1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2019

സ്വന്തം ലേഖകന്‍: ധീരജവാന്മാര്‍ക്ക് രാജ്യത്തിന്റെ പ്രണാമം; അന്തിമോപചാരം അര്‍പ്പിച്ച് പ്രധാനമന്ത്രിയും രാഹുല്‍ഗാന്ധിയും; സൈനികന്റെ മൃതദേഹം തോളിലേറ്റി രാജ്‌നാഥ് സിങ്. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സി.ആര്‍.പി.എഫ്. ജവാന്‍മാര്‍ക്ക് രാജ്യത്തിന്റെ ആദരം. ഡല്‍ഹി പാലം വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അന്തിമോപചാരമര്‍പ്പിച്ചു.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ തന്ത്രപ്രധാന മേഖലകളെല്ലാം കടുത്ത സുരക്ഷാവലയത്തിലാണ്. പ്രധാനമന്ത്രിക്ക് പുറമെ പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും സൈനിക മേധാവികളും പുഷ്പചക്രമര്‍പ്പിച്ചു. രാജ്യത്തിനായി ജീവന്‍ ബലി നല്‍കിയ ധീരജവാന്‍മാരുടെ ശവമഞ്ചം തോളിലേറ്റിയ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വികാരാധീനനായാണ് ശ്രീനഗറില്‍ നടന്ന അന്തിമോപചാരചടങ്ങുകളില്‍ പങ്കെടുത്തത്.

പാലം വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയില്‍ പ്രത്യേകം തയാറാക്കിയ ചടങ്ങിലാണ് പ്രധാനമന്ത്രിയും മറ്റുള്ളവരും രാജ്യത്തിന്റെ ആദരാഞ്ജലികള്‍ അര്‍പിച്ചത്. ഇവിടെ നിന്ന് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ വീരമൃത്യുവരിച്ച സൈനികരുടെ നാടുകളിലേക്ക് എത്തിക്കുമെന്നാണ് വിവരം.

ഗുരുതരമായി പരുക്കേറ്റവരെയും വിദഗ്ധ ചികില്‍സയ്ക്കായി രാജ്യതലസ്ഥാനത്ത് എത്തിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര അതിര്‍ത്തികളിലും പ്രധാനനഗരങ്ങളിലും സുരക്ഷശക്തമാക്കി. ആക്രമണം നടന്ന അവന്തിപോര ദേശീയപാത 6 ദിവസത്തേയ്ക്ക് അടച്ചു. ദേശീയ അന്വേഷണ ഏജന്‍സിക്ക് പുറമേ രഹസ്യാന്വേഷണ ഏജന്‍സിയായ റോയും ആക്രമണത്തിനു പിന്നിലെ ഗൂഡാലോചന അന്വേഷിക്കുന്നുണ്ട്.

രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തരഅവലോകനയോഗത്തില്‍ മേഖലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിയന്ത്രണം രണ്ടാഴ്ചയ്ക്ക്കൂടി നീട്ടാനും തീരുമാനിച്ചു. പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ ജീവത്യാഗം ചെയ്ത മലയാളി ജവാന്‍ വി.വി വസന്തകുമാറിന്റെ ഭൗതിക ശരീരം ഇന്ന് കരിപ്പുരിലെത്തിക്കും. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങിയ ശേഷം, വസന്ത കുമാര്‍ പഠിച്ചിറങ്ങിയ ലക്കിടിയിലെ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ പൊതു ദര്‍ശനത്തിന് വെക്കും.

പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ വയനാട്ടിലെ തൃകൈപ്പറ്റയിലെ കുടുംബ ശ്മശാനത്തിലായിരിക്കും സംസ്‌കാരം. വയനാട് വൈത്തിരി വില്ലേജിലെ ലക്കിടി കുന്നത്തിടവക പരേതനായ വാഴക്കണ്ടി വാസുദേവന്റെയും ശാന്തയുടെയും മകനാാണ് വി.വി.വസന്തകുമാര്‍. സി.ആര്‍.പി.എഫ്. 82ാം ബറ്റാലിയന്‍ അംഗമാണ്. ഭാര്യയും രണ്ടു കുട്ടികളും അടങ്ങിയതാണ് കുടുംബം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.