1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2017

 

സ്വന്തം ലേഖകന്‍: പ്രശസ്ത നടിയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ സംഭവം, പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, കേസില്‍ കുടുക്കിയതാണെന്നും നിരപരാധിത്വം തെളിയിക്കാന്‍ അവസരം തരണമെന്നും പ്രതികള്‍, മുങ്ങിയ പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നു. നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പെരുമ്പാവൂര്‍ സ്വദേശി സുനില്‍ എന്ന പള്‍സര്‍ സുനി, തലശേരി സ്വദേശി വി.പി. ബിജീഷ്, തമ്മനം സ്വദേശി മണികണ്ഠന്‍ എന്നിവരാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. നടിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ കുടുക്കിയതാണെന്നും നിരപാധിത്വം തെളിയിക്കാന്‍ അവസരം നല്‍കണമെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ.

കഴിഞ്ഞ 17 ന് രാത്രി 7.30 ന് ആലുവ അത്താണിയില്‍നിന്നും നടിയെ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. നെടുമ്പാശേരി പോലീസ് എട്ട് വകുപ്പുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 342, 366, 376, 506 (1), 120 (ബി), വകുപ്പുകള്‍ പ്രകാരം തടഞ്ഞുവയ്ക്കല്‍, തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഗശ്രമം, ഭീഷണിപ്പെടുത്തല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളും അപകീര്‍ത്തികരമായ ദൃശ്യങ്ങളെടുക്കാന്‍ ശ്രമിച്ചതിന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ 66 (ഇ), 67 (എ) വകുപ്പുകളും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.

നടിയെ തട്ടിക്കൊണ്ടുപോയെന്ന ആരോപണം തികച്ചും തെറ്റാണെന്നും രണ്ടാം പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തങ്ങളെ പ്രതി ചേര്‍ത്തിട്ടുള്ളതെന്നും ഹര്‍ജിയില്‍ പറയുന്നു. തങ്ങള്‍ക്ക് ഈ കേസുമായി യാതൊരു ബന്ധവുമില്ല. കോടതി നിര്‍ദേശിക്കുന്ന എല്ലാ വ്യവസ്ഥകളും പാലിക്കാന്‍ തയാറാണ്. അന്വേഷണവുമായി സഹകരിക്കുമെന്നും ആവശ്യമെങ്കില്‍ സെക്യൂരിറ്റി തുക കെട്ടിവയ്ക്കാമെന്നും ഒരു രീതിയിലും അന്വേഷണത്തില്‍ ഇടപെടില്ലെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

പ്രതികള്‍ക്കായി പോലീസ് പരക്കംപായുമ്പോള്‍ സുനി അടക്കമുള്ള പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത് നേരിട്ടെത്തിയാണെന്ന് അഭിഭാഷകന്‍ ഇ.സി പൗലോസ് വെളിപ്പെടുത്തി. നടി ആക്രമിക്കപ്പെട്ട അന്നേദിവസം തന്നെയാണ് ഇവന്‍ തന്നെ കാണാന്‍ എത്തിയതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. ഇവര്‍ പാസ്‌പോര്‍ട്ട്, മൊബൈല്‍ഫോണ്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ തന്നെ ഏല്‍പ്പിച്ചിരുന്നുവെന്നും അവ ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.

അതേസമയം സംഭവ സമയത്ത് തങ്ങള്‍ വാഹനത്തില്‍ ഉണ്ടായിരുന്നില്ലെന്ന് നിലവില്‍ കസ്റ്റഡിയിലുള്ള പ്രതികളായ സലീം, പ്രദീപ് എന്നിവര്‍ മൊഴി നല്‍കി. തങ്ങള്‍ കളമശേരിയില്‍ നിന്ന് കാറില്‍ കയറി പാലാരിവട്ടത്ത് ഇറങ്ങുകയായിരുന്നെന്ന് ഇരുവരും മൊഴി നല്‍കി. അതിന് ശേഷമാണ് ആക്രമണം നടന്നത്. സുനി, വിജീഷ്, മണികണ്ഠന്‍ എന്നിവരാണ് നടിയെ ആക്രമിച്ചതെന്നും ഇരുവരും പറയുന്നു. കേരളം മുഴുവന്‍ പോലീസ് വലവിരിച്ചിട്ടും മുഖ്യ ആസൂത്രകന്‍ പള്‍സര്‍ സുനിയും കൂട്ടാളികളും കുടുങ്ങാത്തത് പ്രതികള്‍ക്ക് സിനിമാ മേഖലയിലെ ഉന്നതരുമായുള്ള ബന്ധമാണെന്നും കേസ് ഒത്തുതീര്‍ക്കാന്‍ അണിയറയില്‍ നീക്കം നടക്കുന്നതുകൊണ്ടാണെന്നും ആരോപണം ഉയരുന്നുണ്ട്.

തട്ടിക്കൊണ്ടുപോയ സംഘത്തില്‍ സുനി മാത്രമാണ് നടിയെ ഉപദ്രവിച്ചതെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ച വിവരം. മറ്റുള്ളവര്‍ നടിയെ ഉപദ്രവിക്കുന്ന ഫോട്ടോകള്‍ എടുക്കുകയായിരുന്നു. പലഘട്ടങ്ങളായാണ് ഇവര്‍ വാഹനത്തില്‍ കയറിയത്. അവസാനം വാഹനത്തില്‍ കയറിയത് സുനിയാണെന്നാണു വിവരം. മുഖം മറച്ചാണ് ഇയാള്‍ കാറില്‍ കയറിയതെന്നും മുന്നോട്ടുനീങ്ങിയപ്പോഴാണു തിരിച്ചറിഞ്ഞതെന്നും നടി മൊഴി നല്‍കി. തിരിച്ചറിഞ്ഞെന്നു മനസിലായപ്പോള്‍ നടപ്പാക്കുന്നത് മലയാളത്തിലെ ഒരു പ്രമുഖ നായകന്റെ ക്വട്ടേഷനാണെന്നും എതിര്‍ത്താല്‍ കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാവുമെന്നും സുനി ഭീഷണിപ്പെടുത്തിയതായി നടി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അതിനിടെ കേസില്‍ മുഖ്യപ്രതികളില്‍ ഒരാള്‍കൂടി പിടിയിലായതായി റിപ്പോര്‍ട്ടുണ്ട്. പള്‍സര്‍ സുനിക്കൊപ്പമുണ്ടായിരുന്ന മണികണ്ഠന്‍ എന്നയാളാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാലക്കാട് നിന്നാണ് ഇയാള്‍ പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് വിജീഷ്, പള്‍സര്‍ സുനി എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.