1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 15, 2019

സ്വന്തം ലേഖകന്‍: കഴിഞ്ഞ വര്‍ഷത്തെ പ്രളയക്കെടുതിയില്‍ നടി മല്ലിക സുകുമാരന്റെ തിരുവനന്തപുരത്തെ വീട്ടില്‍ വെള്ളം കയറിയിരുന്നു. മല്ലികയെ അന്ന് വലിയൊരു ചെമ്പിലിരുത്തി രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതും വലിയ ചര്‍ച്ചയായിരുന്നു. ഈ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ മല്ലികയെ പരിഹസിച്ച് നിരവധിപേര്‍ രംഗത്തെത്തി. കേരളത്തിലെ റോഡുകളുടെ ദയനീയാവസ്ഥയെക്കുറിച്ച് മല്ലിക നടത്തിയ പരാമര്‍ശമായിരുന്നു അതിന് കാരണം.

കഴിഞ്ഞ പ്രളയത്തില്‍ ഓഗസ്റ്റ് 15നായിരുന്നു മല്ലികയുടെ വീട്ടില്‍ വെള്ളം കയറിയത്. ഇത്തവണ ഓഗസ്റ്റ് 15 ആയപ്പോള്‍ ഈ സംഭവം ഓര്‍ത്തെടുക്കയാണ് മല്ലിക. മഴ കനത്തപ്പോള്‍ തന്നെ മകന്‍ പൃഥ്വിരാജ് തനിക്ക് മുന്നറിയിപ്പ് നല്‍കിയെന്ന് ഒരു മാധ്യമത്തിലെഴുതിയ ഓര്‍മകുറിപ്പില്‍ മല്ലിക പറഞ്ഞു.

ചൊവ്വാഴ്ച രാത്രി പൃഥ്വിരാജ് വിളിച്ച് പറഞ്ഞു. ‘അമ്മേ, നെയ്യാറും അരുവിക്കരയും തുറന്നിട്ടുണ്ട്. വേഗം മാറിക്കോളൂ, അല്ലെങ്കില്‍ ചെമ്പില്‍ കയറി പോകേണ്ടി വരും’. ‘ഒന്ന് പേടിപ്പിക്കാതിരിയെടാ..’ എന്നു പറഞ്ഞാണ് ഞാന്‍ ഫോണ്‍ വച്ചത് മല്ലിക പറഞ്ഞു.

മൂന്ന് വര്‍ഷം മുന്‍പ് ഒരു അഭിമുഖത്തില്‍ റോഡുകളുടെ മോശം അവസ്ഥയെപ്പറ്റി മല്ലിക പ്രതികരിച്ചിരുന്നു. പൃഥ്വിരാജിന്റെ ആഡംബര വാഹനമായ ലംബോര്‍ഗിനി എത്തിക്കാന്‍ പര്യാപ്തമായ റോഡുകള്‍ കേരളത്തിലില്ല എന്നാണ് മല്ലിക പറഞ്ഞത്. ഇതിന്റെ ചുവട് പിടിച്ചായിരുന്നു സോഷ്യല്‍ മീഡിയ പ്രളയത്തിന്റെ ചിത്രങ്ങള്‍ പ്രചരിച്ചപ്പോള്‍ മല്ലികയ്‌ക്കെതിരെ ട്രോളുമായി രംഗത്തിറങ്ങിയത്.

തനിക്കെതിരേ വന്ന പരിഹാസങ്ങളെക്കുറിച്ച് മല്ലിക അന്ന് പ്രതികരിച്ചത് ഇങ്ങനെ, ‘ഞാ!ന്‍ കഴിവതും ഇതിനൊന്നും പ്രതികരിക്കാന്‍ പോകാറില്ല. കേരളത്തിലെ തൊഴിലില്ലായ്മ ഇത്രത്തോളം രൂക്ഷമാണെന്നു ബോധ്യപ്പെട്ടത് ഈ ട്രോളുകള്‍ കണ്ട ശേഷമാണ്. ഇനി അതിലൂടെ കുറച്ചു പേര്‍ക്ക് സന്തോഷം ലഭിക്കുന്നുണ്ടെങ്കില്‍ അങ്ങനെയാകട്ടെ. പരിഹസിക്കുന്നവരോട് എനിക്ക് പറയാനുള്ളത്, അവരുടെ നിലപാടില്‍ സത്യസന്ധത വേണമെന്നാണ്. ഒന്നുകില്‍ ശുദ്ധമായ നര്‍മമായിരിക്കണം. അല്ലെങ്കില്‍ കാമ്പുള്ള വിമര്‍ശനങ്ങളായിരിക്കണം. സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വരുന്ന പല ട്രോളുകളും വെറുപ്പും വിദ്വേഷവും ഉളവാക്കുന്നതാണ്.’

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.