1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 20, 2019

സ്വന്തം ലേഖകന്‍: പിങ്ക് നിറത്തിലുള്ള പെയിന്റ് പൂശിയ ഒരു വീട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു. സതേണ്‍ കാലിഫോര്‍ണിയയിലെ മാന്‍ഹട്ടന്‍ ബീച്ചിലുള്ള ഈ വീട് ‘പിങ്ക് ഇമോജി ഹൗസ്’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഭൂരിഭാഗവും പിങ്ക് നിറത്തില്‍ പെയിന്റടിച്ച വീടിന്റെ പുറംചുമരില്‍ വലിയ രണ്ട് ഇമോജികളും കാണാം. കടുംപിങ്ക് നിറവും ഇമോജികളും തന്നെയാണ് വീടിനെ ശ്രദ്ധേയമാക്കിയത്. അല്‍പസ്വല്‍പം വിവാദത്തിലും ഈ പിങ്ക്ഹൗസ് പെടുകയുണ്ടായി.

വീടിനുടമയായ കാതറിന്‍ കിഡ് വീട് വാടകയ്ക്കു വച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. മാന്‍ഹട്ടന്‍ ബീച്ച് നഗരത്തിലെ നിയമത്തിന് വിരുദ്ധമായി ഹ്രസ്വകാലത്തേക്ക് വാടകയ്ക്ക് വീട് നല്‍കുന്നതിനായി ലിസ്റ്റ് ചെയ്തതാണ് കാരണമായത്. വീട് വാടകയ്ക്ക് നല്‍കുന്നതിനു പിഴയായി കാതറിന്‍ മൂന്നുലക്ഷത്തോളം രൂപ അടച്ചു. തുടര്‍ന്ന് ദീര്‍ഘകാലത്തേക്ക് വീട് വാടകയ്ക്ക് നല്‍കാന്‍ തീരുമാനിച്ചപ്പോല്‍ വീട് ഒന്നു പെയിന്റടിച്ച് ഭംഗിയാക്കാമെന്നും കരുതി. എന്നാല്‍ വൈകാതെ അയല്‍വാസികള്‍ പരാതികളായി രംഗത്തെത്തി.

കണ്ണുകളെ അലോസരപ്പെടുത്തുന്ന പെയിന്റാണ് കാതറിന്‍ പൂശിയതെന്നും തങ്ങളോടുള്ള പ്രതികാരത്തിന്റെ ഭാഗമായാണതെന്നുമാണ് അയല്‍വാസികള്‍ പരാതിപ്പെട്ടത്. വീടിന്റെ ചുമരില്‍ ഇമോജികള്‍ ചിത്രീകരിച്ചത് തങ്ങളെ കളിയാക്കുന്നതിന്റെ ഭാഗമായാണെന്നും അവര്‍ ആരോപിച്ചു. തമാശ കലര്‍ന്ന ചിരിയോടെയുള്ള ഇമോജിയും വായയ്ക്കു മുകളില്‍ സിപ് ചെയ്ത വിധത്തിലുള്ള ഇമോജിയുമാണ് ചുമരില്‍ ഉണ്ടായിരുന്നത്. എന്നാല്‍ താന്‍ കലയെ സ്‌നേഹിക്കുന്നയാളും ഇമോജികള്‍ തനിക്ക് ഏറെ പ്രിയപ്പെട്ടവയുമാണെന്നാണ് കാതറിന്റെ വാദം.

വിവാദങ്ങള്‍ക്കെല്ലാമൊടുവില്‍ വീട് വില്‍പനയ്ക്ക് വച്ചിരിക്കുകയാണ് കാതറിന്‍. വിവാദ വീട് ഓണ്‍ലൈനില്‍ തരംഗമായതോടെ വീട്ടിലേക്ക് സന്ദര്‍ശകരും ഒഴുകിത്തുടങ്ങി. വിനോദസഞ്ചാരികളുടെ വരവ് വര്‍ധിച്ചതോടെ അയല്‍ക്കാര്‍ വീണ്ടും പരാതികളുമായി രംഗത്തെത്തി. ഇതോടെയാണ് വീട് വില്‍പനയ്ക്ക് വെക്കാന്‍ കാതറിന്‍ തീരുമാനിച്ചത്. ഒന്നും രണ്ടുമല്ല പന്ത്രണ്ടുകോടിയോളം രൂപയ്ക്കാണ് വീട് വില്‍പനയ്ക്കു വച്ചിരിക്കുന്നത്. ഒമ്പതുകോടിയോളം മുടക്കിയാണ് കാതറിന്‍ മാര്‍ച്ചില്‍ ഈ വീട് സ്വന്തമാക്കിയത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല