1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2018

സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം; നട്ടംതിരിഞ്ഞ് യാത്രക്കാര്‍. വിദ്യാര്‍ഥികളുടേതുള്‍പ്പെടെ ബസ്ച്ചാര്‍ജ് വര്‍ധന അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് സ്വകാര്യബസുകള്‍ വെള്ളിയാഴ്ച മുതല്‍ അനിശ്ചിതകാല സമരം തുടങ്ങി. മിനിമം ചാര്‍ജ് വര്‍ധന ഒരു രൂപയിലൊതുക്കിയത് സ്വീകാര്യമല്ല. വിദ്യാര്‍ഥികളുടെ സൗജന്യയാത്രാ ഇളവ് 50 ശതമാനം കുറയ്ക്കണമെന്നും ബസ്സുടമകളുടെ സംയുക്ത സമരസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സ്വകാര്യ ബസുകളില്‍ 60 ശതമാനത്തോളം യാത്രക്കാര്‍ വിദ്യാര്‍ഥികളാണ്. ഇവരുടെ യാത്രക്കൂലി കൂട്ടുകയോ അധികബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുകയോ ചെയ്യാതെ വ്യവസായം മുന്നോട്ടുപോകില്ല. യാത്രക്കൂലി വര്‍ധിപ്പിച്ചില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം നല്‍കേണ്ടെന്നാണ് സംയുക്ത സമരസമിതിയുടെ തീരുമാനം. ശാശ്വതപരിഹാരം ഉണ്ടായില്ലെങ്കില്‍ തിങ്കളാഴ്ചമുതല്‍ വിവിധ സംഘടനകളിലെ ഓരോ ഭാരവാഹികള്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങും സംയുക്ത സമരസമിതി ചെയര്‍മാന്‍ ലോറന്‍സ് ബാബു പറഞ്ഞു.

മിനിമം ചാര്‍ജ് പത്തുരൂപയാക്കണമെന്നാവശ്യപ്പെട്ട് പ്രഖ്യാപിച്ച സമരത്തില്‍നിന്ന് പിന്നോട്ടുപോകേണ്ടതില്ലെന്ന് കൊച്ചിയില്‍ ചേര്‍ന്ന ബസ്സുടമകളുടെ യോഗം തീരുമാനിക്കുകയായിരുന്നു. ബസ്ച്ചാര്‍ജ് വര്‍ധന സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ സമിതി വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് 25 ശതമാനം വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശചെയ്തിരുന്നു. എന്നാല്‍, ഒരു ശതമാനത്തില്‍ താഴെമാത്രമാണ് വര്‍ധനയുണ്ടായത്.

വിദ്യാര്‍ഥികളുടെ യാത്രാനിരക്കിന് പുറമേ സൗജന്യയാത്രയ്ക്ക് പ്രായപരിധി നിശ്ചയിക്കുക, സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ പുതുക്കിനല്‍കുക, വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക, റെഗുലേറ്ററി കമ്മിറ്റിക്ക് രൂപംനല്‍കുക, പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി. പരിധിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ബസ്സുടമകള്‍ മുന്നോട്ടുവെച്ചിരുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.