1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2015

സ്വന്തം ലേഖകന്‍: പ്രേമം ചോര്‍ച്ച, 40 ഓളം പേര്‍ ഉടന്‍ പിടിയിലാകുമെന്ന് സൂചന. കേസുമായി ബന്ധമുള്ള 40 ഓളം പേര്‍ നിരീക്ഷണത്തിലാണെന്ന് പോലീസ് അറിയിച്ചു. സെന്‍സര്‍കോപ്പി ചോര്‍ത്തിയ ആദ്യയാളെയും അപ്‌ലോഡ് ചെയ്ത അവസാനത്തെ കണ്ണിയെയും കിട്ടിയതോടെ, ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരാണ് ഇനി പിടിയിലാകാനുള്ളത്.

ഇപ്പോള്‍ പിടിയിലായ പ്രതികള്‍ മോഹന്‍ലാലിന്റേതുള്‍പ്പെടെ ഈ വര്‍ഷമിറങ്ങിയ നിരവധി ചിത്രങ്ങള്‍ ചോര്‍ത്തിയിരുന്നു. സെന്‍സറിങ്ങിന് വരുന്ന ചിത്രങ്ങള്‍ പകര്‍ത്തി സുഹൃത്തുകള്‍ക്ക് കൈമാറുന്നത് പതിവാണെങ്കിലും വ്യാപകമായി പ്രചരിച്ചത് ആദ്യമായാണ്.

പോലീസ് നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ ഏറെയും കൊല്ലം ജില്ലയിലുള്ളവരാണ്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ സെന്‍സറിങ്ങിന് നല്‍കിയ ഭൂരിപക്ഷം സിനിമകളും മൂന്നംഗസംഘം പകര്‍ത്തിയെടുത്തതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. സെന്‍സറിങ്ങിന് കൊണ്ടുവരുന്ന സി.ഡി., ഡി.വി.ഡി. എന്നിവ സെന്‍സറിങ് ഓഫീസര്‍ അറിയാതെ കൈക്കലാക്കി അത് ലാപ്‌ടോപ്പ് വഴി പെന്‍ഡ്രൈവില്‍ കോപ്പി ചെയ്യുകയാണ് രീതി.

കഴിഞ്ഞ മെയ് 19ന് ഇവര്‍ പെന്‍ഡ്രൈവില്‍ പകര്‍ത്തിയതിനും അന്നുതന്നെ ഇവരുടെ സ്വകാര്യ ലാപ്‌ടോപ്പില്‍ സിനിമ കണ്ടതിനും തെളിവുണ്ടെന്ന് പോലീസ് പറഞ്ഞു. ആയിരത്തോളം പേരെ ചോദ്യംചെയ്ത ശേഷമാണ് സിനിമ ചോര്‍ത്തിയവരെ പോലീസിന് കണ്ടെത്താനായത്. മൂന്നുപേരേയും ആദ്യം ചോദ്യംചെയ്തപ്പോള്‍ത്തന്നെ പോലീസിന് സംശയമുണ്ടായിരുന്നു.

പിന്നീട് ഇവരുടെ ഫോണ്‍വിളിയും ചാറ്റിങ്ങും പോലീസ് പരിശോധിച്ചതോടെ അരുണ്‍കുമാര്‍ ഒളിവില്‍പ്പോയി. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.