഇ, സൗദി അറേബ്യ പോലുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരെയാണ് പുതിയ നിര്‍ദേശം ബാധിക്കുക.

അതേസമയം ഒരു പൗരനെ പ്രവാസിയായി കണക്കാക്കാനുള്ള ദിവസ പരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ, 182 ദിവസം ഇന്ത്യക്ക് പുറത്ത് താമസിച്ച ഒരു ഇന്ത്യന്‍ പൗരന്‍, അവര്‍ പ്രവാസികളാകും. ഇപ്പോള്‍, നിയമം മാറ്റി, ഇപ്പോള്‍ ഒരു പ്രവാസി ആകുന്നതിന് 240 ദിവസമോ അതില്‍ കൂടുതലോ ഇന്ത്യക്ക് പുറത്ത് താമസിക്കുന്നവരായിരിക്കണം. ഇതും പ്രവാസികള്‍ക്ക് ഇരുട്ടടിയാണ്.

ഇതിന് പുറമെ ഇന്ത്യന്‍ വംശജനായ വിദേശ പൗരന്മാര്‍ക്ക് ഇന്ത്യയില്‍ താമസിക്കുന്നതിനുള്ള കാലാവധി 182 ദിവസത്തില്‍ നിന്ന് 120 ദിവസമായി കുറയ്ക്കാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്.

പ്രവാസി ഇന്ത്യക്കാരും ആദായനികുതിയുടെ പരിധിയിലാകുമെന്ന കേന്ദ്രബജറ്റിലെ തീരുമാനത്തിൽ വിശദീകരണവുമായി കേന്ദ്ര ധനകാര്യമന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്. വിദേശത്ത് നേടുന്ന വരുമാനത്തിന് ഇന്ത്യയിൽ ആർക്കും നികുതി നൽകേണ്ടി വരില്ലെന്ന് നിർമലാ സീതാരാമൻ വ്യക്തമാക്കി. വിദേശത്ത് നികുതിയില്ല എന്നതുകൊണ്ട് ഇന്ത്യയിൽ നികുതിയീടാക്കില്ല. പ്രവാസിക്ക് ഇന്ത്യയിൽ നിന്ന് എന്തെങ്കിലും വരുമാനമുണ്ടെങ്കിൽ അതിന് നികുതി നൽകണം.

വിദേശത്തുള്ള ആസ്തിക്ക് ഇന്ത്യയിൽ എന്തെങ്കിലും വരുമാനം ലഭിച്ചാൽ അതിനും നികുതി നൽകേണ്ടി വരും. അതല്ലാതെ വിദേശത്ത് നിന്ന് നേടുന്ന വരുമാനത്തിന് ഒരു നികുതിയും നൽകേണ്ട എന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കുന്നത്. ഇത് ഗൾഫിലെ ഇന്ത്യക്കാരെ ഒരു തരത്തിലും ബാധിക്കില്ലെന്നും നിർമലാ സീതാരാമൻ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ മറുപടിയിൽ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.