1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2019

സ്വന്തം ലേഖകന്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ കൂടുതല്‍ തെളിവുകളുമായി ഇന്ത്യ; ആക്രമണത്തിന് പിന്നില്‍ മസൂദ് അസ്ഹര്‍; ആസൂത്രണം ചെയ്തത് പാക് സൈനിക ആശുപത്രിയില്‍ വെച്ച്; പൊഖ്‌റാനില്‍ വന്‍ ശക്തിപ്രകടനവുമായി ഇന്ത്യന്‍ വ്യോമസേന; ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി സര്‍വകക്ഷി യോഗം. രാജ്യം നേരിടുന്ന ഭീകരവാദ ഭീഷണിക്കെതിരെ അണിനിരക്കാന്‍ സൈന്യത്തിന് രാജ്യത്തെ പ്രധാന രാഷ്ട്രീയ കക്ഷികളുടെ പിന്തുണ.

പുല്‍വാമയില്‍ 40 സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശനിയാഴ്ച തലസ്ഥാനത്ത് ചേര്‍ന്ന സര്‍വ കക്ഷിയോഗത്തിലാണ് തീരുമാനം. പാക്കിസ്ഥാനെ പേരെടുത്തു പരാമര്‍ശിച്ചില്ലെങ്കിലും അതിര്‍ത്തി കടന്നെത്തുന്ന ഭീകരവാദത്തെ അയല്‍രാജ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതായി യോഗം വിലയിരുത്തി. ഈ വെല്ലുവിളികളെ നേരിടാനുള്ള ദൃഢനിശ്ചയത്തില്‍ രാജ്യത്തെ എല്ലാവര്‍ക്കും ഒരൊറ്റ ശബ്ദമായിരിക്കും.
ഭീകരവാദത്തിനെതിരെ പോരാടുന്നതിനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസംരക്ഷിക്കുന്നതിനും സൈനികര്‍ക്കൊപ്പം എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്നും പ്രമേയത്തില്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, ജ്യോതിരാദിത്യ സിന്ധ്യ, ശിവസേന നേതാവ് സഞ്ജയ് റാവത്ത്, സിപിഐ നേതാവ് ഡി.രാജ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ കക്ഷി നേതാക്കള്‍ പങ്കെടുത്തു.

പുല്‍വാമ ഭീകരാക്രമണത്തില്‍ കൂടുതല്‍ തെളിവുകളുമായി ഇന്ത്യ. ആക്രമണം ആസൂത്രണം നടത്തിയത് ജെയ്‌ഷെ തലവന്‍ മസൂദ് അസ്ഹര്‍. പാക് സൈനിക ആശുപത്രിയിലാണ് ആസൂത്രണം നടത്തിയതെന്ന് റിപ്പോര്‍ട്ട്. സഹോദര പുത്രനെ കൊന്നതിന് പ്രതികാരം ചെയ്യണമെന്ന് ശബ്ദസന്ദേശം ജെയ്‌ഷെ മുഹമ്മദ് ക്യാമ്പിലേക്ക് അയച്ചു. തെളിവുകള്‍ രാജ്യാന്തര ഏജന്‍സിക്ക് കൈമാറും. അതേസമയം, അതിര്‍ത്തിയിലെ ഭീകരക്യാമ്പുകള്‍ പാകിസ്താന്‍ ഒഴിപ്പിക്കുന്നതായി സൂചന. ഇന്ത്യയുടെ മിന്നലാക്രമണം മുന്നില്‍ കണ്ടാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപുര നഗരത്തിന് സമീപമാണ് ഭീകരാക്രമണമുണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സി.ആര്‍.പി.എഫിന്റെ വാഹന വ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റി സ്‌ഫോടനം നടത്തുകയായിരുന്നു. ആക്രമണത്തില്‍ 44 സൈനികര്‍ കൊല്ലപ്പെടുകയും 40ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യാ പാക് ബന്ധത്തില്‍ വിള്ളല്‍ വീണതിന് പിന്നാലെ ആയുധ പ്രഹരശേഷിയുടെ കരുത്ത് കാട്ടി വ്യോമസനയുടെ അഭ്യാസ പ്രകടനം. രാജസ്ഥാനിലെ പൊഖ്‌റാനിലാണ് വായൂ ശക്തി എന്ന പേരില്‍ വ്യോമസേനയുടെ അഭ്യാസം നടക്കുന്നത്. മിഗ് 21, മിഗ് 29, മിഗ്27,സുഖോയ്30 എംകെഐ, മിറാഷ്2000, തേജസ്, ഹോക്ക്എം.കെ 132, ജഗ്വാര്‍ എന്നീ യുദ്ധവിമാനങ്ങള്‍, സി130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് എന്ന് ചരക്കു നീക്കത്തിനുപയോഗിക്കുന്ന വിമാനം എന്നിവയാണ് വ്യോമാഭ്യാസത്തിലുള്ളത്.

ഇവയ്ക്ക് പുറമെ എം.ഐ17 വി5, എം.ഐ35, എച്ച്.എ.എല്‍ രുദ്ര എന്നീ ഹെലികോപ്റ്ററുകളും ആകാശ് മിസൈലുകളും ഉപയോഗിച്ച് വമ്പന്‍ വ്യോമാഭ്യാസ പ്രകടനമാണ് പൊഖ്‌റാനില്‍ നടക്കുന്നത്. അഭ്യാസ പ്രകടനത്തിന്റെ തത്സമയ സംപ്രേക്ഷണം വ്യോമസേനയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പെജില്‍ കൂടി നടക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.