1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 29, 2017

സ്വന്തം ലേഖകന്‍: സ്പീക്കര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാസിഡോണിയന്‍ പാര്‍ലമെന്റില്‍ കൂട്ടത്തല്ല്, നൂറിലേറെ പേര്‍ക്ക് പരുക്ക്. പുതിയ സ്പീക്കറെ തെരഞ്ഞെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് മാസിഡോണിയന്‍ പാര്‍ലമെന്റിലേക്ക് ദേശീയവാദികള്‍ നടത്തിയ പ്രതിഷേധ പ്രകടനമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. മുഖം മറച്ച നിരവധി പ്രതിഷേധക്കാര്‍ പൊലീസ് പ്രതിരോധ നിരയെ മറികടന്ന് വ്യാഴാഴ്ച പാര്‍ലമെന്റ് കെട്ടിടത്തില്‍ പ്രവേശിക്കുകയായിരുന്നു. ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു.

മാസിഡോണിയന്‍ പതാകയേന്തി ദേശീയ ഗാനം ചൊല്ലിയാണ് പ്രതിഷേധക്കാരെത്തിയത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പ്രതിപക്ഷ പാര്‍ട്ടിയായ സോഷ്യല്‍ ഡെമോക്രാറ്റ്‌സി (എസ്.ഡി.എസ്.എം)ന്റെ നേതാവ് സോറന്‍ സേവിനും പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധക്കാര്‍ പ്രസ് റൂമിലെ കസേരകള്‍ എടുത്തെറിയുകയും രക്ഷപ്പെടാന്‍ ശ്രമിച്ച എസ്.ഡി.എസ്.എം വനിത നേതാവിന്റെ മുടിക്കു പിടിച്ച് വലിച്ചിഴക്കുകയും ചെയ്തു.

പൊലീസ് ഉദ്യോഗസ്ഥരും എം.പിമാരും മാധ്യമ പ്രവര്‍ത്തകരുമടക്കം 102 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ആഭ്യന്തരമന്ത്രി അഗിം നുഹു അറിയിച്ചു. വെള്ളിയാഴ്ചയോടെ സ്ഥിതി സമാധാനപരമായതായും പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കൂടുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നുഹു വ്യക്തമാക്കി. കഴിഞ്ഞ ദിവസം എസ്.ഡി.എസ്.എമ്മും അല്‍ബേനിയന്‍ പാര്‍ട്ടികളും തലത് സാഫരിയെ സ്പീക്കറായി തെരഞ്ഞെടുത്തതാണ് ദേശീയവാദികളെ പ്രകോപിപ്പിച്ചത്.

എസ്.ഡി.എസ്.എം, അല്‍ബേനിയന്‍ പാര്‍ട്ടികളുടെ സഖ്യം ദേശീയ ഐക്യത്തിന് ഭീഷണിയാണെന്ന് കണ്‍സര്‍വേറ്റിവ് വി.എം.ആര്‍.ഒ, ഡി.പി.എം.എന്‍.ഇ പാര്‍ട്ടിയെ പിന്തുണക്കുന്ന ദേശീയവാദികള്‍ ആരോപിക്കുന്നു. മുന്‍ സ്പീക്കര്‍ ആ ദിവസത്തെ സമ്മേളനം അവസാനിപ്പിച്ച ശേഷം പുതിയ സ്പീക്കറെ തെരഞ്ഞെടുത്തത് ചട്ടവിരുദ്ധമാണെന്നാണ് ഇവരുടെ വാദം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.