1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 4, 2016

സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ പ്രവാസി ഭാരതീയ കേന്ദ്രം തുറന്നു, യാഥാര്‍ഥ്യമാകുന്നത് നീണ്ട കാലത്തെ പ്രവാസികളുടെ ആവശ്യം. കേന്ദ്രത്തിന്റെ ഉദ്ഘാടനം ഗാന്ധിജയന്തി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. പ്രവാസിയായി രാജ്യംവിട്ട മഹാത്മജി നാടിന്റെ വിളി കേട്ട് മടങ്ങിയത്തെിയതില്‍ പ്രവാസികള്‍ക്ക് പാഠമുണ്ടെന്ന് മോദി പറഞ്ഞു.
പ്രവാസികള്‍ ഇന്ത്യയുടെ കരുത്താണ്. ആ കരുത്ത് ഉപയോഗപ്പെടുത്തിയാല്‍ ഇന്ത്യയെ മാറ്റിമറിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉദ്ഘാടനച്ചടങ്ങില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, സഹമന്ത്രിമാരായ വി.കെ. സിങ്, എം.ജെ. അക്ബര്‍ തുടങ്ങിയവരും പങ്കെടുത്തു.
പ്രവാസി പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിക്കപ്പെട്ട എല്‍.എം. സിങ്വിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയാണ് ദേശീയ തലസ്ഥാനത്ത് പ്രവാസികള്‍ക്കായി ഒരു കേന്ദ്രം വേണമെന്ന നിര്‍ദേശം 2002ല്‍ മുന്നോട്ടുവെച്ചത്.

പ്രവാസികളും പിറന്ന നാടും തമ്മിലുള്ള ബന്ധത്തെ കൂട്ടിയിണക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇടമെന്നായിരുന്നു ലക്ഷ്യം. 2004 ല്‍ ഡല്‍ഹിയില്‍ നടന്ന രണ്ടാമത് പ്രവാസി ദിവസ് സമ്മേളനത്തില്‍ ഇന്ദ്രപ്രസ്ഥത്തില്‍ ‘പ്രവാസി ഭാരതീയ ഭവന്‍’ നിര്‍മിക്കുമെന്ന് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി പ്രഖ്യാപനം നടത്തി. പിന്നീട് തഴയപ്പെട്ട പദ്ധതി 2011 ലാണ് വീണ്ടും സജീവമായത്.

2011 ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തറക്കല്ലിട്ട പ്രവാസി ഭാരതീയ ഭവന്‍ ആറു വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ മോദി സര്‍ക്കാര്‍ പേര് ‘പ്രവാസി ഭാരതീയ കേന്ദ്ര’ എന്നാക്കി മാറ്റി. വിദേശ രാജ്യങ്ങളുടെ എംബസികള്‍ സ്ഥിതിചെയ്യുന്ന ചാണക്യപുരിയില്‍ ഡോ. റിസല്‍ മാര്‍ഗിലാണ് പ്രവാസി ഭാരതീയ കേന്ദ്ര.

ഇന്ത്യന്‍ പ്രവാസത്തിന്റെ ചരിത്രം പറയുന്ന മ്യൂസിയം, അത്യാധുനിക ഓഡിറ്റോറിയം, ചെറിയ സമ്മേളന ഹാളുകള്‍ എന്നിവക്കൊപ്പം പ്രവാസികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏതാനും സര്‍ക്കാര്‍ ഏജന്‍സികളുടെ ഓഫിസുകളും കേന്ദ്രത്തിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.