1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2016

സ്വന്തം ലേഖകന്‍: പോര്‍ച്ചുഗല്‍ യൂറോപ്പിന്റെ ഫുട്‌ബോള്‍ രാജാക്കന്മാര്‍, ഫ്രാന്‍സിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. ആതിഥേയരായ ഫ്രാന്‍സിനെ കീഴ്ടടക്കി പോര്‍ച്ചുഗല്‍ തങ്ങളുടെ ആദ്യ യൂറോ കപ്പ് കിരീടം സ്വന്തമാക്കി. സാഞ്ചസിനു പകരക്കാരനായി ഇറങ്ങിയ എഡറാണ് എക്‌സ്ട്രാ ടൈമില്‍ പോര്‍ച്ചുഗലിന്റെ വിജയ ഗോള്‍ നേടിയത്.

2004 ല്‍ യൂറോ കപ്പ് ഫൈനലിലെത്തിയതാണ് പോര്‍ച്ചുഗലിന്റെ ഇതിനുമുമ്പുള്ള വലിയ നേട്ടം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിക്കേറ്റതിനെ തുടര്‍ന്ന് ഗ്രൗണ്ട് വിട്ടെങ്കിലും അദ്ദേഹത്തെ സാക്ഷിയാക്കിയാണ് അവസാന നിമിഷങ്ങളില്‍ പോര്‍ച്ചുഗീസ് താരങ്ങള്‍ കളി സ്വന്തമാക്കിയത്.

23 ആം മിനിറ്റില്‍ പയറ്റിന്റെ ഫൗളില്‍ കാല്‍മുട്ടിനു പരിക്കേറ്റാണ് റൊണാള്‍ഡോ ഗ്രൗണ്ട് വിട്ടത്. വേദന സഹിക്കാനാകാതെ കരഞ്ഞു കൊണ്ട് റൊണാള്‍ഡോ ഗ്രൗണ്ട് വിട്ടത് ആരാധകരെ നിരാശയിലാക്കി. മത്സരത്തില്‍ മേധാവിത്വം ഫ്രാന്‍സിനായിരുന്നു. നിരവധി ഗോളവസരങ്ങള്‍ പാഴാക്കിയശേഷമാണ് ഫ്രാന്‍സ് ഗോള്‍ വഴങ്ങിയത്.

ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഇരു ടീമും ഗോളൊന്നും നേടാത്തതിനെ തുടര്‍ന്ന് മത്സരം എക്‌സ്ട്രാ ടൈമിലേക്കു നീങ്ങുകയായിരുന്നു. മത്സരത്തിന്റെ തുടക്കം മുതല്‍ ഫ്രാന്‍സിനായി ഗ്രീസ്മാനും ജിറാഡും ഗോള്‍ അടിക്കാന്‍ ശ്രമം നടത്തിയെങ്കിലും അതൊന്നും ഫലവത്തായില്ല. അധികസമയത്തിലെ 19 ആം മിനിറ്റിലാണ് എഡറിന്റെ ലോംഗ് റേഞ്ച് ഷോട്ട് ഫ്രഞ്ച് ഗോളിയേയും മറികടന്ന് വലയിലെത്തിയത്.

മൂന്നാമതു യൂറോ കപ്പ് കിരീടം നേടാമെന്ന സ്വപ്നമാണ് ഇതോടെ ഫ്രാന്‍സിന് നഷ്ടമായത്. 1984 ലും 2000 ലുമാണ് ഫ്രാന്‍സ് യൂറോയില്‍ കിരീടം നേടിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.