1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2018

സ്വന്തം ലേഖകന്‍: ശബരിമല സ്ത്രീ പ്രവേശനം; എല്‍ഡിഎഫ് സര്‍ക്കാരല്ല വിധിക്ക് കാരണക്കാരെന്ന് മുഖ്യമന്ത്രി; നാടിന്റെ ഒരുമ തകര്‍ക്കാന്‍ ആസൂത്രിത ശ്രമമുണ്ടായി; സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നും വിധി നടപ്പാക്കുമെന്നും പ്രഖ്യാപനം. ശബരിമല സ്ത്രീപ്രവേശത്തിന് ഉത്തരവാദി കേരളസര്‍ക്കാരാണെന്ന പ്രചാരണത്തെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടുതന്നെ രംഗത്തെത്തി. രാഷ്ട്രീയ കക്ഷികളുടെ നിലപാടുകളെ കടുത്തഭാഷയില്‍ വിമര്‍ശിച്ചും പ്രതിഷേധത്തിനിറങ്ങിയവര്‍ കേരളത്തിന്റെ നവോത്ഥാനചരിത്രം മറക്കരുതെന്ന് ഓര്‍മിപ്പിച്ചും കോടതിവിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ബി.ജെ.പി.യും രാഷ്ട്രീയസംഘടനകളും സമരം ശക്തമാക്കുന്നതിനിടെയാണ് പുനഃപരിശോധനാ ഹര്‍ജി സര്‍ക്കാര്‍ നല്‍കില്ലെന്നും വിധി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞത്. ന്യൂഡല്‍ഹിയിലായിരുന്ന മുഖ്യമന്ത്രി തിരിച്ചെത്തിയാല്‍ കോടതിവിധി നടപ്പാക്കുന്നത് സംബന്ധിച്ച് വ്യക്തതവരുമെന്ന് ഉറപ്പുണ്ടായിരുന്നു. അതുപോലെ കാര്യങ്ങള്‍ നടക്കുകയും ചെയ്തു.

പ്രളയകാലത്ത് കണ്ട മതേതര ഐക്യമാണ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. മന്നത്ത് പത്മനാഭന്റെ നവോത്ഥാന ഇടപെടല്‍ ഈ ഘട്ടത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. സമുദായത്തിനുള്ളിലെ അനാചാരങ്ങള്‍ക്കെതിരെയും മന്നത്ത് പത്മനാഭന്‍ പോരാടി. നവോത്ഥാന പ്രസ്ഥാനങ്ങള്‍ സ്ത്രീജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു. കേരളം മുന്നേറിയത് നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെയാണ്. സവര്‍ണ മേധാവിത്വം തകര്‍ത്താണ് നവോത്ഥാനം മുന്നേറിയത്. വൈക്കം സത്യാഗ്രഹം രാജ്യത്തിന് തന്നെ മാതൃകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തെറ്റായ ആചാരങ്ങള്‍ക്കെതിരെ എല്ലാ കാലത്തും പ്രക്ഷോഭമുണ്ടായിരുന്നു. കേരളത്തിന്റെ സാമൂഹ്യ ചരിത്രം കൂടി വിലയിരുത്തി വേണം വിധിയെ കാണാന്‍. സര്‍ക്കാര്‍ നിലപാടല്ല സുപ്രീംകോടതി വിധിയിലേക്ക് എത്തിച്ചത്. മാസ പൂജകള്‍ക്ക് പ്രായ വ്യത്യാസമില്ലാതെ സ്ത്രീകള്‍ വരാറുണ്ടായിരുന്നു.ഈ വാദം ഹൈക്കോടതിയിലെ കേസില്‍ ഉയര്‍ന്നിരുന്നു. യുവതീപ്രവേശനം വിലക്കുന്ന കോടതി ഉത്തരവ് എല്‍ഡിഎഫ് സര്‍ക്കാരുകളും പാലിച്ചു.

വിധിക്കെതിരെ സമരം ചെയ്യുന്ന കോണ്‍ഗ്രസിന്റേത് വര്‍ഗീയ നിലപാടെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബിജെപിക്ക് വളരാനേ കോണ്‍ഗ്രസ് നിലപാട് സഹായിക്കൂ. സമരം ചെയ്യുന്നവര്‍ നാടിന്റെ ഒരുമ തകര്‍ക്കാന്‍ ശ്രമിക്കുന്നു. സാമൂഹിക പരിഷ്‌കരണങ്ങളിലൂടെയാണ് കേരളം മുന്നേറിയതെന്ന് ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസികളുമായി ഏറ്റുമുട്ടുക എന്നത് സര്‍ക്കാര്‍ നയമല്ലെന്നും തെറ്റിധാരണ തിരുത്താന്‍ ആരുമായും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.