1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2017

 

സ്വന്തം ലേഖകന്‍: പ്രശസ്ത നടിയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ സംഭവം, മുഖ്യപ്രതിയെ പിടികൂടാനാകാതെ പോലീസ്. നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ മണികണ്ഠനില്‍ നിന്നും പോലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. താന്‍ നടിയെ ഉപദ്രവിച്ചില്ലെന്നും എല്ലാം ചെയ്തത് പള്‍സര്‍ സുനിയാണെന്നും നടിയെ ആക്രമിച്ച കേസില്‍ പിടിയിലായ പ്രതി മണികണ്ഠന്‍. സുനിയുടെ പിന്നില്‍ ആരെങ്കിലും ഉണ്ടോയെന്ന് തനിക്കറിയില്ലെന്നും മണികണ്ഠന്‍ പോലീസിനോട് പറഞ്ഞു. നടിയെ തട്ടിക്കൊണ്ടുപോയതിന്റെ ആദ്യാവസാനം സുനിയോടൊപ്പം മണികണ്ഠനും കണ്ണൂര്‍ സ്വദേശിയായ വിജീഷും ഉണ്ടായിരുന്നു.

കേസിലെ മുഖ്യ പ്രതികളായ പള്‍സര്‍ സുനിയും വിജീഷും തമിഴ്‌നാട്ടിലേക്കാണ് മുങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കീഴടങ്ങാമെന്ന തന്റെ ആവശ്യം ഇരുവരും ചേര്‍ന്ന തള്ളുകയായിരുന്നെന്നും ഫോണ്‍ കോളില്‍ സംശയം തോന്നിയ സുനി ഫോണ്‍ കട്ട് ചെയ്യുകയായിരുന്നെന്നും മണികഠന്‍ പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ നടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരെ ഉടന്‍ ചോദ്യംചെയ്യും. സിനിമാ സെറ്റില്‍നിന്ന് വിട്ട കാറില്‍ വരുമ്പോഴാണ് നടി ആക്രമണത്തിനിരയായത്. മുഖ്യപ്രതി പള്‍സര്‍ സുനിയും കാറോടിച്ച മാര്‍ട്ടിനും സെറ്റില്‍ ജോലിചെയ്തവരാണ്.

സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂരാണ് നടിയെ കൊണ്ടുവരാന്‍ മാര്‍ട്ടിനെ നിയോഗിച്ചത്. സെറ്റിലെ ഡ്രൈവറെന്ന നിലയിലുള്ള പരിചയത്തിനപ്പുറം സുനിയെപ്പറ്റി വിവരങ്ങളൊന്നുമറിയില്ലെന്നാണ് മനോജ് പറയുന്നത്. അനൂപ് എന്ന ഡ്രൈവര്‍ അവധിയില്‍ പോയപ്പോള്‍ സുനിക്ക് ചുമതല നല്‍കുകയായിരുന്നു. മറ്റ് അടുപ്പമൊന്നും സുനിയുമായി ഇല്ലെന്നും ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ള കാര്യം അറിയില്ലായിരുന്നുവെന്നും മനോജ് പറയുന്നു.

നടിയെ ആക്രമിച്ചത് ക്വട്ടേഷന്‍ സംഘമാണെന്ന് എന്ന് ഏതാണ്ട് വ്യക്തമായിട്ടുണ്ട്. എന്നാല്‍, ആരുടെ ക്വട്ടേഷന്‍ എന്ന കാര്യത്തിലാണ് ഇതുവരെ വ്യക്തത കൈവരാത്തത്. ഒരു മാസത്തോളം നീണ്ട ഗൂഢാലോചനക്ക് ശേഷമാണ് നടി ആക്രമിക്കപ്പെട്ടതെന്നാണ് സൂചന. പള്‍സര്‍ സുനിക്കും കൂട്ടാളി വിജീഷിനും വേണ്ടി തമിഴ്‌നാട്ടിലും കേരളത്തിലുമായി അഞ്ച് സംഘങ്ങളായാണ് പോലീസ് വലവീശിയിരുക്കുന്നത്.

സുനി കോടതിയില്‍ കീഴടങ്ങുമെന്ന പ്രതീക്ഷയില്‍ എറണാകുളം, ആലപ്പുഴ ജില്ലകളിലെ കോടതികളുടെ പരിസരത്ത് ബുധനാഴ്ചയും പോലീസ് കാവലുണ്ടായിരുന്നു. എത്രയു പെട്ടെന്ന് പ്രതികളെ പിടികൂടുമെന്ന് അവകാശപ്പെട്ട് അന്വേഷണം തുടങ്ങിയ പോലീസിന് ഇതുവരേയും പ്രധാന പ്രതികളെക്കുറിച്ച് തുമ്പുണ്ടാക്കാന്‍ കഴിയാത്തത് തലവേദനയായിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.