1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2019

സ്വന്തം ലേഖകന്‍: വാഹനാപകടം ഉണ്ടാക്കിയതിന് തൊട്ടുപിന്നാലെ സീറ്റ് ബെല്‍റ്റിടാതെ കാറോടിച്ച് ഫിലിപ് രാജകുമാരന്‍; താക്കീത് നല്‍കിയതായി പോലീസ്. തൊണ്ണൂറ്റേഴുകാരനായ ഫിലിപ്പ് രാജകുമാരന്‍ കാറപകടത്തിനു 48 മണിക്കൂറിനകം സീറ്റ് ബെല്‍റ്റിടാതെ കാറോടിച്ച ചിത്രമാണ് വിവാദമായത്.

എസിലബത്ത് രാജ്ഞിയുടെ ഭര്‍ത്താവായ ഫിലിപ്പ് വ്യാഴാഴ്ച ഓടിച്ച ലാന്‍ഡ് റോവര്‍ ഒരു കാറുമായി കൂട്ടിയിടിച്ച് രണ്ടു സ്ത്രീകള്‍ക്കു പരിക്കേറ്റിരുന്നു. ഫിലിപ്പിന്റെ കാര്‍ മറിഞ്ഞെങ്കിലും അദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കിഴക്കന്‍ ഇംഗ്ലണ്ടില്‍ എലിസബത്ത് രാജ്ഞിയുടെ സാന്ദ്രിങാം എസ്റ്റേറ്റിനു സമീപമായിരുന്നു അപകടം.

ഫിലിപ്പ് മറ്റൊരു ലാന്‍ഡ് റോവര്‍ സാന്ദ്രിങാമിലൂടെ ഓടിച്ചുപോകുന്ന ചിത്രമാണ് പുറത്തുവന്നത്. കണ്ണട വച്ചിരിക്കുന്ന അദ്ദേഹം സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നില്ലെന്നു ചിത്രത്തില്‍ വ്യക്തമായി. ഫോട്ടോയെക്കുറിച്ച് അറിയാമെന്നും ഡ്രൈവര്‍ക്ക് വേണ്ട ഉപദേശം നല്കിയെന്നുമാണ് പോലീസിന്റെ പ്രതികരണം. സീറ്റ്‌ബെല്‍റ്റ് ഇടാതെ വാഹനമോടിക്കുന്നത് 500 പൗണ്ട് വരെ പിഴയിടാവുന്ന കുറ്റമാണെങ്കിലും ആദ്യ വട്ടം ഉപദേശിച്ചു വിടുന്നതാണ് പതിവുരീതിയെന്നാണ് പൊലീസ് ന്യായം.

ഇതിനിടെ, തങ്ങള്‍ കൊല്ലപ്പെടാമായിരുന്നിട്ടും ഫിലിപ്പ് ക്ഷമ ചോദിച്ചില്ലെന്ന് അപകടത്തില്‍ കൈ ഒടിഞ്ഞ എമ്മ ഫെയര്‍വെതര്‍ പറഞ്ഞു. ഇവരുടെ കാറില്‍ ഒമ്പതു മാസം പ്രായമുള്ള കുഞ്ഞും ഉണ്ടായിരുന്നെങ്കിലും അപകടമൊന്നും പറ്റാതെ രക്ഷപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.