1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 20, 2017

 

സ്വന്തം ലേഖകന്‍: ആക്രമിക്കപ്പെട്ട നടിക്കു പിന്നില്‍ ഒറ്റക്കെട്ടായി അണിനിരന്ന് മലയാളാ സിനിമാ കുടുംബം, പ്രതികളെ എത്രയും പെട്ടെന്ന് അഴികള്‍ക്കുള്ളില്‍ എത്തിക്കണമെന്ന് ആവശ്യമുയരുന്നു. മലയാളത്തിലെ പ്രശസ്ത യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൊച്ചിയില്‍ താരസംഘടനയായ അമ്മ സംഘടിപ്പിച്ച പ്രതിഷേധത്തിലാണ് താരങ്ങള്‍ പിന്തുണ വ്യക്തമാക്കിയത്. കൊച്ചി ദര്‍ബാര്‍ ഹാളില്‍ നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ മമ്മൂട്ടി അടക്കമുള്ള താരങ്ങളും കമല്‍, രഞ്ജിത്ത് ഉള്‍പ്പെടെ പ്രമുഖ സംവിധായകരും പങ്കെടുത്തു.

നടിക്കെതിരായ ആക്രമണത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പറഞ്ഞ നടി മഞ്ജു വാര്യര്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും കൂട്ടിച്ചേര്‍ത്തു. ആക്രമിക്കപ്പെട്ട ആ സഹോദരി പ്രതിരോധത്തിന്റെ പ്രതീകമാണെന്ന് മമ്മൂട്ടി പറഞ്ഞു. പൗരുഷം സ്ത്രീയെ കീഴ്‌പ്പെടുത്തുന്നതല്ല. സംരക്ഷിക്കുന്നവനാണ് പുരുഷന്‍. ഞങ്ങളുടെ സഹോദരിക്ക് സംഭവിച്ച ഈ ദുരന്തത്തില്‍ അവരുടെ ദുഃഖത്തില്‍ പങ്കുചേരുകയാണ്. ഒറ്റയ്ക്കല്ല, നിന്നെ ഇഷ്ടപ്പെടുന്ന ഒരു വലിയ സമൂഹം ഇവിടെയുണ്ട്. സര്‍ക്കാരും പോലീസുമുണ്ട്. നീ പ്രതിരോധിക്കുക ഞങ്ങള്‍ ഒപ്പമുണ്ട്, മമ്മൂട്ടി വ്യക്തമാക്കി.

ആക്രമിക്കപ്പെട്ടതിനു ശേഷം നടി അഭയം തേടിയെത്തിയത് സംവിധായകനും നടനും നിര്‍മ്മാതാവുമായ ലാലിന്റെ വീട്ടിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ നടന്ന സംഭവം വിവരിക്കുമ്പോള്‍ സംവിധായകന്‍ ലാലിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. പേടിച്ചരണ്ട് വീട്ടിലേക്ക് കയറിവന്ന നടി തന്റെ ഞെഞ്ചിലേക്ക് വീണ് പൊട്ടിക്കരയുകയായിരുന്നെന്ന് ലാല്‍ പറഞ്ഞു. പുലര്‍ച്ചെ തന്നെ നടിയുടെ പ്രതിശ്രുത വരനും വീട്ടുകാരും തന്റെ വീട്ടിലെത്തി. അവര്‍ ഭാവനയ്ക്ക് പുര്‍ണ്ണ പിന്തുണയാണ് നല്‍കിയത്. ആദ്യം മണിക്കൂറുകളില്‍ സംഭവം പുറത്തറിയരുതെന്ന നിലപാടിലായിരുന്നു നടി. എന്നാല്‍ പ്രതിശ്രുത വരനടക്കം പിന്തുണ നല്‍കിയതോടെ എവിടെയും തുറന്ന് പറയാമെന്നും പരാതി നല്‍കാമെന്നും നടി തീരുമാനിക്കുകയായിരുന്നു.

ലാല്‍ താന്‍ സാക്ഷിയായ രംഗങ്ങള്‍ വിവരിച്ചപ്പോള്‍ കേട്ടിരുന്ന മറ്റ് താരങ്ങളുടെയും കണ്ണ് നിറഞ്ഞു. മലയാള സിനിമാ മേഖലയില്‍ ക്രിമിനല്‍വല്‍ക്കരണം നടന്നു കൊണ്ടിരിക്കുകയാണെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു. ഇതിനെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ആദ്യമായാണ് മലയാള സിനിമയില്‍ ഇത്തരം ദാരുണ സംഭവം നടക്കുന്നതെന്ന് അമ്മയുടെ പ്രസിഡന്റും എം.പിയുമായ ഇന്നസെന്റ് പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ നമ്മുടെ നാട്ടില്‍ ഉണ്ടാകാറില്ല. സംഭവത്തില്‍ വലിയ ദുഃഖമുണ്ട്. കാര്യങ്ങള്‍ പോലീസ് ഭംഗിയായി കേസ് കൈകാര്യം ചെയ്യുന്നുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു.

സിനിമാതാരത്തിനെതിരായ ആക്രമണം സ്വന്തം വീടിനകത്തേക്ക് തന്നെ നോക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സിനിമാരംഗത്തെ ഒരാള്‍ക്ക് സംഭവിച്ചു എന്നതിനേക്കാള്‍ ദൈവത്തിന്റെ സ്വന്തം നട്ടില്‍ ഇത് സംഭവിച്ചു എന്നതാണ് കൂടുതല്‍ വിഷമകരമെന്നും ദിലീപ് പറഞ്ഞു. സംഭവത്തില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇനിയൊരാള്‍ക്കും ഇത്തരത്തിലൊരു അനുഭവമുണ്ടാകരുതെന്നും അതിനായി ഉറച്ച് നില്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

നടന്‍മാരായ ജയസൂര്യ, മനോജ് കെ. ജയന്‍, കാളിദാസന്‍, സിദ്ധിഖ്. സംവിധായകരായ രഞ്ജിത്ത്, ജോഷി, മേജര്‍ രവി തുടങ്ങിയവരും യോഗത്തില്‍ സംസാരിച്ചു. സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവ്, എം.എല്‍.എമാരായ ഹൈബി ഈഡന്‍, പി.ടി തോമസ് എന്നിവരും പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.