1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2019

സ്വന്തം ലേഖകന്‍: വൈദികരും ബിഷപ്പുമാരും കന്യാസ്ത്രീകളെ പീഡിപ്പിച്ച സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്; തുറന്ന് പറച്ചിലുമായി മാര്‍പാപ്പ; പ്രശ്‌നം വത്തിക്കാന്‍ ഗൗരവമായി പരിഗണിക്കുന്നതായും വെളിപ്പെടുത്തല്‍. യുഎഇയിലെ സന്ദര്‍ശനത്തിനു ശേഷം മടങ്ങുന്നതിനിടെ വിമാനത്തില്‍ ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സഭയ്ക്കുള്ളില്‍ കന്യാസ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ടെന്നും മാര്‍പാപ്പ സമ്മതിച്ചു. ആദ്യമായാണ് കത്തോലിക്ക സഭയുടെ തലവന്‍ ലൈംഗികപീഡനത്തെ കുറിച്ച് പരസ്യപ്രതികരണം നടത്തുന്നത്.

സഭയിലെ എല്ലാവരും ഇതില്‍ പെടുന്നില്ലെന്നും എന്നാല്‍ ചില പുരോഹിതര്‍ ഇത്തരത്തില്‍ പെരുമാറുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും സഭ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. 1990 മുതല്‍ ആഫ്രിക്കയില്‍ കന്യാസ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു.

ലൈംഗികമായി വൈദികര്‍ ചൂഷണം ചെയ്യുന്നത് മാത്രമല്ല ലൈംഗിക അടിമകളാക്കിയ ഒരു സംഭവവും ഉണ്ടായിട്ടുണ്ട്. തന്റെ മുന്‍ഗാമി ബെനഡിക്ട് മാര്‍പാപ്പ കന്യാസ്ത്രീകളെ വൈദികര്‍ ചൂഷണം ചെയ്ത സംഭവത്തിന്റെ പേരില്‍ ഒരു സഭ ഒന്നാകെ നിര്‍ത്തലാക്കിയ കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. ഗൗരവകരമായ ഈ വിഷയത്തെക്കുറിച്ച് സഭയ്ക്ക് നല്ല ബോധ്യമുണ്ട്. ഇത് തടയാനുള്ള നടപടികള്‍ എടുത്തുവരുകയാണ്.

പല സ്ഥലങ്ങളിലും ഇത് നടക്കുന്നുണ്ടാകാം. എന്നാല്‍ പുതിയ ചില സഭകളിലും ചില പ്രദേശങ്ങളിലുമാണ് പരാതി വന്നിട്ടുള്ളത്. പല വൈദികരേയും സഭ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്. ഈ പ്രശ്‌നത്തെ വത്തിക്കാന്‍ ഏറെക്കാലമായി അഭിമുഖീകരിക്കുന്നുണ്ട്

പ്രതികാരനടപടികളെ കുറിച്ചുള്ള ഭയമാണ് കന്യാസ്ത്രീകളെ പീഡനത്തെ കുറിച്ച് നിശബ്ദരാകാന്‍ പ്രേരിപ്പിക്കുന്നതെന്ന് വത്തിക്കാന്‍ ദിനപ്പത്രമായ ഓസെര്‍വറ്റോര്‍ റൊമാനോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വര്‍ഷങ്ങളായി സഭയ്ക്കുള്ളില്‍ കന്യാസ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നായിരുന്നു ഓസെര്‍വറ്റോര്‍ റൊമാനോയുടെ റിപ്പോര്‍ട്ട്.

ഈ പരാതികള്‍ക്ക് നേരെ സഭ കണ്ണടച്ചാല്‍ നിലവിലെ സ്ഥിതിയെക്കാള്‍ പരിതാപകരമാവാനാണ് സാധ്യതയെന്നായിരുന്നു റിപ്പോര്‍ട്ട്. പുരോഹിതര്‍ കുട്ടികളുടെ പിതൃത്വം ഏറ്റെടുക്കാന്‍ തയ്യാറല്ലാത്തതു കൊണ്ട് കന്യാസ്ത്രീകള്‍ ഗര്‍ഭഛിദ്രത്തിന് വിധേയരാകുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

മാധ്യമറിപ്പോര്‍ട്ടിനെ തുടര്‍ന്ന് 110 രാജ്യങ്ങളിലെ കത്തോലിക്ക ബിഷപ്പുമാരെയും മതനേതാക്കന്മാരെയും പ്രത്യേക ചര്‍ച്ചകള്‍ക്കായി മാര്‍പാപ്പ ക്ഷണിച്ചിട്ടുണ്ട്. ഫെബ്രുവരി 21 മുതല്‍ 24 വരെ നടക്കുന്ന ചര്‍ച്ചകളില്‍ നിര്‍ണായക തീരുമാനങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.