1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2019

സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി മോദി ഇന്ന് കേരളത്തില്‍; കൊല്ലം ബൈപ്പാസ് രാജ്യത്തിന് സമര്‍പ്പിക്കും; നാട്ടുകാരുടെ കാത്തിരിപ്പ് സഫലമാകുന്നത് നാലു പതിറ്റാണ്ടുകള്‍ക്ക് ശേഷം. വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ബൈപ്പാസിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കൊല്ലം നഗരത്തിലെത്താതെ എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്ക് തിരക്കില്‍പ്പെടാതെ യാത്ര ചെയ്യാന്‍ കഴിയുന്നതാണ് നിര്‍ദിഷ്ട ബൈപ്പാസ്.

1972ല്‍ ടി.കെ ദിവാകരന്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോഴാണ് ഈ ആശയം മുന്നോട്ട് വച്ചത്. പലപ്പോഴായി നിര്‍മ്മാണം പൂര്‍ത്തിയാക്കി. മേവറം മുതല്‍ അയത്തില്‍ വരെയുള്ള പാത 1993ലും അയത്തില്‍ കല്ലുംതാഴം ഭാഗം 1999ലും പൂര്‍ത്തിയായി. ആല്‍ത്തറമൂട് മുതല്‍ മേവറം വരെ ബന്ധിപ്പിക്കുന്ന സമാന്തര പാതയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാന കാലഘട്ടത്തിലാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ തുല്യ പങ്കാളിത്തത്തോടെ ബൈപ്പാസ് നിര്‍മ്മാണം പുനരാരംഭിക്കുന്നത്. പിന്നീട് വന്ന ഇടത് സര്‍ക്കാര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി. പണി പൂര്‍ത്തീകരിച്ചത് മുതല്‍ ബൈപ്പാസിന്റെ പിതൃത്വം ഏറ്റെടുത്ത് രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തി. ഉദ്ഘാടനത്തെ ചൊല്ലിയുള്ള വിവാദം പുകയുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ വരവ്.

ഉദ്ഘാടനത്തിനു മണിക്കൂറുകള്‍ മാത്രം ശേഷിക്കേ കൊല്ലം ബൈപാസിനെ ചൊല്ലി രാഷ്ട്രീയപോര് തുടരുകയാണ്. ബൈപാസ് കടന്നുപോകുന്ന പ്രദേശത്തെ ഇടത് എംഎല്‍എമാര്‍ക്കും നഗരസഭാ മേയര്‍ക്കും വേദിയില്‍ ഇരിപ്പിടം നല്‍കാത്തതാണു പുതിയ വിവാദം. പരിപാടിയുടെ മോടി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി ബിജെപിയും രംഗത്തെത്തി. ഇരവിപുരം, കൊല്ലം, ചവറ നിയമസഭാ മണ്ഡലങ്ങളിലൂടെയാണു ബൈപാസ് കടന്നുപോകുന്നത്. കൊല്ലം എംഎല്‍എ എം.മുകേഷിനു മാത്രമാണു വേദിയില്‍ ഇടം അനുവദിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.